- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിലെത്തി
തൃശ്ശൂർ: കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയർത്തി പ്രധാനമന്ത്രി നരന്ദ്ര മോദി കേരളത്തിൽ. തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന മഹിളാസമ്മേളനത്തെ അഭിസംബോധന ചെയ്യാൻ മോദി തൃശ്ശൂരിലെത്തി കഴിഞ്ഞു. മോദിയുടെ പരിപാടി മഹാ സമ്മേളനമായി മാക്കാൻ എല്ലാ ഒരുക്കങ്ങളുമായി ബിജെപിയും രംഗത്തുണ്ട്. രണ്ടുലക്ഷം സ്ത്രീകൾ പങ്കെടുക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്ന മഹിളാസമ്മേളനത്തെ അഭിസംബോധന ചെയ്യും. അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാതോർത്തിരിക്കയാണ് കേരളം. തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് തൃശ്ശൂർ. സുരേഷ് ഗോപിക്ക് വോട്ടു ഉറപ്പിക്കാൻ കൂടിയാണ് മോദി തൃശ്ശൂരിൽ എത്തുന്നത്.
പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിയ പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററിലാണ് തൃശൂരിലേക്ക് വന്നത്. മഹിളാസമ്മേളനത്തിന് മുന്നോടിയായി റോഡ് ഷോയും നടക്കും. കുട്ടനെല്ലൂർ ഗവ. കോളേജിന്റെ ഹെലിപ്പാഡിൽ ഇറങ്ങുന്ന മോദി തൃശൂർ ജനറൽ ആശുപത്രി പരിസരംവരെ വാഹനത്തിലാകും എത്തുക. തുടർന്ന് ജനറൽ ആശുപത്രി പരിസരത്തുനിന്ന് റോഡ് ഷോ തുടങ്ങും. നായ്ക്കനാൽവരെ ഒരു കിലോമീറ്ററോളംദൂരത്തിലാകും റോഡ് ഷോ.
കുട്ടനെല്ലൂരിൽ ഹെലികോപ്റ്റർ ഇറങ്ങുമ്പോൾ കളക്ടർ ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തും. റോഡ്‌ഷോയ്ക്കായി ജനറൽ ആശുപത്രിക്കു സമീപമെത്തുന്ന നരേന്ദ്ര മോദിയെ ബിജെപി. നേതാക്കൾ സ്വീകരിക്കും. ഇതിനുശേഷം വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ നായ്ക്കനാലിനു സമീപമുള്ള വേദിയിലെത്തുമ്പോഴും സംസ്ഥാന നേതാക്കൾ സ്വീകരിക്കാനുണ്ടാകും. 16 പേരാണ് സമ്മേളനവേദിയിൽ സ്വീകരിക്കാനായി ഉണ്ടാകുക.
മഹിളാ സമ്മേളനവേദിയിൽ 42 പേർ ഉണ്ടാകും. നടി ശോഭന, പി.ടി. ഉഷ, ഉമാ പ്രേമൻ, മിന്നുമണി, ബീനാ കണ്ണൻ തുടങ്ങി എട്ടു പ്രമുഖ വനിതകൾ വേദിയിലുണ്ടാകും. ഇവർ പ്രധാനമന്ത്രിയെ കാത്തിരിക്കയാണ്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സുരേഷ് ഗോപി തുടങ്ങി പ്രധാന പുരുഷനേതാക്കൾ മാത്രമേ വേദിയിലുണ്ടാകൂ. ബാക്കി എല്ലാം ബിജെപി.യിലെ വനിതാനേതാക്കളായിരിക്കും.
സദസ്സിന്റെ മുൻനിരയിൽ ക്ഷണിക്കപ്പെട്ട വനിതകളാണ് സ്ഥാനംപിടിക്കുക. വിവിധ മേഖലകളിൽ മികവുതെളിയിച്ച, പാർട്ടിവേദികളിൽ പ്രത്യക്ഷപ്പെടാത്ത ആയിരത്തിലധികം വനിതകൾക്കാണ് ക്ഷണമുള്ളത്. ഇതിനു പിന്നിലാണ് വനിതാപ്രവർത്തകർക്കുള്ള സീറ്റ്. ഇതിനും പിന്നിൽ റൗണ്ടിലായിരിക്കും പുരുഷന്മാർക്കുള്ള സ്ഥലം.
പരിപാടി നടക്കുന്ന തേക്കിൻകാട് മൈതാനിയിലെയും റോഡ്‌ഷോ നടത്തുന്ന തൃശ്ശൂർ റൗണ്ടിലെയും സുരക്ഷ എസ്‌പി.ജി. നേരത്തെ തന്നെ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. പ്രധാന സ്ഥലങ്ങളിൽ തോക്കേന്തിയ സുരക്ഷാഭടന്മാർ നിലയുറപ്പിച്ചുകഴിഞ്ഞു. പ്രധാനമന്ത്രിയുടെ വഴികളിലെ പെട്ടിക്കട മുതൽ ബാങ്കുകൾവരെ കടകളെല്ലാം അടയ്ക്കാൻ നിർദ്ദേശം നൽകിയിരുന്നു.