കൽപ്പറ്റ: കോൺഗ്രസിൽ നിന്ന് വീണ്ടും നേതാക്കൾ ബിജെപിയിലേക്ക്. വയനാട് ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു. ഇന്നാണ് ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയലിൽ നിന്ന് പി എം സുധാകരൻ ബിജെപി അംഗത്വം സ്വീകരിച്ചത്. അവഗണന കാരണമാണ് പാർട്ടി വിടുന്നതെന്നും രാഹുൽ ഗാന്ധി ജില്ലാ നേതാക്കൾക്ക് പോലും അപ്രാപ്യനാണെന്നും പി എം സുധാകരൻ പറഞ്ഞു.

നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് സുധാകരൻ പറഞ്ഞു. ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രനെ വിജയിപ്പിക്കാൻ പോരാടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷനെ വയനാട്ടുകാർ വിജയിപ്പിച്ചാൽ അതിന്റെ നേട്ടം നാടിനായിരിക്കുമെന്നും സുധാകരൻ പറഞ്ഞു.

"ഡിസിസി ജനറൽ സെക്രട്ടറിയായ എനിക്കു പോലും അപ്രാപ്യനായ ജനപ്രതിനിധിയാണ് രാഹുൽ ഗാന്ധി. അപ്പോൾ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും? അഞ്ചു വർഷക്കാലം ജനത്തെ വഞ്ചിച്ച രാഹുലിന് ഇനിയും അവസരം കൊടുത്താൽ വയനാട് നശിച്ചു പോകും. അമേഠിയിൽ മത്സരിക്കില്ലെന്ന് വയനാട്ടുകാർക്ക് ഉറപ്പ് നൽകാൻ രാഹുൽ തയ്യാറുണ്ടോ? ഈ കാലഘട്ടത്തിന് അനുയോജ്യമായ പാർട്ടിയാണ് ബിജെപി. നരേന്ദ്ര മോദിയുടെ വികസനം വയനാട്ടിലുമെത്താൻ കെ.സുരേന്ദ്രൻ വിജയിക്കണം" പി.എം.സുധാകരൻ പറഞ്ഞു..

റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശശികുമാർ, സിവിൽ എൻജിനീയർ പ്രജീഷ് എന്നിവരും ബിജെപിയിൽ ചേർന്നു. വയനാട് ജില്ലാ പ്രഭാരി ടി.പി.ജയചന്ദ്രൻ, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അം?ഗം സജി ശങ്കർ തുടങ്ങിയ നേതാക്കൾ ചേർന്നാണ് മൂവരെയും പാർട്ടിയിലേക്ക് സ്വീകരിച്ചത്.