കോഴിക്കോട്: ജനാധിപത്യപരമായ മുദ്രാവാക്യങ്ങളെ ഗവർണർ ഭയപ്പെടുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് കാര്യമായ എന്തൊക്കെയോ തകരാറുണ്ടെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. ജനാധിപത്യ രാജ്യത്ത് ജനാധിപത്യ ചോദ്യങ്ങളുയരും, അതിന് മറുപടി പറയാനുള്ള ഉത്തരവാദിത്വം ഗവർണർക്കുണ്ട്, അത് പറയിക്കും എന്നതാണ് കേരളത്തിന്റെ സമരചരിത്രമെന്നും ആർഷോ മാധ്യമങ്ങളോട് പറഞ്ഞു.

ബാനറുകളിലൂടെയും പോസ്റ്ററുകളിലൂടെയും പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർത്തുക എന്നുള്ളത് അങ്ങേയറ്റം ജനാധിപത്യപരമായ രീതിയാണ്. ഈ ക്യാമ്പസിനകത്ത് എസ്.എഫ്.ഐ. സ്ഥാപിച്ചിട്ടുള്ള വിവിധങ്ങളായ ബാനറുകളും പോസ്റ്ററുകളുമുണ്ട്. ഇന്ന് കേരളത്തിനകത്ത് ഉയർന്നു കേൾക്കണമെന്ന് കേരളത്തിലെ ഓരോ മനുഷ്യനും ആഗ്രഹിക്കുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളാണ് ഞങ്ങൾ അതിലൊക്കെ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ രാഷ്ട്രീയ ചോദ്യങ്ങളെ ഈ വിധത്തിൽ ചാൻസലർ ഭയപ്പെടുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് കാര്യമായ എന്തൊക്കെയോ തകരാറുണ്ട് എന്നാണ് കാണാൻ കഴിയുന്നത്.

ഞങ്ങൾ ഈ സമരം ആരംഭിക്കുമ്പോൾ സമരരൂപങ്ങളും പ്രതിഷേധങ്ങളും ഏറ്റവും നിലവാരത്തിലുള്ളതായിരിക്കണമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ നിലവാരം ഇടിയുകയാണ്. ഗവർണർ കാണിക്കേണ്ട മാന്യതയാണോ ഇതെന്ന ചോദ്യം പൊതുസമൂഹത്തിൽ ഉയരുന്നുണ്ട്. ഞങ്ങൾ ഉയർത്തിയ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറയുന്നില്ല. അദ്ദേഹം ചാൻസലർ ആയിരിക്കുന്ന സർവകലാശാലകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഞങ്ങൾ വിദ്യാർത്ഥികളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറയണം. അതിന് മറുപടി പറയാനുള്ള ഉത്തരവാദിത്വം ഗവർണർക്കുണ്ടെന്നും ആർഷോ വ്യക്തമാക്കി.