തൃശൂർ: തന്റെ ബിജെപി പ്രവേശനത്തിന് പിന്നിൽ ലോക്‌നാഥ് ബെഹ്‌റയെന്ന ആരോപണം തള്ളി പത്മജ വേണുഗോപാൽ. ഇക്കാര്യത്തിൽ ബെഹ്‌റ ഇടപെട്ടിട്ടില്ലെന്നും തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാൻ കോൺഗ്രസ് നേതാക്കളെ വെല്ലുവിളിക്കുന്നുവെന്നും പത്മജ പറഞ്ഞു. ഡൽഹിയിൽ നിന്ന് നേരിട്ടാണ് തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചതെന്നും അവർ വ്യക്തമാക്കി.

തൃശൂരിലെ മൂന്ന് സ്ഥാനാർത്ഥികളും ശക്തരാണ്. തൃശൂരിലെ കോൺഗ്രസ് നേതാക്കൾ കാലുവാരുന്ന സ്വഭാവം ഉള്ളവരാണ്. ഇപ്പോഴും വട്ടിയൂർക്കാവിൽ തന്നെയാണ് കെ. മുരളീധരന്റെ മനസ്സെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിനെതിരെയും കെ മുരളീധരനെയും പത്മജ രൂക്ഷഭാഷയിൽ വിമർശിച്ചു.

കോൺഗ്രസിൽ ദിവസവും താൻ അപമാനിക്കപ്പെട്ടു. മണ്ഡലത്തിൽ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം കോൺഗ്രസ് നേതാക്കളുണ്ടാക്കി. തന്റെ തോൽവിക്ക് കാരണക്കാരനായ നേതാവിനെ മണ്ഡലം ഭാരവാഹിയായി നിയമിച്ചു. സോണിയ ഗാന്ധി ആരെയും കാണുന്നില്ലെന്നും രാഹുൽ ഗാന്ധിക്ക് സമയമില്ല. കെ കരുണാകരന് സ്മാരകം പണിയാൻ ഫണ്ട് സ്വരൂപിക്കാൻ പോലും അനുവദിച്ചില്ലെന്ന് പത്മജ ആരോപിച്ചു.

അതേസമയം, പത്മജക്കായി ചരട് വലിച്ചത് ലോക്‌നാഥ് ബെഹ്‌റയാണ് എന്ന് കെ സി വേണുഗോപാൽ ആരോപിച്ചിരുന്നു. പത്മജയെ ബിജെപിയിലെത്തിച്ചത് ബെഹ്‌റയാണെന്നുള്ളതിന് തെളിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുമായുള്ള ഇടപാടുകൾക്ക് പിണറായിക്ക് ഡൽഹിയിൽ സ്ഥിരം സംവിധാനമുണ്ടെന്നും കെസി പറഞ്ഞു.

പത്മജയെന്ന ബിജെപിക്കാരിയുടെ ജൽപനങ്ങൾക്ക് ഇനി മറുപടിയില്ലെന്നും ലോക്‌നാഥ് ബെഹ്‌റയ്ക്ക് സ്ഥിരം ജോലി പാലം പണി ആണെന്നും കെ മുരളീധരൻ. പത്മജയെ അടക്കം പലരെയും ബിജെപിയിലെത്തിക്കാൻ ചരടുവലികൾ നടത്തുന്നത് ബെഹ്‌റയാണെന്ന ആരോപണത്തിനുള്ള മറുപടിയായാണ് കെ മുരളീധരൻ ഈ പ്രതികരണം നടത്തിയത്.