- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനിയും നേതാക്കൾ ബിജെപിയിൽ പോകും: തുറന്നു പറഞ്ഞ് പത്മജ
തിരുവനന്തപുരം: ബിജെപിയിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസിനെതിരെ ആരോപണങ്ങളുമായി പത്മജ വേണുഗോപാൽ. കോൺഗ്രസിൽ നിന്നും നേരിട്ട അവഗണനയാണ് പാർട്ടി വിടുന്നതിലേക്ക് എത്തിയതെന്ന് പത്മജ പ്രതികരിച്ചു. കോൺഗ്രസിൽ നിന്ന് ഇനിയും നേതാക്കൾ ബിജെപിയിലേക്ക് പോകും. മൂന്ന് കൊല്ലം മുമ്പാണ് ഞാൻ പാർട്ടി വിടാൻ തീരുമാനിച്ചത്. ബിജെപിയുടെ കേന്ദ്ര നേതാക്കൾ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. തീരുമാനമെടുക്കും മുന്നേ ഒരുപാട് തവണ കെസി വേണുഗോപാലിനെ വിളിച്ചു. പക്ഷേ ഫോൺ എടുത്തില്ല.
ഇലക്ഷന് വേണ്ടി പലരുടെയും അടുത്ത് നിന്നും കോൺഗ്രസ് നേതാക്കൾ പണം വാങ്ങിയെന്നും പത്മജ ആരോപിച്ചു. പ്രിയങ്കയുടെപരിപാടിക്കായി എന്റെ കയ്യിൽ നിന്നും പണം വാങ്ങി പറ്റിച്ചു. 50 ലക്ഷമാണ് ചോദിച്ചത്. 22 ലക്ഷം ഞാൻ നൽകി. അന്ന് പ്രിയങ്കക്കൊപ്പം വാഹനപര്യടനത്തിൽ കയറേണ്ടതെന്ന് ചോദിച്ചപ്പോൾ ഡിസിസി പ്രസിഡന്റ് ചൂടായി.
പ്രവർത്തന സ്വാതന്ത്രം മാത്രമാണ് ബിജെപിയോട് ഞാൻ ആവശ്യപ്പെട്ടത്. സീറ്റ് വാഗ്ദാനമൊന്നും ബിജെപി നൽകിയിട്ടില്ല. പാർട്ടി ആവശ്യപ്പെട്ടാൽ കെ മുരളീധരനെതിരെ പ്രചാരണത്തിന് ഇറങ്ങും. ഇനി കോൺഗ്രസിലേക്ക് ഇനിയൊരു തിരിച്ച് പോക്കില്ല. ഒരുപാട് പ്രശ്‌നങ്ങൾ കോൺഗ്രസിൽ നിന്നും നേരിട്ടു. ആരും സഹായിക്കാനുണ്ടായില്ല. കെപിസിസി പ്രസിഡന്റിന് മുന്നിൽ ഒരു ദിവസം പൊട്ടിക്കരയേണ്ടി വന്നിട്ടുണ്ട്. അത്രയേറെ അവഗണനയുണ്ടായി. കോൺഗ്രസിൽ നിന്നും ഇനിയും കൊഴിഞ്ഞ് പോക്കുണ്ടാകുമെന്ന് ഉറപ്പാണെന്നും അവർ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
നേരത്തെ കോൺഗ്രസ് നേതാവും സഹോദരനുമായ കെ. മുരളീധരന്റെ 'വർക് അറ്റ് ഹോം' പരാമർശത്തെ രൂക്ഷമായി വിമർശിച്ച് പത്മജ രംഗതത്തുവന്നിരുന്നു. അനിയനായിരുന്നെങ്കിൽ അടി കൊടുക്കാമായിരുന്നുവെന്നും ചേട്ടനായിപ്പോയെന്നും പത്മജ പറഞ്ഞു. ബിജെപി അംഗത്വമെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ പത്മജ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു പത്മജയുടെ പരാമർശം.
തന്റെ ആരോഗ്യ പ്രശ്നം അടക്കം ചേട്ടന് അറിയാമായിരുന്നു. അദ്ദേഹം പറയുന്നത് വോട്ടിന് വേണ്ടിയാണ്. മൂന്ന്, നാല് പാർട്ടി മാറി വന്ന ആളായതു കൊണ്ട് എന്തും പറയാം. കൂടുതൽ ഒന്നും പറയുന്നില്ല. ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കൂടുതൽ കോൺഗ്രസുകാർ ബിജെപിയിലെത്തുമെന്നും പത്മജ വ്യക്തമാക്കി.
എത്രയോ പേർ കോൺഗ്രസിൽ നിന്ന് പാർട്ടി വിട്ടുപോയി. അച്ഛൻ വരെ പോയിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി പാർട്ടിയുമായി അകന്നു നിൽക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ തന്നെ തോൽപിച്ച നേതാക്കളെ കുറിച്ച് കൃത്യമായി അറിയാം. പക്ഷെ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല. സ്വന്തം മണ്ഡലത്തിൽ പോലും പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. കേരളത്തിൽ നിന്ന് പോയാലോ എന്ന് വരെ ചിന്തിച്ചു. കെപിസിസി അധ്യക്ഷന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞെന്നും പത്മജ പറഞ്ഞു.
കെ. കരുണാകരനെ പോലും ചില നേതാക്കൾ അപമാനിച്ചു. നേതൃത്വത്തോട് പറഞ്ഞെങ്കിലും നിസാരമായി എടുക്കുകയായിരുന്നു. തന്റെ അമ്മയെ അപമാനിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കും. കരുണാകരന്റെ മകൾ അല്ല എന്നാണ് രാഹുൽ പറഞ്ഞത്. രാഹുൽ ടി.വിയിൽ ഇരുന്ന് നേതാവായ ആളാണ്. അയാൾ ജയിലിൽ കിടന്ന കഥയൊക്കെ അറിയാമെന്നും തന്നെ കൊണ്ട് പറയിപ്പിക്കരുതെന്നും പത്മജ വ്യക്തമാക്കി.