തിരുവനന്തപുരം: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ മുഖ്യമന്ത്രിയെ കുറിച്ചുള്ള ആരോപണം ഉണ്ടയുള്ള വെടി തന്നെയാണെന്ന് മന്ത്രി പി രാജീവ്. എന്നാൽ അത് യുഡിഎഫിന് എതിരാണെന്നും മന്ത്രി പി രാജീവ്. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് മാത്യു കുഴൽനാടൻ മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമർശനം ഉന്നയിച്ചത്. സിഎംആർഎല്ലിന് കരിമണൽ ഖനനം ഉറപ്പാക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്നാണ് മാത്യു കുഴൽനാടന്റെ പ്രധാന ആരോപണം. ഇതിനെതിരെയാണ് മന്ത്രി രാജീവ് രംഗത്തെത്തിയത്.

കുഴൽനാടന്റെ മുഖ്യമന്ത്രിയെ കുറിച്ചുള്ള ആരോപണം ഉണ്ടയുള്ള വെടി തന്നെയാണ്. എന്നാലത് യുഡിഎഫിന് എതിരാണ്. മൈനിങ് സ്വകാര്യ കമ്പനിക്ക് കൊടുക്കാമെന്ന് 2002 ലാണ് ആദ്യം ഉത്തരവ് ഇറങ്ങുന്നത്. ഒരുമാസം കഴിഞ്ഞപ്പോൾ വ്യക്തത വരുത്തി മറ്റൊരു ഉത്തരവും, ജോയ്ന്റ് വെഞ്ചർ കമ്പനികൾക്ക് നൽകാമെന്ന തുടർ ഉത്തരവ് 2003 ലും ഇറക്കി. യുപിഎ സർക്കാർ ക്ലിയറൻസ് കിട്ടിയ ശേഷം 2004 ലാണ് സർവെ നമ്പറുകൾ സഹിതം പാട്ടം നൽകുന്നത്. ജനകീയ പ്രതിഷേധത്തെ തുടർന്ന് പാരിസ്ഥിതിക പഠനം വരെ നിർത്തി വച്ച യുഡിഎഫ് സർക്കാർ നടപടിക്കെതിരെ കമ്പനി കോടതിയിൽ പോയി. അനുമതി നിഷേധിക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. തുടർന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും അംഗീകരിച്ച ശേഷമാണ് ലൈസൻസ് അനുവദിക്കുന്നത്. പൊതുമേഖലയിൽ പരിമിതപ്പെടുത്തുകയാണ് പിണറായി സർക്കാർ ചെയ്തതെന്നും രാജീവ് പറഞ്ഞു.

അതേസമയം, മാസപ്പടി വിഷയത്തിൽ യഥാർത്ഥ പ്രതി മുഖ്യമന്ത്രി തന്നെയാണെന്ന് മാത്യു കുഴൽനാടൻ എംഎ‍ൽഎ ആരോപിച്ചു. 2016 ഡിസംബർ മുതൽ തുടർന്നുള്ള എല്ലാ മാസത്തിലും വീണാ വിജയന് മാസപ്പടി ലഭിച്ചെന്നും സി.എം.ആർ.എല്ലിനെ സഹായിക്കാൻ കരിമണൽ ഖനന നയത്തിൽ മുഖ്യമന്ത്രി തിരുത്ത് വരുത്തിയെന്നും കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

2016 ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ വീണയ്ക്ക് മാസത്തിൽ അഞ്ച് ലക്ഷം രൂപ സിഎംആർഎൽ നൽകി. സിഎംആർഎല്ലിന്റെ ഏറ്റവും വലിയ ആവശ്യം ലീസ് അനുവദിച്ച് കിട്ടണം എന്നതാണ്. 2017 മുതൽ ഈ അഞ്ച് ലക്ഷത്തിന് പുറമെ മൂന്ന് ലക്ഷം രൂപ വീതം എക്‌സാ ലോജിക് എന്ന കമ്പനിയിലേക്ക് സിഎംആർഎൽ കൊടുത്തുകൊണ്ടിരുന്നു.

സിഎംആർഎൽഎന്ന കമ്പനിയുടെ വരുമാനവും നിക്ഷേപവും കരിമണൽ ആണ്. ലോകത്തിലെ ഏറ്റവും മികച്ച ആലപ്പുഴ, തോട്ടപ്പള്ളി, കൊല്ലം മേഖലയിലുള്ള കരിമണലിന് വേണ്ടിയിട്ടാണ് എല്ലാകാലത്തും അവർ പരിശ്രമം നടത്തിയിട്ടുള്ളതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. കരിമണൽ ഖനനത്തിനുള്ള ലീസ് നഷ്ടപ്പെടുമെന്നായപ്പോൾ സിഎംആർഎൽ മുഖ്യമന്ത്രിയെ സമീപിച്ചുവെന്നും വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടുവെന്നും കുഴൽ നാടൻ ആരോപിച്ചു. ഇതിന്റെ ഫലമാണ് വീണാ വിജയന് പ്രതിമാസം ലഭിച്ച മാസപ്പടിയെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.

സിഎംആർഎല്ലിന് 2004-ന് അനുവദിച്ചിരുന്ന കരാർ തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാരിന് നിയമപരമായ അവസരം ലഭിച്ചിട്ടും അത് ഉപയോഗിച്ചില്ല. മാത്രമല്ല കരാർനൽകാനാകുമോ എന്നാണ് മുഖ്യമന്ത്രി പരിശോധിച്ചത്. ഖനനം സംബന്ധിച്ച് സിഎംആർഎൽ ഫയൽ മാത്രം വിളിച്ചുവരുത്തി പരിശോധിച്ചതിലെ താത്പര്യം മുഖ്യമന്ത്രി വെളിപ്പെടുത്തണം. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ എടുത്ത ശരിയായ തീരുമാനത്തെ മറികടക്കാനാണ് മുഖ്യമന്ത്രി ഇടപെട്ടത് - മാത്യു കുഴൽനാടൻ പറഞ്ഞു.

2003- 04 കാലത്ത് കരിമണൽ ഖനനത്തിനുള്ള 4 കരാർ ആണ് സിഎംആർഎല്ലിന് ലഭിച്ചത്. 1000 കോടിക്ക് മുകളിലുള്ള ഇടപാടായിരുന്നു അത്. പിന്നാലെ കരാർ നടപടികൾ സർക്കാർ സ്റ്റേ ചെയ്തു. കരാർ തിരിച്ചുപിടിക്കാൻ സിഎംആർഎൽ ശ്രമിച്ചെങ്കിലും അന്ന് തുടർന്നു പോന്ന ആന്റണി, വി എസ്. അച്യുതാനന്ദൻ സർക്കാരുകൾ തയ്യാറായില്ല. കരിമണൽ ഖനനത്തിന് പൊതുമേഖല സ്ഥാപനങ്ങൾ മാത്രം മതി എന്ന നിലപാടായിരുന്നു വി എസ് സർക്കാരിന്. കേസ് സുപ്രീം കോടതി വരെ എത്തി. സുപ്രീം കോടതി ഉത്തരവിൽ ഭൂമി സർക്കാരിന് ഏറ്റെടുക്കാൻ അവസരം ലഭിച്ചെങ്കിലും ഇതിന്റെ നടപടികൾ നടക്കുമ്പോൾ പിണറായി സർക്കാർ അധികാരത്തിൽ എത്തുകയും ഖനന അനുമതി ലഭിക്കാനുള്ള സിഎംആർഎൽ അപേക്ഷ നൽകുകയുമായിരുന്നുവെന്ന് അദ്ദേഹം കുട്ടിച്ചേർത്തു.

കരിമണൽ ഖനനം പൊതുമേഖലയിൽ നിലനിർത്തും എന്നായിരുന്നു 2018-ലെ വ്യവസായ നയത്തിൽ പറഞ്ഞിരുന്നത്. ഇതുസംബന്ധിച്ച് നിലനിൽക്കുന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കപ്പെടും എന്ന് നയത്തിന്റെ മലയാളം കോപ്പിയിൽ പറയുന്നുണ്ട്. ഇത് സിഎംആർഎല്ലിന് വേണ്ടിയായിരുന്നു. അപ്പോഴെല്ലാം വീണയുടെ അക്കൗണ്ടിലേക്ക് 8 ലക്ഷം രൂപ പ്രതിമാസം വന്നിരുന്നു. കാര്യങ്ങൾ അനുകൂലമാക്കാനായിരുന്നു വീണയ്ക്ക് കമ്പനി പണ നൽകിയത്. ഇതിനിടെ എല്ലാ സ്വകാര്യ ഖനന അനുമതികളും റദ്ദാക്കാൻ 2019-ൽ കേന്ദ്ര സർക്കാർ തീരുമാനിച്ചു. എന്നാൽ 2004-ൽ സിഎംആർഎല്ലിനു കൊടുത്ത കരാർ റദ്ദാക്കാൻ മൈനിങ് വിഭാഗം നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ വകുപ്പിലല്ലാത്ത ഫയൽ വിളിച്ചു വരുത്തി പരിശോധിച്ചുവെന്നും അത്തരത്തിൽ പരിശോധിക്കണമെങ്കിൽ എന്തെങ്കിലും പ്രത്യേകത വേണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

എക്‌സാ ലോജിക് വിഷയത്തിൽ നിയമസഭയിൽ അഴിമതി ആരോപണം ഉന്നയിക്കാനുള്ള നീക്കം സ്പീക്കർ തടഞ്ഞത് അംഗത്തിന്റെ അവകാശം നിഷേധിക്കലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു