തൃശൂർ: മകൻ തോൽക്കണം എന്ന് ഒരച്ഛനും ആഗ്രഹിക്കില്ലെന്ന് പത്മജ വേണുഗോപാൽ. പത്തനംതിട്ടയിൽ അനിൽ ആന്റണി പരാജയപ്പെടണമെന്ന എ കെ ആന്റണിയുടെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു പത്മജ. മക്കൾ ഏതു പാർട്ടിയിൽ ആയാലും അങ്ങനെ ചിന്തിക്കുമെന്ന് കരുതുന്നില്ലെന്നും പത്മജ തൃശൂരിൽ പറഞ്ഞു. കെ.മുരളീധരനെ പിന്നിൽ നിന്നും കുത്താനുള്ള ശ്രമം കോൺഗ്രസിനുള്ളിൽ ഉണ്ടെന്നും പത്മജ പറഞ്ഞു. തനിക്ക് അത് നന്നായി അറിയാമെന്നും പത്മജ കൂട്ടിച്ചേർത്തു

തന്റെ മകനും ബിജെപി സ്ഥാനാർത്ഥിയുമായ അനിൽ ആന്റണി ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ നിന്ന് പരാജയപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി എകെ ആന്റണി പറഞ്ഞിരുന്നു. മകന്റെ പാർട്ടി തോൽക്കണമെന്നും എതിരാളിയായ കോൺഗ്രസ് സ്ഥാനാർത്ഥി ആന്റോ ആന്റണിയെ വിജയിപ്പിക്കണമെന്നും ആന്റണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിയിൽ ചേർന്ന നടപടി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.