തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ചു മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഗവർണർ സഭയെ കൊഞ്ഞനം കുത്തിയെന്ന് കുഞ്ഞാലിക്കുട്ടി വിമർശിച്ചു. സർക്കാരിന്റെ നയപ്രഖ്യാപനം പൂർണമായും വായിക്കാതെ മടങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി പി കെ കുഞ്ഞാലികുട്ടി വിമർശിച്ചു.

ഗവർണർ വരുന്നത് കണ്ടു പോകുന്നതും കണ്ടു എന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. പ്രതിപക്ഷ നിരയിലേക്ക് ഗവർണർ നോക്കിയത് പോലുമില്ലെന്നും, ഇത് നിയമസഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം നിയമസഭയിൽ സർക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവിധ വിഷയങ്ങൾ ഉണ്ട്. സർക്കാരിന്റെ കയ്യിൽ ഒന്നിനും കാശില്ല. നന്നായി പ്രവർത്തിക്കാനും പറ്റുന്നില്ല. സർക്കാർ നിശ്ചലമായി നിൽക്കുകയാണ്. അത് നിയമസഭയിൽ പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

കേന്ദ്രത്തിൽനിന്ന് ഫണ്ട് വാങ്ങി എടുക്കേണ്ട ആദ്യ ചുമതല സംസ്ഥാനത്തിന്റേതാണ്. അതിൽ വീഴ്ച ഉണ്ടായിട്ടുണ്ട്. ഉഭയകക്ഷി ചർച്ച ആരംഭിച്ചിട്ടുണ്ട്. യുഡിഎഫുമായി ആദ്യ റൗണ്ട് ചർച്ച കഴിഞ്ഞതിനുശേഷമേ പാർട്ടിയുടെ കാര്യങ്ങൾ പറയാൻ കഴിയൂ. അധിക സീറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എല്ലാം ആദ്യ റൗണ്ട് ചർച്ച കഴിഞ്ഞശേഷം ലീഗിന്റെ തീരുമാനം അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗം ഒരു ഖണ്ഡികയിൽ ഒതുക്കിയ ഗവർണറുടെ അസാധാരണ നടപടിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തുവന്നിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി നിയമസഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. സർക്കാരും ഗവർണറും തമ്മിലുള്ള നാടകത്തിന്റെ അന്ത്യമാണ് നിയമസഭയിൽ കണ്ടത്. സർക്കാർ പ്രതിരോധത്തിലാകുമ്പോൾ ഗവർണർ രക്ഷയ്ക്കെത്തുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ പരിഹാസം. ഗവർണർ നിയമസഭയെ കൊഞ്ഞനംകുത്തിയെന്നാണ് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

നയപ്രഖ്യാപനം ഒരുമിനിറ്റിൽ ഒതുക്കിയ ഗവർണർക്ക് നേരെ മാത്രമല്ല സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെയും പ്രതിപക്ഷ നേതാക്കൾ വിമർശനമുയർത്തി. സർക്കാരിന്റേത് പൊള്ളയായ നയപ്രഖ്യാപന പ്രസംഗമാണെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. ഇത്രയും മോശമായ നയപ്രഖ്യാപന പ്രസംഗം കേരള ചരിത്രത്തിലുണ്ടായിട്ടില്ല. ജനങ്ങളുടെ പ്രതിസന്ധികളെക്കുറിച്ച് നയപ്രഖ്യാപന പ്രസംഗത്തിൽ ഒന്നും പറയുന്നില്ല. പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെതിരെ കാര്യമായ വിമർശനമൊന്നുമുണ്ടായിരുന്നില്ല. കേന്ദ്ര ഏജൻസികളെ ഭയന്ന് ഡൽഹിയിലെ സമരം മുഖ്യമന്ത്രി സമ്മേളനമാക്കി മാറ്റിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നീക്കങ്ങളെത്തുടർന്ന് സഭ നാടകീയമായി ഇന്നത്തേക്ക് പിരിഞ്ഞിരിക്കുകയാണ്. നയപ്രഖ്യാപനവേളയിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് ഭരണഘടനാപരമായ ദൗത്യം നിറവേറ്റുന്നതായി ഗവർണർ സൂചിപ്പിക്കുകയായിരുന്നു. കേന്ദ്രസർക്കാരിനെതിരെയുള്ള രൂക്ഷ വിമർശങ്ങൾ ഉൾക്കൊള്ളുന്ന നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഗവർണർ വായിക്കാതെ ഒഴിവാക്കി. ഇതിന് പിന്നാലെ സ്പീക്കർ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിക്കുകയായിരുന്നു.