തൃശൂർ: താൻ ബിജെപിയിൽ ചേരുമെന്ന് സ്ഥിരീകരിച്ച് കോൺഗ്രസ് നോതാവ് പത്മജാ വേണുഗോപാൽ. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് പത്മജാ വേണുഗോപാൽ ബിജെപിയിൽ ചേരുമെന്ന് ഭർത്താവ് വേണുഗോപാലും അറിയിച്ചു. കോൺഗ്രസുകാരാണ് തന്നെ ബിജെപിയാക്കിയതെന്ന് പത്മജാ വേണുഗോപാൽ പ്രതികരിച്ചു. മോദി നല്ലൊരു ലീഡറാണ്. അതുകൊണ്ടാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് കേരളത്തിലെ ലീഡറുടെ മകൾ എന്ന് അറിയപ്പെടുന്ന പത്മജാ വേണുഗോപാൽ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിച്ചവരെ തന്റെ മൂക്കിന് താഴെ കൊണ്ടു വച്ചു. ഇത് സഹിക്കുന്നതിലും അപ്പുറമായിരുന്നു. കുറച്ചു കാലമായി ഒന്നിലും ഇടപെട്ടില്ല. എന്റെ വേദനയാണ് എന്നെ ബിജെപിയിലേക്ക് എത്തിച്ചത്. കോൺഗ്രസ് നേതൃത്വം എന്ന ബിജെപിയിലേക്ക് തള്ളി വിടുകയായിരുന്നു-പത്മജ പ്രതികരിച്ചു.

അച്ഛന്റെ ആത്മാവ് പൊറുക്കില്ലെന്നാണ് പത്മജയുടെ ചേട്ടനായ കെ മുരളീധരൻ പ്രതികരിച്ചത്. ഇനി അനുജത്തിയുമായി ഒരു ബന്ധവുമില്ലെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ ഇതിനെ പരിഹസിക്കുകയായിരുന്നു പത്മജ. ഇപ്പോൾ പറയുന്നത് മുരളീയേട്ടൻ പിന്നീട് തിരുത്തും. അച്ഛൻ ജീവിച്ചിരിക്കും വരെ താൻ അച്ഛനെ വേദനിപ്പിച്ചിട്ടില്ല. സിപിഎമ്മായിരുന്നു അച്ഛന്റെ പ്രധാന രാഷ്ട്രീയ എതിരാളി. ആ സിപിഎമ്മുമായി പോലും പിന്നീട് അച്ഛൻ സഹകരിച്ചു. രാഷ്ട്രീയത്തിൽ അച്ഛൻ അപമാനിക്കപ്പെട്ടപ്പോഴായിരുന്നു ഇത്. കെ മുരളീധരന്റെ വാദങ്ങളെല്ലാം പത്മജ തള്ളുകയാണ്. ഇതിനിടെയാണ് പത്മജയുടെ ഭർത്താവും പ്രതികരണവുമായി എത്തിയത്. പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപി.യിൽ ചേരുമെന്ന് സ്ഥിരീകരിച്ച് ഭർത്താവ് ഡോ.വേണുഗോപാൽ എത്തുകായണ്. പാർട്ടിയിൽനിന്നും കിട്ടിയ വലിയ അവഗണനയിൽ പത്മജ വേ?ദനിക്കുന്നത് കണ്ടിട്ടുണ്ടെന്നും അതുകൊണ്ടായിരിക്കാം ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

പത്മജ എന്തുതീരുമാനമെടുത്താലും ഞാൻ അതിനെ പിന്തുണക്കാറാണ് പതിവ്. രാഷ്ട്രീയമായി ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നില്ല. കെ.കരുണാകരൻ സ്മാരക നിർമ്മാണം വൈകുന്നതിനും അവർ അസ്വസ്ഥയായിരുന്നു. പലരും അതിന് എതിരുനിന്നു. രാഷ്ട്രീയമാറ്റമെന്ന തീരുമാനം നേരത്തെ ഉണ്ടായിരുന്നില്ല. രാഷ്ട്രീയം അവസാനിപ്പിച്ച് വീട്ടിലിരിക്കാനാണ് താൻ പറയാറ്. പത്മജയുടെ മനസ്സിലും ഇതുതന്നെയായിരുന്നു. എന്നാൽ, മികച്ച ഒരു അവസരം വന്നപ്പോൾ ശ്രമിച്ചുനോക്കാമെന്ന് വിചാരിച്ചു. പത്മജയുടെ തീരുമാനത്തിന് എല്ലാവിധ പിന്തുണയും ഉണ്ട്. ഭാര്യയുടെ വ്യക്തിപരമായ തീരുമാനങ്ങൾ എതിർക്കാറില്ല- വേണു?ഗോപാൽ വ്യക്തമാക്കി. ചിലമണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെന്നും പത്മജ സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടോയെന്നുമുള്ള ചോദ്യത്തിന്, ഒരിക്കലും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നായിരുന്നു പ്രതികരണം.

രാഷ്ട്രീയം സംസാരിക്കാറില്ല, രാഷ്ട്രീയത്തിൽ ഇടപെടാറില്ല. പക്ഷെ ഭാര്യ യുക്തിസഹമായ ഒരു തീരുമാനമെടുത്താൽ അതിനെ പിന്തുണയ്ക്കാറുണ്ട്. അത്തരത്തിലുള്ളതാണ് ഇപ്പോൾ വന്നത്. പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ടിട്ടും വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും അവഗണിക്കപ്പെടുകയാണെന്നും കുറേനാളായി പത്മജ പറയാറുണ്ട്. സർക്കാർ സൗജന്യമായി സ്ഥലം നൽകിയിട്ടും കരുണാകരൻ സ്മാരകം പൂർത്തീകരിക്കാനാകാത്തതിലാണ് പത്മജ ഏറ്റവും കൂടുതൽ വേദനിച്ചത്- വേണുഗോപാൽ വ്യക്തമാക്കി.

ബുധനാഴ്ച ഉച്ചയോടെ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം നിഷേധിച്ചുകൊണ്ട് പത്മജ തന്നെ വൈകിട്ട് ഫേസ്‌ബുക്കിൽകൂടി രംഗത്തെത്തി. 'ഒരു തമാശ പറഞ്ഞതാണ്, ഇങ്ങിനെയാകുമെന്ന് വിചാരിച്ചില്ല' എന്നായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ്. എന്നാൽ പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു. അതിന് ശേഷമാണ് സ്ഥിരീകരണം ഉണ്ടാകുന്നത്. തുടർച്ചയായി കോൺഗ്രസ് നേതൃത്വം അവഗണിച്ചതാണു തീരുമാനത്തിനു പിന്നിലെന്നു പത്മജ അടുത്ത സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണ് പത്മജ ബിജെപിയിലേക്ക് എത്തുന്നതെന്നാണു സൂചന.

വാഗ്ദാനം ചെയ്തിരുന്ന രാജ്യസഭാ സീറ്റ് നൽകാത്തതും തന്നേക്കാൾ ജൂനിയറായവരെ രാജ്യസഭയിലേക്ക് അയച്ചതുമാണു പത്മജയെ ചൊടിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ പത്മജ കയറുന്നതു ജില്ലാ നേതാക്കൾ തടഞ്ഞതോടെയാണു പ്രശ്‌നം തുടങ്ങിയത്. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃശൂർ മണ്ഡലത്തിൽ പത്മജ മത്സരിച്ചെങ്കിലും വിജയിച്ചില്ല. കെ.കരുണാകരന്റെ സ്മാരകം നിർമ്മിക്കുന്നതു കോൺഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതും പത്മജയുടെ തീരുമാനത്തെ സ്വാധീനിച്ചതായാണു സൂചന.

തൃശൂർ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയാണ് പത്മജ. ഇന്ത്യൻ നാഷനൽ ട്രേഡ് യൂണിയൻ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം, തഴപ്പായ എംപ്ലോയീസ് യൂണിയൻ, ടെക്‌നിക്കൽ എജ്യുക്കേഷനൽ സൊസൈറ്റി ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ ഭാരവാഹിയായിരുന്നു. കെടിഡിസി അധ്യക്ഷയായും പ്രവർത്തിച്ചു. മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെയും കല്യാണിക്കുട്ടി അമ്മയുടെയും മകളാണ്. പാർട്ടി വിടുന്നതു സംബന്ധിച്ച് ഒരു സൂചനയും പത്മജ തനിക്കു നൽകിയിട്ടില്ലെന്നും ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും സഹോദരൻ കൂടിയായ കെ.മുരളീധരൻ എംപി പറഞ്ഞു.

ഇന്നലെ മുതൽ പത്മജ തന്നെ ഫോണിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അവർ പോയാൽ കോൺഗ്രസിന് ഒരു ക്ഷീണവുമുണ്ടാകില്ലെന്നും മുരളീധരൻ പ്രതികരിച്ചു.