തൃശൂർ; കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് പത്മജാ വേണുഗോപാൽ മാറുന്നത് മൂന്ന് കാര്യങ്ങൾ ചർച്ചയാക്കിയാണ്. അച്ഛന്റെ പേരിലുള്ള കരുണാകരൻ സ്മരാകത്തിന്റെ നിർമ്മാണം ഇഴയുന്നതാണ് അതിൽ പ്രധാനം. ഇതിനൊപ്പം രാജ്യസഭാ സീറ്റ് വേണമെന്ന ആവശ്യം നിരാകരിച്ചതും പത്മജയെ ചൊടിപ്പിച്ചു. തൃശൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിച്ച പാർട്ടിക്കാർ പദവികളിൽ തുടരുന്നതും അംഗീകരിക്കുന്നില്ല. ഇന്നും പത്മജയെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പത്മജയുമായി സംസാരിച്ചു. എന്നാൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് എഐസിസിയെ പത്മജ അറിയിച്ചു.

ബിജെപിയിൽ അംഗത്വം സ്വീകരിക്കാൻ കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ എന്ന് പരിവാർ ചാനലായ ജനവും വാർത്ത നൽകിയിട്ടുണ്ട്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയടക്കമുള്ള മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കോൺഗ്രസിൽ നിന്നും രാജിവച്ച് ദേശീയതയുടെ ഭാഗമാകാൻ പത്മജ വേണുഗോപാൽ തീരുമാനിച്ചത്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരന്റെ മകൾ ബിജെപിയിൽ ചേരുന്നതോടെ കേരളത്തിലെ രാഷ്ട്രീയക്കളം മാറി മറിയുമെന്ന് ഉറപ്പായി കഴിഞ്ഞുവെന്നാണ് ബിജെപി വിലയിരുത്തൽ.

തുടർച്ചയായി കോൺഗ്രസ് പാർട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായ അവഗണനയും കോൺഗ്രസ് നിലപാടുകളിൽ വന്ന മാറ്റവുമാണ് പത്മജ വേണുഗോപാലിനെ ബിജെപിയുടെ പാതയിലേയ്ക്ക് എത്തിച്ചത്. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃശൂർ മണ്ഡലത്തിൽ നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് മത്സരിച്ച നേതാവ് കൂടിയാണ് പത്മജ. ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പത്മജ വേണുഗോപാൽ ബിജെപിയിൽ അംഗത്വം സ്വീകരിച്ചാൽ അത് കോൺഗ്രസിനേൽക്കുന്ന കനത്ത തിരിച്ചയാകും.

ഇത്തവണ രാജ്യസഭാ സീറ്റ് തനിക്ക് കിട്ടുമെന്ന് പത്മജ കരുതിയിരുന്നു. എന്നാൽ മൂന്നാം സീറ്റ് ചർച്ചയിൽ അത് മുസ്ലിം ലീഗിന് പോയി. ലീഗിന്റെ ശക്തി ചർച്ചയാക്കിയത് പത്മജയുടെ ചേട്ടൻ മുരളീധരനായിരുന്നു. ഇതോടെയാണ് ലീഗ് നിലപാട് കടുപ്പിച്ചത്. ഇതെല്ലാം പത്മജയെ ക്ഷോഭിപ്പിച്ചു. അങ്ങനെയാണ് ബിജെപിയിലേക്ക് ചേരാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. സുരേഷ് ഗോപിയും പത്മജയുടെ മനസ്സ് അറിഞ്ഞ് ഇടപെടൽ നടത്തി. ഇതോടെ പത്മജ ഡൽഹിയിൽ എത്തി. ബിജെപി അവരെ സ്വാഗതം ചെയ്യുകയും ചെയ്തു. തനിക്ക് രാജ്യസഭാ സീറ്റ് നിഷേധിക്കാനാണ് ലീഗിനെ മുരളീധരൻ നിരന്തരം പുകഴ്‌ത്തിയതെന്ന പരാതിയും പത്മജയ്ക്കുണ്ട്.

ബിജെപിയിൽ ചേർന്നാൽ രാജ്യസഭ സീറ്റ് വേണമെന്ന പത്മജയ്ക്ക് നൽകിയേക്കും. കേരളത്തിലെ കോൺഗ്രസിന്റെ എക്കാലത്തെയും പ്രമുഖ നേതാവിന്റെ മകൾ എന്ന നിലയിൽ പ്രചാരണത്തിന് ഉപയോഗപ്പെടും. അതുകൊണ്ട് തന്നെ രാജ്യസഭാ സീറ്റ് പത്മജയ്ക്ക് നൽകിയേക്കും. നിലവിൽ മലയാളികളായി വിവിധ സംസ്ഥാനങ്ങളിൽ നിന്നും ജയിച്ച ബിജെപിക്കാരുടെ കാലാവധി തീർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ പത്മജയ്ക്ക് സീറ്റ് അടുത്ത തവണ നൽകുമെന്നാണ് സൂചന. താമസിയാതെ തന്നെ രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. സുരേഷ് ഗോപിയാണ് ഈ ഉറപ്പ് നിലവിൽ പത്മജയ്ക്ക് നൽകിയിട്ടുള്ളത്.

വ്യാഴാഴ്ച ബിജെപി. ആസ്ഥാനത്ത് വെച്ച് പത്മജ വേണുഗോപാൽ അംഗത്വമെടുത്തേക്കുമെന്നാണ് സൂചന. നിലവിൽ പത്മജ വേണുഗോപാൽ ഡൽഹിയിലാണ്. ബിജെപി. നേതാക്കളുമായി ചർച്ചയിലാണെന്നാണ് ലഭിക്കുന്ന വിവരം. ഉച്ചയോടെ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം നിഷേധിച്ചുകൊണ്ട് പത്മജ തന്നെ വൈകിട്ട് ഫേസ്‌ബുക്കിൽ കൂടി രംഗത്തെത്തി. 'ഒരു തമാശ പറഞ്ഞതാണ്, ഇങ്ങിനെയാകുമെന്ന് വിചാരിച്ചില്ല' എന്നായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ്.

എന്നാൽ പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ബിജെപി ആസ്ഥാനത്ത് വെച്ച് പത്മജ വേണുഗോപാൽ അംഗത്വം സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.