- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മജയുടെ ബിജെപിയിലേക്കുള്ള പോക്കിൽ മുരളീധരന്റെ പ്രതികരണം ഇങ്ങനെ
കൊച്ചി: മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുമ്പോൾ അത് വടകരയിൽ എങ്ങനെ പ്രതിഫലിക്കും? ഇതാണ് രാഷ്ട്കീയ കേരളം ഏറെ ചർച്ചയാക്കുന്നത്. പത്മജയുടെ സഹോദരൻ കെ മുരളീധരനാണ് വടകരയിലെ സിറ്റിങ് എംപി. വീണ്ടും മത്സരിക്കുകയും ചെയ്യും. വടകരയിൽ കെകെ ശൈലജയാണ് സിപിഎം സ്ഥാനാർത്ഥി. അതുകൊണ്ട് തന്നെ സഹോദരിയുടെ രാഷ്ട്രീയമാറ്റം മുരളീധരന് തിരിച്ചടിയാകുമോ എന്ന വിലയിരുത്തൽ സജീവം. അതിനിടെ തനിക്കൊരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് മുരളീധരൻ പ്രതികരിച്ചു.
പാർട്ടി വിടുന്നതു സംബന്ധിച്ച് ഒരു സൂചനയും പത്മജ തനിക്കു നൽകിയിട്ടില്ലെന്നും ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും കെ.മുരളീധരൻ എംപി പറഞ്ഞു. ഇന്നലെ മുതൽ പത്മജ തന്നെ ഫോണിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അവർ പോയാൽ കോൺഗ്രസിന് ഒരു ക്ഷീണവുമുണ്ടാകില്ലെന്നും മുരളീധരൻ പ്രതികരിച്ചു. മുരളീധരനുമായി രാഷ്ട്രീയ അടുപ്പം പത്മജയ്ക്കുണ്ടായിരുന്നില്ലെന്നതാണ് വസ്തുത. രണ്ടു പേരും രണ്ട് വഴിയിലായിരുന്നു കോൺഗ്രസിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നത്.
തുടർച്ചയായി കോൺഗ്രസ് നേതൃത്വം അവഗണിച്ചതാണു തീരുമാനത്തിനു പിന്നിലെന്നു പത്മജ അടുത്ത സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണ് ബിജെപിയിലേക്ക് എത്തുന്നതെന്നാണു സൂചന. ഇന്ന് ഉച്ചയ്ക്ക് മുൻപ് ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമെന്നാണു വിവരം. വാഗ്ദാനം ചെയ്തിരുന്ന രാജ്യസഭാ സീറ്റ് നൽകാത്തതും തന്നേക്കാൾ ജൂനിയറായവരെ രാജ്യസഭയിലേക്ക് അയച്ചതുമാണു പത്മജയെ ചൊടിപ്പിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ പത്മജ കയറുന്നതു ജില്ലാ നേതാക്കൾ തടഞ്ഞതോടെയാണു പ്രശ്‌നം തുടങ്ങിയത്. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃശൂർ മണ്ഡലത്തിൽ പത്മജ മത്സരിച്ചെങ്കിലും വിജയിച്ചില്ല. കെ.കരുണാകരന്റെ സ്മാരകം നിർമ്മിക്കുന്നതു കോൺഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതും മകൾക്ക് വേദനയായി. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ്. 2004ൽ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ച് തോറ്റിരുന്നു.
തൃശൂർ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയാണ്. ഇന്ത്യൻ നാഷനൽ ട്രേഡ് യൂണിയൻ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം, തഴപ്പായ എംപ്ലോയീസ് യൂണിയൻ, ടെക്‌നിക്കൽ എജ്യുക്കേഷനൽ സൊസൈറ്റി ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ ഭാരവാഹിയായിരുന്നു. കെടിഡിസി അധ്യക്ഷയായും പ്രവർത്തിച്ചു. മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെയും കല്യാണിക്കുട്ടി അമ്മയുടെയും മകൾക്ക് കോൺഗ്രസിലെ ഐ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ ഇപ്പോഴും നല്ല സ്വാധീനമുണ്ട്.