തൃശ്ശൂർ: കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പാർട്ടിവിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാൽ. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തൃശ്ശൂരിൽ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തിയപ്പോൾ അവരുടെ വാഹനത്തിൽ കയറാൻ വേണ്ടി തന്റെ കൈയിൽ നിന്ന് 22.5 ലക്ഷം രൂപ വാങ്ങിയതായും തന്നെ വാഹനത്തിൽ കയറ്റിയില്ലെന്നും പത്മജ ആരോപിച്ചു. കെ.സുധാകരൻ മാത്രമാണ് കോൺഗ്രസിൽ തന്നോട് ആത്മാർഥതയോടെ പെരുമാറിയതെന്നും അദ്ദേഹത്തെ വിട്ടുപോരുന്നതിൽ മാത്രമാണ് തന്റെ മനസ്സിടറിയതെന്നും പത്മജ പറഞ്ഞു.

'പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ കയറ്റാൻ എന്റെ കൈയിൽ നിന്ന് 22.5 ലക്ഷം രൂപ വാങ്ങി. ഡിസിസി പ്രസിഡന്റ് എംപി.വിൻസെന്റാണ് വാങ്ങിയത്. തരില്ലെന്ന് പറഞ്ഞപ്പോൾ എന്നാൽ ചേച്ചി, ചേച്ചിയുടെ കാര്യം നോക്കെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തിരഞ്ഞെടുപ്പ് സമയത്ത് നമ്മൾ എന്തും പേടിക്കണമല്ലോ, അങ്ങനെ പണം ഞാൻ നൽകി. പ്രിയങ്ക വന്നപ്പോൾ ഞാൻ എവിടെ നിന്നാണ് കയറേണ്ടതെന്ന് ഇവരോട് ചോദിച്ചു. ചേച്ചി സ്റ്റേജിൽ വന്നാൽ മതിയെന്ന് പറഞ്ഞു. അതോടെ ഞാൻ കയറുമെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കി. അതോടെ ഏത് വഴിയിലൂടെയാണ് വരുന്നതെന്ന് പോലും എന്നോട് പറഞ്ഞില്ല. അല്ലെങ്കിൽ എന്റെ സ്വഭാവം അനുസരിച്ച് റോഡിലിറങ്ങി നിന്നേനെ.പിന്നീട് പത്മജ ഔട്ട്, പ്രതാപൻ ഇൻ എന്ന് പത്രങ്ങൾ എഴുതി' പത്മജ വേണുഗോപാൽ പറഞ്ഞു.

'കെ.സുധാകരൻ മാത്രമാണ് എന്നോട് ആത്മാർഥമായി പെരുമാറിയത്. എന്നെ അനുജത്തിയെ പോലെയാണ് കണ്ടത്. സുധാകരേട്ടനെ വിട്ടുപോന്നപ്പോൾ മാത്രമാണ് എന്റെ മനസ്സൊന്ന് ആടിയത്. ഏട്ടെനെന്ന നിലയിൽ മാത്രമാണ് കെ.മുരളീധരനെ ഇഷ്ടം. ഇത്രകാലം കൂടെജീവിച്ചിട്ടും കെ.മുരളീധരന്റെ മനസ്സ് എനിക്ക് മനസ്സിലായിട്ടില്ല. എന്നും അനിയത്തി എന്ന നിലയിലുള്ള ദൗർബല്യങ്ങളാണ് എന്നെ ഇവിടെ കൊണ്ട് എത്തിച്ചത്' പത്മജ പറഞ്ഞു. മാർക്സിസ്റ്റ് പാർട്ടിയുടെ വോട്ടടക്കം തനിക്ക് തൃശ്ശൂരിൽ കഴിഞ്ഞ തവണ ലഭിച്ചിട്ടുണ്ടെന്നും പക്ഷേ കൂടെ നിന്നവരാണ് കാലുവാരിയതെന്നും അവർ കൂട്ടിച്ചേർത്തു.

'എന്നെ തോൽപ്പിച്ച രണ്ട് പേർ തൃശ്ശൂരിൽ കെ.മുരളീധരന് സ്വീകരണം നൽകിയപ്പോൾ ജീപ്പിന്റെ അപ്പുറവും ഇപ്പുറവും നിന്നവരാണ്. വേറെ വലിയ നേതാക്കളുമുണ്ട്. എന്നെ വല്ലാതെ ചൊറിഞ്ഞാൽ പേര് ഞാൻ പറയും. പാവം മുരളിയേട്ടൻ വടകരയിൽ സുഖകരമായി ജയിച്ചുപോയെനേ. എന്നെ തോൽപ്പിച്ചവർ മുരളീധരനെയും തോൽപ്പിക്കും. എനിക്കെതിരെ വിമർശനം നടത്തുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ പൊട്ടിമുളച്ചവരാണ്. ചാനലിലിരുന്ന് വലിയ വർത്താനം പറഞ്ഞാണ് നേതാക്കളായതാണ്. അവർ വിമർശിച്ചാൽ എനിക്ക് പുഛം മാത്രേയുള്ളൂ-പത്മജ പറഞ്ഞു.

ഷാഫി പറമ്പിലിനെ വടകരയിൽ നിർത്തിയത് പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് നൽകാൻ വേണ്ടിയാണ്. അതിനാണ് രാജാവിനേക്കാൾ വലിയ രാജഭക്തി രാഹുൽ ചെയ്യുന്നത്. സഹിക്കാൻ വയ്യാതെയാണ് ഞാൻ കോൺഗ്രസ് വിട്ടത്. അച്ഛന്റെ മന്ദിരം പണിയുമെന്നതായിരുന്നു അവസാനം വരെ കോൺഗ്രസിൽ എന്നെ പിടിച്ച് നിർത്തിയത്. കെപിസിസി പ്രസിഡന്റിന്റെ മുന്നിൽ പൊട്ടിക്കരഞ്ഞിട്ടുണ്ട്-പത്മജ പറഞ്ഞു. മുരളീധരന്റെ ജീപ്പിൽ ഇടത്തും വലത്തും നിന്നവരാണ് തന്നെ കാലുവാരിയത്. അത് എംപി വിൻസെന്റും ടി.എൻ പ്രതാപനും അല്ലെയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത് നിങ്ങൾ തന്നെ നോക്കുക എന്നായിരുന്നു പത്മജയുടെ മറുപടി.

തൃശൂരിൽ ആര് ജയിക്കുമെന്ന് മാധ്യമങ്ങളുടെ ചോദ്യത്തോട് ആദ്യം അത് തനിക്കറിയില്ല എന്ന് പറഞ്ഞ പത്മജ, സുരേഷിഗോപി തന്നെ ജയിക്കുമെന്ന് പിന്നീട് പറഞ്ഞു. മുരളീധരൻ തോൽക്കുമോ എന്ന ചോദ്യത്തിന് താൻ അങ്ങനെ പറയുന്നില്ല. അദ്ദേഹത്തിന്റെ ജാതകം നോക്കണം എന്നായിരു്നനു മറുപടി. തന്നെ വിമർശിച്ച രാഹുൽ മാങ്കൂട്ടത്തിലിനും പത്മജ മറുപടി നൽകി. യൂത്ത് കോൺഗ്രസുകാർ ഇന്നലെ പൊട്ടിമുളച്ചവരാണ്. ചാനൽ ചർച്ചകളിലിരുന്ന് ആളായവരാണ്. ഷാഫി വടകരയിൽ ജയിച്ചാൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎയാക്കാനാണ് പ്ലാൻ. അതാണ് രാഹുൽ രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്നത്. പാർട്ടി പറഞ്ഞാൽ തൃശൂരിൽ സുരേഷ് ഗോപിക്കായി വോട്ട് തേടും. മുരളീ മന്ദിരത്തിലേക്ക് ആർക്കും വരാമെന്നും തനിക്ക് ജാതിയും മതവുമില്ലെന്നും പത്മജ കൂട്ടിച്ചേർത്തു.

കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ കോൺഗ്രസ് വിടുമായിരുന്നുവെന്നും കെ.മുരളീധരനും മറ്റ് പലരും ബിജെപിയിലേക്ക് വരുമെന്നും പത്മജ പറഞ്ഞു. സഹോദരൻ മൂന്ന് പാർട്ടിയുടെ പ്രസിഡന്റായിരുന്നു. തൃശൂരിൽ രണ്ടാം വട്ടം തോറ്റപ്പോൾ തന്നെ കോൺഗ്രസ് വിട്ട് പോകണമെന്ന് തീരുമാനിച്ചിരുന്നു. തോൽപ്പിച്ചതിന് പിന്നിൽ രണ്ടു നേതാക്കളാണ്. ഇവരേക്കാൾ വലിയ നേതാക്കളുണ്ട്. വല്ലാതെ ചൊറിഞ്ഞാൽ അവരുടെ പേര് പറയും. സഹോദരൻ മൂന്ന് പാർട്ടിയുടെ പ്രസിഡന്റായിരുന്നു. പഴയ കോൺഗ്രസുകാരാണ് ഇപ്പോൾ ബിജെപിയിൽ ഉള്ളത്. അതുകൊണ്ട് വലിയ വ്യത്യാസം തോന്നിയിട്ടില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

'എനിക്ക് ഒറ്റസങ്കടമേയുള്ളൂ. എന്നെ തോൽപ്പിക്കാൻ നിന്ന രണ്ടുപേർ മുരളിയേട്ടന്റെ ജീപ്പിന്റെ അപ്പുറവും ഇപ്പുറവും നിൽക്കുന്നതു കണ്ടു. എന്നെ വല്ലാതെ ചൊറിയട്ടെ അപ്പോൾ ഇതിനു പിന്നിൽ പ്രവർത്തിച്ച വലിയ നേതാക്കളാരൊക്കെയെന്ന് ഞാൻ പറയാം. കരുണാകരന്റെ മക്കളോട് തന്നെ തന്നെ അവർക്ക് ദേഷ്യമാണ്. പാവം മുരളിയേട്ടനെ ഇവിടെ കൊണ്ടുവന്നിട്ടത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. തൃശൂരിൽ കുറച്ചു വൃത്തികെട്ട നേതാക്കന്മാരുണ്ട്. അവരുടെ സമീപത്തു നിന്ന് ഓടിപ്പോയതിൽ എനിക്കു വളരെ സന്തോഷമുണ്ട്."- പത്മജ പറഞ്ഞു.

"മുരളിയേട്ടൻ ദേഷ്യം വരുമ്പോൾ ചാടിത്തുള്ളി എന്തെങ്കിലും പറയുമെന്നേയുള്ളൂ. ഞാനത് കാര്യമാക്കാറില്ല. എന്റെ അച്ഛൻ കുറച്ചുകാലം കൂടിയുണ്ടായിരുന്നെങ്കിൽ അദ്ദേഹം പാർട്ടി വിട്ടു പോകുമായിരുന്നു. പഴയ കോൺഗ്രസുകാരാണ് ബിജെപിയിലേക്കു വന്ന പലരും. എന്റെ കൂടെ ഇവിടെ വന്നിരുന്ന് ഊണുകഴിച്ച കോൺഗ്രസുകാർ തന്നെയാണ് എന്നെ പിന്നിൽ നിന്നു കുത്തുന്നത്. എപ്പോഴും ചന്ദനക്കുറി തൊട്ടുപോയപ്പോൾ അവർ ഞാൻ വർഗീയവാദിയാണെന്നു പറഞ്ഞു. അച്ഛനങ്ങനെ ചെയ്തിരുന്നില്ലല്ലോ എന്നായിരുന്നു ചോദ്യം. അതുകൊണ്ടു തന്നെ ഞാൻ ചന്ദനക്കുറി തൊടുന്നത് നിർത്തി-പത്മജ പറഞ്ഞു.