തൃശൂർ: പത്മജാ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള നീക്കം കോൺഗ്രസിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗമാണ് പത്മജ. എന്നാൽ പാർട്ടിയിൽ വലിയ ഉത്തരവാദിത്തം ഉണ്ടായില്ല. കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും നയിച്ച സമരാഗ്നിയിലും പത്മജ നിറഞ്ഞില്ല. രാജ്യസഭാ സീറ്റ് നിഷേധിച്ചതും പത്മജ ഗൗരവത്തോടെ എടുത്തു. തനിക്ക് സീറ്റ് നൽകാതിരിക്കാനാണ് രാജ്യസഭാ സീറ്റ് ലീഗിന് കൊടുത്തെന്നും പത്മജ വിലയിരുത്തി. ഇതോടെയാണ് മാറ്റം.

കോൺഗ്രസ് നേതൃത്വത്തിൽനിന്ന് അവഗണന നേരിടുന്നുവെന്ന് പലപ്പോഴായി പത്മജ പറഞ്ഞിട്ടുണ്ട്. എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി കോൺഗ്രസ് വിട്ടപ്പോഴും പലർക്കും വിഷമങ്ങൾ ഉണ്ടെന്നും നേതൃത്വം മുൻകൈയെടുത്ത് ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പത്മജ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിലേക്കെത്തുമ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി പഴയ ഫേസ്‌ബുക്ക് പോസ്റ്റ്.

എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നപ്പോൾ പത്മജ ഫേസ്‌ബുക്കിൽ പങ്കുവെച്ച പ്രതികരണക്കുറിപ്പാണ് പുതിയ സാഹചര്യത്തിൽ പ്രസക്തി ഏറെയാണ്. അനിൽ പാർട്ടി വിട്ടത് ആഴത്തിൽ ആലോചിക്കേണ്ട കാര്യമാണെന്നും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ തുടക്കത്തിലേ പറഞ്ഞു തീർക്കണമെന്നും പത്മജ നേതൃത്വത്തോടായി പറഞ്ഞിരുന്നു. അനിൽ ആന്റണി കോൺഗ്രസ് വിട്ടത് നിസ്സാരമായി കാണേണ്ട ഒന്നല്ല, അദ്ദേഹം പാർട്ടി പ്രവർത്തകൻ ആണോ എന്നതിൽ അല്ല, സമുന്നതനായ നേതാവിന്റെ മകനാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു പത്മജയുടെ പ്രതികരണം. 'അനിൽ ആന്റണിയുടെ വിഷയത്തിൽ ഒന്നും പറയണ്ട എന്നാണ് വിചാരിച്ചിരുന്നത്. പക്ഷേ മനസ്സിൽ തോന്നിയ ഒരു കാര്യം പറയണം എന്ന് തോന്നി. അനിൽ ആന്റണി പോയത് നിസ്സാരമായി കാണാവുന്ന ഒന്നല്ല. അദ്ദേഹം പാർട്ടി പ്രവർത്തകൻ ആണോ എന്നുള്ളതല്ല കാര്യം. പക്ഷേ അദ്ദേഹം കോൺഗ്രസിന്റെ സമുന്നതനായ നേതാവിന്റെ മകനാണ്'. എന്നായിരുന്നു കുറിപ്പ് തുടങ്ങുന്നത്.

'കരുണാകരന്റെ മക്കളായാലും ആന്റണിയുടെ മക്കളായാലും അവർ ജനിച്ചത് മുതൽ വിശ്വസിക്കുന്നതും കാണുന്നതും കോൺഗ്രസിന്റെ രാഷ്ട്രീയമാണ്. കുഞ്ഞുനാള് മുതൽ അച്ഛനും അമ്മയും പറഞ്ഞു തന്നതും ഞങ്ങൾ കണ്ടതും എല്ലാം കോൺഗ്രസ് നേതാക്കളുടെ ത്യാഗത്തിന്റെ കഥകളാണ്. അങ്ങിനെ വളർന്ന ഒരാൾ എന്തുകൊണ്ട് ഈ പാർട്ടി വിട്ടു പോയി എന്നത് വളരെ ആഴത്തിൽ ആലോചിക്കേണ്ട കാര്യമാണ്. പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ തുടക്കത്തിലേ പറഞ്ഞു തീർക്കണം.' പത്മജയുടെ കുറിപ്പിൽ പറയുന്നു. ഒരു കുടുംബം ആകുമ്പോൾ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകും. അതെല്ലം നിസ്സാരമായി കാണുമ്പോളാണ് ഇങ്ങിനെയൊക്കെ സംഭവിക്കുന്നതെന്നും 2023 ഏപ്രിൽ ഏഴിന് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പത്മജ പറയുന്നുണ്ട്. വിഷമങ്ങൾ പലർക്കും ഉണ്ടെന്നും അതൊക്കെ പറഞ്ഞു തീർത്തു എല്ലാവരും ഒരുമിച്ചു പോയാൽ മാത്രമേ ഈ പ്രസ്ഥാനം രക്ഷപ്പെടൂവെന്നും പത്മജ വിശദീകരിച്ചു.

അനിൽ ആന്റണി പോയതിൽ എനിക്ക് വളരെ വിഷമം ഉണ്ട്. പക്ഷെ ഇത് പോലെയുള്ള കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നേതൃത്വം മുൻകൈ എടുത്തേ മതിയാകുവെന്ന് പറഞ്ഞാണ് പത്മജ അന്ന് കുറിപ്പ് അവസാനിപ്പിച്ചത്. ഈ കുറിപ്പിട്ട് 11 മാസങ്ങൾ പിന്നിടുമ്പോൾ പത്മജയും കൂടു മാറുന്നു. ബിജെപിയുടെ പ്രധാന മുഖമായ സുരേഷ് ഗോപിയാണ് ഈ ചരടു വലികൾക്ക് നേതൃത്വം നൽകിയത്. അനിൽ ആന്റണിയും നിർണ്ണായക നീക്കങ്ങൾ നടത്തി. അതീവ രഹസ്യമായി പത്മജയെ ബിജെപിയിൽ എത്തിക്കാനായിരുന്നു ശ്രമം. എന്നാൽ ന്യൂസ് 18 കേരള ഈ വാർത്ത നൽകിയതോടെ ചർച്ച സജീവമായി. പത്മജ ബിജെപിയിലേക്കെന്ന വാർത്തകൾ പുറത്തുവന്നതോടെ ഇന്നലെ ഉച്ചയ്ക്ക് നിഷേധക്കുറിപ്പുമായി പത്മജ രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്കിലൂടെയായിരുന്നു പ്രചാരണം തെറ്റാണെന്ന് പത്മജ പറഞ്ഞത്.

എന്നാൽ വൈകീട്ടോടെ ഈ ഫേസ്‌ബുക്ക് പോസ്റ്റ് നീക്കം ചെയ്തു. ഡൽഹിയിലുള്ള പത്മജ ബിജെപി കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇന്ന് പാർട്ടി അംഗത്വം സ്വീകരിക്കുമെന്നും പിന്നീട് ഉറപ്പാവുകയും ചെയ്തു.