മലപ്പുറം: സിപിഎം നേതാവ് അനിൽകുമാറിന്റെ തട്ടം പരാമർശത്തിനെതിരെ വിമർശനവുമായി പിഎംഎ സലാം. തട്ടം തലയിലുള്ളതുകൊണ്ട് രാജ്യപുരോഗതിക്ക് എന്ത് തടസമാണ് ഉള്ളതെന്നും തട്ടം ഉപയോഗിക്കുന്ന മുസ്ലിം യുവതികൾ ആരും മലപ്പുറത്ത് അത് ഉപേക്ഷിച്ചിട്ടില്ലെന്നും മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാം. സിപിഎം നേതാവ് കെ അനിൽകുമാറിന്റെ 'വിവാദതട്ടം' പരാമർശത്തിലാണ് സലാമിന്റെ പ്രതികരണം. രാഷ്ട്രീയ ഭരണകാര്യങ്ങൾക്കപ്പുറം വിശ്വാസങ്ങളിലേക്ക് സിപിഎം കടന്നുകയറുകയാണെന്നും സലാം ആരോപിച്ചു.

കമ്യൂണിസ്റ്റുകാർ ഇത്രയും കാലം പ്രവർത്തിച്ചത് പട്ടിണി മാറ്റാനാണോ അതോ തട്ടം മാറ്റാനാണോയെന്നും സലാം ചോദിച്ചു. ഇത് സംബന്ധിച്ച് പാർട്ടി നേതൃത്വം മറുപടി പറയണം. പാർട്ടിയുടെ നയം പറയേണ്ടത് പാർട്ടി നേതാക്കാളാണ്. അല്ലാതെ ഏതെങ്കിലും വഴിപോക്കൻ പറഞ്ഞാൽ അത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. മുഖ്യമന്ത്രിയുടെ ഫോൺ കോൾ കിട്ടിയാൽ എല്ലാം ആയെന്ന് കരുതുന്നവരും തങ്ങളുടെ സമുദായത്തിൽ ഉണ്ട്. അവരും മതസംഘടനാ നേതാക്കളും ഇക്കാര്യത്തിൽ മൗനം വെടിയണം.

തികച്ചും മതവിരുദ്ധമായ പ്രസ്താവനയാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടായത്. മലപ്പുറം എന്നുകേട്ടാൽ സിപിഎമ്മിന് അലർജിയാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം കൊണ്ടാണ് മലപ്പുറത്ത് മുസ്ലിം പെൺകുട്ടികൾ തട്ടം ഉപേക്ഷിച്ചതെന്നാണ് സിപിഎം നേതാവിന്റെ കണ്ടെത്തൽ. തലയിൽ തട്ടമിടുന്ന കുട്ടികളാരും അത് ഉപേക്ഷിച്ചിട്ടില്ല. പുതിയ തലമുറ അക്കാര്യത്തിൽ ഏറ്റവും ശക്തമായി നിൽക്കുന്നു. എന്തിനാണ് മതവിശ്വാസങ്ങളുടെയും ആചാരങ്ങളുടെ മേൽ സിപിഎം കടന്നുകയറുന്നത്. വഖഫും ശബരിമല വിഷയത്തിലും സിപിഎം നേതാക്കൾ ഇതുതന്നെയാണ് സ്വീകരിച്ചതെന്നും സലാം പറഞ്ഞു.

അതേസമയം തന്റെ തട്ടം പരാമർശം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി സിപിഎം നേതാവ് അഡ്വ. കെ അനിൽകുമാർ രംഗത്തുവന്നിരുന്നു. നാസ്തിക സമ്മേളനത്തിൽ താൻ അരമണിക്കൂർ പ്രസംഗിച്ചതിൽനിന്ന് അരവാചകം എടുത്ത് മുമ്പുള്ളതും ശേഷമുള്ളതും വെട്ടിമാറ്റി വിവാദം സൃഷ്ടിക്കുകയാണെന്ന് അഡ്വ. കെ അനിൽകുമാർ പറഞ്ഞു.

'ഏതെങ്കിലും മതത്തിന്റെ ആചാരം മാറ്റാൻ നടക്കുന്ന പാർട്ടിയല്ല സിപിഎം. ഒരുമതത്തിന്റെയും ആചാരം മാറ്റാൻ കമൂണിസ്റ്റ് പാർട്ടിക്ക് താൽപര്യവുമില്ല. സിപിഎം നാട്ടിൽ ഉണ്ടാക്കിയ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ചോയ്‌സ് ഉണ്ട്. ആരും തട്ടമിടരുതെന്ന് ഞാൻ പറഞ്ഞിട്ടില്ല. ആരെങ്കിലും ഒരാളുടെ അടുത്ത് തട്ടമിടാൻ ബലപ്രയോഗത്തിന്റെ ഭാഗമായിട്ടോ മറ്റുനിർബന്ധങ്ങളുടെ ഭാഗമായിട്ടോ വന്നാൽ, വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഉണ്ടായ സ്വതന്ത്ര ചിന്തയുടെ ഭാഗമായി തട്ടം വേണമോ വേണ്ടയോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ഓപ്ഷൻ ഉണ്ട് എന്നാണ് പറഞ്ഞത്' - അനിൽ കുമാർ വ്യക്തമാക്കി.

'മലപ്പുറത്ത് നിന്ന് വരുന്ന പുതിയ പെൺകുട്ടികളെ കാണൂ നിങ്ങൾ. തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടായെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് ഈ കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടുതന്നെയാണ്. വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ട് സ്വതന്ത്രചിന്ത വന്നതിൽ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല' എന്നായിരുന്നു കഴിഞ്ഞ ദിവസം അനിൽകുമാർ പറഞ്ഞത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സി.രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള നാസ്തിക സംഘടനയായ എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച ലിറ്റ്മസ്'23- സമ്മേളനത്തിലായിരുന്നു അനിൽകുമാറിന്റെ ഈ പരാമർശം. ഏകീകൃത സിവിൽകോഡ് ആവശ്യമുണ്ടോ എന്ന സെഷനിലായിരുന്നു വിവാദ പരാമർശങ്ങൾ. 2024 ലെ തെരഞ്ഞെടുപ്പിൽ മോദി അധികാരത്തിൽ വന്നാൽ എസ്സൻസിന്റെ സമ്മേളനം നടത്താൻ പോലും കഴിയില്ലെന്നും ആർ.എസ്.എസിന്റെ മൂടുതാങ്ങുന്ന പണി എസ്സൻസ് നിർത്തണമെന്നും താൻ അവിടെ പ്രസംഗിച്ചതായി അനിൽകുമാർ ചൂണ്ടിക്കാട്ടി.

അനിൽകുമാറിന്റെ പ്രസംഗത്തിനെതിരെ കെ ടി ജലീലും എ എം ആരിഫ് എംപിയും രംഗത്തുവന്നിരുന്നു. സമസ്തയും എതിർപ്പുയർത്തി രംഗത്തുവന്നതോടെ സിപിഎം വിഷയത്തിൽ പ്രതികരിച്ചേക്കും. അതേസമയം മുസ്ലിംലീഗും അനിൽകുമാറിന്റെ പ്രസ്താവനക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.