- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിദ്ധാർത്ഥിന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ ശ്രമം
കണ്ണൂർ: സിദ്ധാർത്ഥന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ തുടക്കം മുതൽ ആസൂത്രിത നീക്കമെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് കണ്ണൂർ ഡി.സി സി. ഓഫീസിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പൊലിസ് തയ്യാറാക്കിയ ഇൻക്വസ്റ്റ്രേഖകളിൽ ഉൾപ്പെടെയുള്ള പൊരുത്തക്കേടുകൾ കേടുകളുണ്ടെന്ന് പി മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥന്റെ കൊലപാതവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ അട്ടിമറി നടന്നിരിക്കുകയാണ്. അട്ടിമറി സംഭവങ്ങൾക്ക് പിന്നിൽ ദൃശ്യം സിനിമയുടെ തിരക്കഥയെ വെല്ലുന്ന തിരക്കഥയെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
ഇത്തരം ശ്രമങ്ങളുടെ ഭാഗമായി നടന്നത് ആത്മഹത്യയാണ് എന്ന പൊതുബോധം സൃഷ്ടിക്കുന്നതിനുള്ള ബോധപൂർവ്വമായ നീക്കങ്ങൾ പൊലീസിന്റെയും ഡീനിന്റേയും ഭാഗത്തുനിന്നുണ്ടായി.
സംഭവം നടന്ന ദിവസം വൈത്തിരി പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയ എഫ്‌ഐആർ നമ്പർ 77/2024 ൽ തന്നെ അട്ടിമറി നീക്കത്തിനുള്ള തെളിവുകളുണ്ട്. സ്വാഭാവിക മരണത്തിന് കേസെടുത്തുകൊണ്ടുള്ള എഫ്‌ഐആറിൽ 'ടിയാൻ ഏതോ മാനസിക വിഷമത്താൽ സ്വയം കെട്ടിത്തൂങ്ങി മരണപ്പെട്ടു' എന്ന് രേഖപ്പെടുത്തിയതിൽ തന്നെ ദുരൂഹതയുണ്ട്. അതുപോലെതന്നെ എഫ്‌ഐആറിൽ രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവം നടന്നത് 12:30നും 1:45 നും ഇടയിലാണെന്ന് വ്യക്തമാണ്.
എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ട് വൈകിട്ട് 4:29നാണ് പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചത് എന്ന എഫ്.ഐ.ആറിലെ വിവരവും കൂടുതൽ സംശയം ജനിപ്പിക്കുന്നതാണ്. പൊലീസ് രേഖകൾ പ്രകാരം വിവരം ലഭിച്ചു എന്ന് പറയുന്ന സമയത്തിനുള്ളിൽ മൃതദേഹം വൈത്തിരി ആശുപത്രിയിൽ നിന്നും ബത്തേരിയിലേക്ക് മാറ്റിയിട്ടുമുണ്ട്.
ഇതിനിടയിൽ മൃതദേഹം കൊണ്ടുപോയ ആംബുലൻസ് ഡ്രൈവർ ഉദ്ദേശം 3.30 ന് ക്യാമ്പസ് ഡീനിനേയും മറ്റു വിദ്യാർത്ഥികളെയും വൈത്തിരി പൊലീസ് സ്റ്റേഷനിൽ വച്ച് കാണുകയും ചെയ്തിട്ടുണ്ട്. ആ സമയത്താണ് സംഭവം സിദ്ധാർത്ഥന്റെ വീട്ടിൽ അറിഞ്ഞു എന്ന് ആംബുലൻസ് ഡ്രൈവറിൽ നിന്നും ഡീനിന് മനസ്സിലാവുന്നത്. അതുപോലെതന്നെ ആത്മഹത്യയാണെന്ന മുൻവിധിയോട് കൂടിയുള്ള സമീപനമാണ് തുടക്കം മുതൽ ക്യാമ്പസ് ഡീൻ എം.കെ നാരായണൻ സ്വീകരിച്ചതും. കേസിലെ പ്രതികളായ എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരെ പുറത്താക്കിക്കൊണ്ട് ഫെബ്രുവരി 22 ന് ഡീൻ പുറത്തിറക്കിയ ഉത്തരവിലും ബോധപൂർവ്വം തന്നെ സിദ്ധാർത്ഥ് ആത്മഹത്യ ചെയ്തതാണെന്ന് രേഖപ്പെടുത്തിയതും ദുരൂഹത വർധിപ്പിക്കുന്നു.
ഫെബ്രുവരി 24ന് ശേഷമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പോലും പുറത്ത് വന്നത് എന്നതും ഇവിടെ പ്രസക്തമാണ്. അത് പോലെ തന്നെ ആത്മഹത്യ ചെയ്ത നിലയിലുള്ള സിദ്ധാർത്ഥന്റെ ചിത്രവും ചില സംശയങ്ങൾക്കും ദുരൂഹതകൾക്കും വഴിവെക്കുന്നതാണ്.
എസ്എഫ്‌ഐ നേതാക്കളായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ തന്നെ പറയുന്നതനുസരിച്ച് വിവസ്ത്രനാക്കി മർദ്ദിച്ചുവെന്ന് വ്യക്തമാണ്. അതേ രീതിയിൽ വിവസത്രനായി തന്നെയാണ് സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയതും.
ഇവിടെ മൃതദേഹം കണ്ട ടോയ്ലറ്റും സിദ്ധാർത്ഥന്റെ മുറിയും തമ്മിൽ സാമാന്യം അകലം ഉണ്ടായിരിക്കെ വിവസ്ത്രനായി സിദ്ധാർത്ഥൻ നടന്നുവന്ന് ആത്മഹത്യ ചെയ്തു എന്നതും വിശ്വസനീയമല്ല. പ്രത്യേകിച്ചും രണ്ട് ദിവസങ്ങളായി നിരന്തരം മർദ്ദനങ്ങൾ ഏറ്റ് അവശ നിലയിലുള്ള ഒരാൾ. അത് പോലെ തന്നെ കഴിഞ്ഞ ദിവസം പുറത്ത് വന്ന ഫെബ്രുവരി 22ന് അനുശോചന യോഗം എന്ന പേരിൽ നടന്ന മുൻകരുതൽ യോഗത്തിലെ ഡീനിന്റെ പ്രസംഗവും ഞെട്ടിക്കുന്നതും ദുരൂഹതകൾ നിറഞ്ഞതും സംഭവത്തിൽ ഡീൻ ഉൾപ്പടെയുള്ളവരുടെ പങ്ക് വെളിവാക്കുന്നതുമാണ്. മൃതദ്ദേഹം പോസ്റ്റുമോർട്ടം ചെയ്യണമെങ്കിൽ ബന്ധുക്കളുടെ സാന്നിധ്യം വേണംഅതുകൊണ്ട് വീട്ടുകാരെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നുവെന്ന് ഷമ്മാസ് പറഞ്ഞു.
നടന്ന സംഭവത്തെക്കുറിച്ച് ആരും ഒന്നും പറയരുത്, എല്ലാ കാര്യവും പൊലീസ് നിരീക്ഷണത്തിലാണ്, സംഭവിച്ചത് ഒരു പ്രത്യേക കേസ് ആണ്. അതുകൊണ്ട് ആർക്കും അഭിപ്രായവ്യത്യാസം ഉണ്ടാകരുത്, നടന്നത് എന്താണെന്ന് ആരും ഒന്നും ഷെയർ ചെയ്യരുത്' ഇതിൽ നിന്നൊക്കെ എന്താണ് മനസ്സിലാക്കേണ്ടതെന്നും ഡീൻ എം.കെ നാരായണനേയും ഇതിനെല്ലാം കൂടെയുണ്ടായിരുന്ന അസിസ്റ്റന്റ് വാർഡൻ കാന്ത നാഥനേയും അടിയന്തരമായി കേസിൽ പ്രതിചേർക്കണം.
തെളിവുകൾ നശിപ്പിക്കുന്നതിന് മുൻപ് കാര്യക്ഷമമായ അന്വേഷണം വേണമെന്നും സിപിഎം ഉന്നത നേതാക്കളുടെ കേസിലെ ഇടപെടലുകളും സംശയാസ്പതമാണെന്നും മുൻ എംഎൽഎ സി.കെ ശശീന്ദ്രനാണ് എസ്.എഫ്.ഐ നേതാക്കളെയും മറ്റു പ്രതികളെയും രക്ഷിക്കാൻ പാർട്ടിക്ക് വേണ്ടി നീക്കങ്ങൾ നടത്തുന്നതെന്നും സി.പി. എം ജില്ലാ സെക്രട്ടറി ഗഗാറിന്റ സഹോദരന്റെ മകനും ഡിവൈഎഫ്ഐ ജില്ലാ നേതാവും ക്യാപസിലെ സ്റ്റോറിലെ ജീവനക്കാരനുമായാ രമേശനുമാണ് അട്ടിമറി നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നും മുഹമ്മദ് ഷമ്മാസ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.