തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും, രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരും തമ്മിലുള്ള വാക്‌പോര് സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചാവിഷയമാണ്. ശ്രീജിത്ത് പണിക്കർക്കെതിരെ പരിഹാസവും വിമർശനവും ചൊരിഞ്ഞ കെ.സുരേന്ദ്രന് ചുട്ടമറുപടിയും കിട്ടി. സുരേഷ് ഗോപിയെ തൃശൂരിൽ തോൽപ്പിക്കാൻ ബിജെപിയുടെ സംസ്ഥാനഘടകം പരിശ്രമിച്ചുവെന്ന പണിക്കരുടെ ചാനലിലെ പ്രസ്താവനയാണ് സുരേന്ദ്രനെ പ്രകോപിപ്പിച്ചത്. സുരേന്ദ്രന് ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകി. യുവമോർച്ചയ്ക്ക് പിന്നാലെ, ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി രഘുനാഥ് സുരേന്ദ്രനെ പിന്തുണച്ച് രംഗത്തെത്തി.

വിദ്യാർത്ഥി യുവജന രാഷ്ട്രീയത്തിലൂടെ ത്യാഗോജ്വല സമര പോരാട്ടങ്ങളിലൂടെ ബഡാ ഫൈറ്ററായാണ് കെ. സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡന്റായതെന്ന് പി. രഘുനാഥ് ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.ശ്രീജിത്ത് പണിക്കർ, യാതൊരു മര്യാദയും പക്വതയും ഇല്ലാത്തവനാണെന്ന് സോഷ്യൽ മീഡിയയിലൂടെ സ്വയം വ്യക്തമാക്കിയിരിക്കുകയാണെന്നും രഘുനാഥ് പോസ്റ്റിൽ പറഞ്ഞു.

പി രഘുനാഥിന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:

മറുനാടന്റെയോ 'രാഷ്ട്രീയ നിരീക്ഷകരുടെയോ പിൻതുണയോടെയോ വളർന്ന രാഷ്ട്രീയ നേതാവല്ല കെ സുരേന്ദ്രൻ...

നരേന്ദ്ര മോദിജി വേട്ടയാടപ്പെട്ടതുപോലെ കേരളത്തിൽ വേട്ടയാടപ്പെട്ട നേതാവാണ് കെ. സുരേന്ദ്രനും.....

വിദ്യാർത്ഥി , യുവജന രാഷ്ട്രീയത്തിലൂടെ , ത്യാഗോജ്വല സമര പോരാട്ടങ്ങളിലൂടെ ബെഡാ ഫൈറ്ററായാണ് BJP സംസ്ഥാന പ്രസിഡണ്ട് പദവിയിലെത്തുന്നത്...... 40 വർഷമായി ആ പോരാട്ടം തുടരുകയാണ്.

മറ്റ് പാർട്ടികളിലെ രീതിയല്ല BJP യിലേത്.....

കൂട്ട് ഉത്തരവാദിത്വം ആണ് BJP യുടെ മുഖമുദ്ര.....

BJP നേതാക്കളും പ്രവർത്തകരും തമ്മിൽ

കുടുംബാന്തരീക്ഷത്തിലുള്ള ബന്ധമാണ്....

ഒരോ ചുമതലക്കാരും തങ്ങളുടെ ഉത്തരവാദിത്വം ഭംഗിയായി വിജയിപ്പിക്കുവാനുള്ള ശ്രമമാണ് നടത്തുക .... കഴിഞ്ഞ 2 വർഷമായി സുരേഷ് ഗോപിയെ മുൻ നിർത്തി BJP സംസ്ഥാന പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ തൃശ്ശൂരിൽ ലോകസഭാ തിരഞ്ഞെടുപ്പ് തെയ്യാറെടുപ്പ് തുടങ്ങിയിരുന്നുവെന്ന് ഏതിരാളികൾക്ക് പോലും അറിയാവുന്ന കാര്യമാണ്. നരേന്ദ്ര മോദിജി പങ്കെടുത്ത, ലക്ഷകണക്കിന് സ്ത്രീകൾ പങ്കെടുത്ത പരിപാടിയും യുവാക്കൾ പങ്കെടുത്ത പരിപാടികളും കെ.സുരേന്ദ്രന്റെ നേതൃപാടവമായിരുന്നുവെന്ന് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

സംസ്ഥാന അദ്ധ്യക്ഷനും ടീമും സംസ്ഥാനത്ത് മുഴുവൻ മുന്നേറാൻ ശ്രമിക്കും, ജില്ലാ , മണ്ഡലം ടീം അവരുടെ ചുമതല നിർവ്വഹിക്കും...... 20 % വോട്ടും ഒരു സീറ്റിൽ വിജയവും മറ്റ് 2സീറ്റിൽ ചെറിയ വോട്ടിന്റെ പരാജയവും നിരവധി മണ്ഡലങ്ങളിലെ വന്മുന്നേറ്റങ്ങളും സംസ്ഥാന BJP യ്ക്ക് കരുത്തു പകരുന്നതാണ്. അതിനെ കുറച്ച് കാണിക്കാനുള്ള ചിലരുടെ ശ്രമമാണ് ചാനലിൽ നടക്കുന്നത്.

ചാനലിൽ പോയി എന്തും പറയാം എന്ന് വിചാരിക്കുന്ന നീരീക്ഷകരെ വിമർശിക്കുവാനും തിരുത്തുവാനും ഉള്ള സ്വാതന്ത്ര്യവും ഞങ്ങൾക്കുണ്ട്....

യാതൊരു മര്യാദയും പക്വതയും ഇല്ലാത്തവനാണ് താൻ എന്ന് പണിക്കർ സോഷ്യൽ മീഡിയയിലൂടെ സ്വയം വ്യക്തമാക്കിയിരിക്കുകയാണ്.

ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന പണിക്കർ ആക്രിനിരീക്ഷകനും കള്ളപ്പണിക്കരുമെന്നായിരുന്നു കെ.സുരേന്ദ്രൻ പറഞ്ഞത്. ഇതിന് പിന്നാലെ ഉള്ളിയുടെ ചിത്രത്തിനൊപ്പം ഫേസ്‌ബുക്കിലിട്ട കുറിപ്പിൽ കെ.സുരേന്ദ്രന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ രംഗത്തെത്തി. ശ്രീജിത്ത് പണിക്കർക്കെതിരെയുള്ള സുരേന്ദ്രന്റെ വിമർശന വിഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായതിന് പിന്നാലെയാണ് സുരേന്ദ്രന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ പോസ്റ്റിട്ടത്. പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണുള്ളത്.

'നിങ്ങൾ മാത്രമല്ല ചില ആക്രിനിരീക്ഷകരും ചാനലുകളിൽ വന്നിരുന്നു പറയുകയാണ് സുരേഷ് ഗോപിയെ തൃശൂരിൽ തോൽപ്പിക്കാൻ ബിജെപിയുടെ സംസ്ഥാനഘടകം പരിശ്രമിച്ചുവെന്നു വൈകുന്നേരം ചാനലുകളിൽ വന്നിരുന്നു കള്ളപ്പണിക്കരാണ് സംസ്ഥാനഘടകത്തിന് നേരെ ആരോപണം ഉന്നയിക്കുന്നതെന്നുമാണ്' സുരേന്ദ്രൻ പറഞ്ഞത്. ഉച്ചയ്ക്ക് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സുരേന്ദ്രൻ ശ്രീജിത്തിന്റെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചത്. ഇതിന് മറുപടിയുമായാണ് ശ്രീജിത്ത് പണിക്കർ രംഗത്തെത്തിയത്.

"മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴൽപ്പണം, തുപ്പൽ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതിൽ നിങ്ങൾക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം. സ്വന്തം അധ്വാനത്തിന്റെ ബലത്തിൽ സുരേഷ് ഗോപി തൃശൂരിൽ ജയിച്ചപ്പോൾ അതിൽ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങൾ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല എന്നാണ് ശ്രീജിത്തിന്റെ പരിഹാസം".

കുറിപ്പിന്റെ പൂർണരൂപം-

'പ്രിയപ്പെട്ട ഗണപതിവട്ടജി, നിങ്ങൾക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴൽപ്പണം, തുപ്പൽ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതിൽ നിങ്ങൾക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം. സ്വന്തം അധ്വാനത്തിന്റെ ബലത്തിൽ സുരേഷ് ഗോപി തൃശൂരിൽ ജയിച്ചപ്പോൾ അതിൽ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങൾ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. സുരേഷ് ഗോപി തന്റെ മണ്ഡലത്തിൽ നടത്തിയ ഇടപെടലുകൾ, നേരിട്ട ആരോപണങ്ങളിലെ പൊള്ളത്തരങ്ങൾ ഇതേക്കുറിച്ചൊക്കെ ഞാൻ ചർച്ചകളിൽ പറഞ്ഞതിന്റെ പത്തിലൊന്ന് നിങ്ങൾ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?

അനാവശ്യമായ ഒരു സ്ഥലനാമ വിവാദം കുത്തിപ്പൊക്കി, മറ്റ് സ്ഥാനാർത്ഥികളുടെ കൂടി സാധ്യതകളെ അട്ടിമറിക്കാനാണ് നിങ്ങൾ ശ്രമിച്ചത്. അല്ലെങ്കിൽ ഒരു എംപിക്ക് എങ്ങനെ ഒരു സ്ഥലത്തെ പുനർനാമകരണം ചെയ്യാൻ കഴിയുമെന്ന എന്റെ ചോദ്യത്തിന് മറുപടി പറയൂ. കഴിഞ്ഞതവണ സാധ്യതകൾ ഇല്ലാതാക്കാൻ "മൂന്ന് ഡസൻ സീറ്റ്" എന്നതായിരുന്നു നിങ്ങളുടെ അവകാശവാദം.

പാർട്ടിയിൽ വരൂ പദവി തരാം, ഒപ്പം നിൽക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോൾ പണിക്കർ കള്ളപ്പണിക്കർ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ ആവോ? രണ്ടും നിഷേധിച്ചത് എന്റെ നിലപാട്. നിങ്ങളെയൊക്കെ മനസ്സിലാക്കാൻ രണ്ടാമതൊന്ന് നോക്കേണ്ടതില്ലല്ലോ. മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവർക്ക് ഗുണമുള്ള കാര്യങ്ങൾ ചെയ്താൽ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങൾക്കും കിട്ടും. അല്ലെങ്കിൽ പതിവുപോലെ കെട്ടിവച്ച കാശു പോകും.ഒരു കാര്യത്തിൽ നന്ദിയുണ്ട്. സോഷ്യൽ മീഡിയയിൽ ചിലർ എനിക്ക് ചാർത്തിത്തന്ന ആ ചാപ്പ നിങ്ങളായിട്ട് തിരുത്തിയല്ലോ. സന്തോഷം! പണിക്കർ ചിത്രം: ചെറിയുള്ളി, തൊലിയുരിച്ചത്."