- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മജാ വേണുഗോപാലിനെ ബിജെപിയിലേക്ക് എത്തിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ?
തിരുവനന്തപുരം: പത്മജാ വേണുഗോപാലിനെ ബിജെപിയിലേക്ക് എത്തിച്ചത് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെന്ന് കെ മുരളീധരന്റെ ആരോപണം. കൊച്ചി കമ്മീഷണറായിരുന്നപ്പോൾ തന്നെ ലോക്‌നാഥ് ബെഹ്‌റയ്ക്ക് തന്റെ വീടുമായി ബന്ധമുണ്ടായിരുന്നുവെന്ന് മുരളീധരൻ പറയുന്നു. കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു ബെഹ്‌റ കുടുംബവുമായി അടുപ്പമുണ്ടാക്കിയത്. ഡൽഹിയിൽ ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്ല ബന്ധമുണ്ട്. ഇതാണ് പത്മജയെ ബിജെപിയിൽ എത്തിച്ചതെന്നാണ് കെ മുരളീധരന്റെ ആരോപണം. ബിജെപിയുമായി ബെഹ്‌റയ്ക്ക് അടുപ്പമുണ്ടെന്നും മുരളീധരൻ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബെഹ്‌റയ്ക്ക് നല്ല ബന്ധമുണ്ടെന്ന് മുരളീധരൻ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിലാണ് ഈ ആരോപണം.
ബെഹ്‌റയിലേക്ക് വിരൽ ചൂണ്ടുന്ന ആരോപണം കഴിഞ്ഞ ദിവസം ഉയർന്നിരുന്നു. പത്മജ വേണുഗോപാൽ ബിജെപിയിലെത്തിയതിന് പിന്നിൽ പ്രവർത്തിച്ചത് താനാണെന്ന രീതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപണം ഉന്നയിച്ചത് നിഷേധിച്ച് മുൻ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ലോക്നാഥ് ബെഹ്റ രംഗത്തു വന്നത്. കൊച്ചിയിലുള്ള മുൻ ഐപിഎസ് ഉദ്യോഗസ്ഥനാണ് പത്മജയുടെ ബിജെപി പ്രവേശനത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ചതെന്നാണ് വി.ഡി സതീശൻ ആരോപിച്ചത്. ഇതിന് പിന്നാലെയാണ് മുരളീധരന്റെ ആരോപണവും. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. തനിക്ക് ഇക്കാര്യത്തിൽ പങ്കില്ല. കൂടുതൽ ഒന്നും പറയാനില്ലെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.
കേരളത്തിൽ നിന്ന് ഒരു കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നതിൽ ഏറ്റവും സന്തോഷം സിപിഎം നേതാക്കൾക്കാണെന്നും സതീശൻ വിമർശിച്ചിരുന്നു കേരളത്തിൽ ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരം സി പി എമ്മും ബിജെപിയും തമ്മിലാണെന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ പറഞ്ഞതും സതീശൻ ചൂണ്ടിക്കാട്ടി. അതേസമയം തന്റെ ബിജെപി പ്രവേശനത്തിൽ ആരും ഇടനില നിന്നിട്ടില്ലെന്ന് പത്മജ വേണുഗോപാൽ പറഞ്ഞു. ഇതിന് പിന്നാലെയാണ് ബെഹ്‌റയെ പ്രതിസന്ഥാനത്ത് നിർത്തി മുരളീധരൻ നേരിട്ട് രംഗത്ത് വന്നത്. കരുണാകരന്റെ മകനും പത്മജയുടെ ചേട്ടനുമായ മുരളീധരന്റെ ഈ പ്രസ്താവന കേരളത്തിൽ രാഷ്ട്രീയമായി തന്നെ ചർച്ചയാകും. കൊച്ചി മെട്രോയുടെ ചുമതലയിൽ ബെഹ്‌റയുള്ളതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ പത്മജയുടെ ചുവടു മാറ്റത്തിൽ പിണറായി-മോദി ബന്ധത്തിന്റെ സ്വാധീനമുണ്ടെന്ന് വരുത്താനാണ് കോൺഗ്രസ് ശ്രമം.
കേന്ദ്ര സർക്കാരുമായി ഏറെ അടുപ്പമുള്ള ഉത്തരേന്ത്യക്കാരൻ. കേരളത്തിൽ സ്ഥിര താമസമാക്കിയ കുറ്റന്വേഷണ രംഗത്തെ മിടുമിടുക്കൻ. പത്മജയുടെ ബിജെപിയിലേക്കുള്ള തുടക്കം ഈ വിരമിച്ച ഐപിഎസുകാരനിലൂടെയാണ്. ഡിജിപി റാങ്കിൽ സർവ്വീസിൽ നിന്നും റിട്ടയർ ചെയ്ത ഈ ഐപിഎസുകാരൻ പൊലീസുകാർക്കും പ്രിയപ്പെട്ടവനാണ്. ഏറെ കാലം കേരളത്തിൽ ഡിജിപി റാങ്കിൽ പ്രവർത്തിച്ചിരുന്നു. കൊച്ചി കേന്ദ്രീകരിച്ചാണ് ഈ റിട്ടയർ ഉദ്യോഗസ്ഥൻ പ്രവർത്തിക്കുന്നത്. ആദ്യ ഘട്ടം ഇവിടെ തുടങ്ങിയെങ്കിൽ പിന്നീട് അത് സുരേഷ് ഗോപിയുടെ കൂടി ചുമതലയിലായി-ഇതായിരുന്നു പത്മജയുടെ ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട് പ്രചരിച്ച കഥ.
കെ കരുണാകരന്റെ കുടുംബവുമായി സുരേഷ് ഗോപിക്ക് അടുത്ത ബന്ധമുണ്ട്. പത്മജയുമായി സുരേഷ് ഗോപിക്കും നല്ല അടുപ്പമുണ്ട്. ഇതിനൊപ്പം എകെ ആന്റണിയുടെ മകനും ചേർന്നു. അനിൽ ആന്റണിയും കരുനീക്കം നടത്തി. എല്ലാം അതീവ രഹസ്യമായിരുന്നു. പത്മജയുടെ ഡൽഹി യാത്ര ഉറപ്പിക്കും വരെ ആരും ഒന്നും അറിഞ്ഞില്ല. ആർഎസ്എസ് നേതൃത്വത്തേയും കാര്യങ്ങൾ ധരിപ്പിച്ചു. ഏതായാലും പത്മജയുടെ ഓപ്പറേഷൻ വൻ വിജയമായെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഈ ചർച്ചകൾ തുടങ്ങിയ ശേഷമാണ് ബെഹ്‌റയെ പ്രതിക്കൂട്ടിൽ നിർത്തി പ്രതികരണം വിഡി സതീശൻ നടത്തിയത്. കടന്നാക്രമണവുമായി മുരളീധരനും എത്തുന്നു. കോൺഗ്രസിനെ ഏറെ ഞെട്ടിച്ചിരിക്കുകയാണ് പത്മജയുടെ പാർട്ടി മാറ്റം എന്ന് സൂചനകളാണ് പ്രതിപക്ഷ നേതാവിന്റേയും വാക്കുകളിൽ പ്രകടമായത്.
കോൺഗ്രസ് നേതാവും കെ.കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നത് തീർത്തും അപ്രതീക്ഷിതമാണ്. ഡൽഹിയിൽ ബിജെപി. ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവ്‌ദേക്കറിൽ നിന്നാണ് പത്മജ ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്നും അതുകൊണ്ടു മാത്രമാണ് ബിജെപി ചേരുന്നതെന്നും പത്മജ മാധ്യമങ്ങളോടു പറഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് ഇടനിലക്കാരനിലേക്ക് ചർച്ചകൾ എത്തുന്നത്. പത്മജയുടെ ബിജെപി. പ്രവേശനം സംബന്ധിച്ച് ഏതാനും ദിവസം മുതൽ അഭ്യൂഹങ്ങളുയർന്നിരുന്നു. പ്രചാരണം ഫേസ്‌ബുക്കിലൂടെ ആദ്യം നിഷേധിച്ച പത്മജ പിന്നീട് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. കോൺഗ്രസിലെ അവഗണനയെ തുടർന്നാണ് താൻ ബിജെപിയിലേക്ക് മാറുന്നതെന്ന് അവർ പ്രതികരിക്കുകയും ചെയ്തു.
കെപിസിസി ഭാരവാഹിത്വവും എഐസിസിസി അംഗത്വവും വഹിച്ചിട്ടുണ്ട് പത്മജ. കഴിഞ്ഞ രണ്ടു തവണകളിലായി തൃശ്ശൂരിൽ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. 2004-ൽ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിലും മത്സരിച്ചിട്ടുണ്ട്. കെ.ടി.ഡി.സി. മുൻ ചെയർപേഴ്‌സണാണ്. ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ, ഐ.എൻ.ടി.യു.സി. വർക്കിങ് കമ്മിറ്റി അംഗം, പ്രിയദർശിനി ആൻഡ് രാജീവ്ഗാന്ധി സ്റ്റഡി സെന്റർ, എച്ച്.എം ടി. എംപ്ലോയീസ് യൂണിയൻ, തഴപ്പായ എംപ്ലോയീസ് യൂണിയൻ, ടെക്‌നിക്കൽ എജ്യൂക്കേഷണൽ സൊെസെറ്റി ഓഫ് ഇന്ത്യ എന്നിങ്ങനെ നിരവധി സംഘടനകളുടെ ഭാരവാഹിയായിരുന്നു.