തിരുവനന്തപുരം: ഇ.പി. ജയരാജനാണ് സിപിഎമ്മിലേക്കു ക്ഷണിച്ച നേതാവെന്ന ദല്ലാൾ നന്ദകുമാറിന്റെ പ്രസ്താവന തള്ളി ബിജെപിയിൽ അംഗത്വമെടുത്ത പത്മജ വേണുഗോപാൽ. തന്നെ സിപിഎമ്മിലേക്കു ക്ഷണിച്ചത് ഇ.പി. ജയരാജനല്ല. ദല്ലാൾ നന്ദകുമാർ തന്നെ വിളിച്ചപ്പോൾ താൻ പ്രതികരിച്ചിട്ടില്ലെന്നും അവർ ഒരു മാധ്യമത്തോട് വ്യക്തമാക്കി.

ദല്ലാൾ നന്ദകുമാറുമായി സംസാരിച്ചിട്ടില്ലെന്നും മുതിർന്ന രണ്ട് സിപിഎം നേതാക്കളാണ് അവരുടെ പാർട്ടിയിലേക്ക് ക്ഷണിച്ചതെന്നും പത്മജ പറഞ്ഞു. മുതർന്ന സിപിഎം നേതാക്കൾ വിളിച്ചിരുന്നു എന്നത് ശരിയാണ്. പക്ഷേ, അവരുമായി നല്ല ബന്ധം സൂക്ഷിക്കുന്നതിനാൽ തത്കാലം പേര് പരാമർശിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. സ്ഥാനം നോക്കിയല്ല ഞാൻ ഒരു പാർട്ടിയിലേക്കും പോയത്. നന്ദകുമാർ വിളിച്ചപ്പോൾ പിന്നീട് സംസാരിക്കാം എന്നു മാത്രമാണ് പറഞ്ഞത്. ഇപി ഒരിക്കലും എന്നെ വിളിച്ചിട്ടില്ലെന്നും പത്മജ പറഞ്ഞു.

അതേസമയം നന്ദകുമാറിന് മറുപടി അർഹിക്കുന്നില്ലെന്ന് ഇ.പി. ജയരാജനും പ്രതികരിച്ചു. പത്മജയെ സിപിഎമ്മിലേക്കു ക്ഷണിച്ചത് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനായിരുന്നു എന്നാ ദല്ലാൾ നന്ദകുമാർ പറഞ്ഞത്. ഇ.പി. ജയരാജൻ തന്റെ ഫോണിൽ നിന്നാണ് പത്മജയെ വിളിച്ചത്. വനിതാ കമ്മിഷൻ അധ്യക്ഷ പദവിയായിരുന്നു വാഗ്ദാനം ചെയ്തത്. തിരഞ്ഞെടുപ്പിലൂടെ അല്ലാതെയുള്ള സൂപ്പർ പദവിയായിരുന്നു പത്മജയുടെ ലക്ഷ്യമെന്നും ദല്ലാൾ നന്ദകുമാർ വ്യക്തമാക്കി.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെ എല്ലാ കോൺഗ്രസ് നേതാക്കളും നിയോജകമണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമ്പോൾ പത്മജ വേണുഗോപാൽ ദുബായിലായിരുന്നു. ആ സമയത്താണ് ഇ.പി. ജയരാജൻ പത്മജയോട് സംസാരിക്കാൻ പറഞ്ഞത്. ആദ്യം ആവശ്യപ്പെട്ടത് അന്നത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഭാര്യക്കെതിരായി വന്ന വിഡിയോ കമന്റിനെതിരെ പ്രതികരിക്കാൻ ആണ്, അത് പത്മജ ചെയ്തു.

പത്രങ്ങളിലും ഇതിന്റെ വാർത്ത വന്നിരുന്നു, എൽഡിഎഫിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പത്മജ വേണുഗോപാലിനെ പരിഗണിക്കാനുള്ള മാർഗങ്ങൾ ഇടതുമുന്നണി കണ്ടെത്തി, പക്ഷേ, ആ പൊസിഷൻ അവർക്ക് സ്വീകാര്യമായിരുന്നില്ല, അവരൊരു സൂപ്പർ പൊസിഷനാണ് ഉദ്ദേശിച്ചിരുന്നത്, വനിതാ കമ്മിഷൻ പോലൊരു പൊസിഷൻ പോര എന്നവർക്ക് തോന്നിക്കാണും. പ്രതീക്ഷിച്ചതു കിട്ടാത്തതിനാലാണ് അവർ വരാതിരുന്നത്." ്നന്ദുകമാർ പറഞ്ഞിരുന്നു.

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനമാണ് വാഗ്ദാനം ചെയ്തത്. എന്നാൽ അവർ ആവശ്യപ്പെട്ടത് പ്രതീക്ഷിച്ചതിലും അപ്പുറമുള്ള തസ്തികയാണ്. അവർ 'സൂപ്പർ പദവികൾ' ആവശ്യപ്പെട്ടു. ഇ പി ജയരാജൻ മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഇതിന് പിന്നാലെ വീണ്ടും പത്മജയുമായി സംസാരിച്ചു. അവർ താൽപര്യത്തോടെയാണ് ദുബായിൽ നിന്നും കൊച്ചിയിലെത്തിയത്. 'സൂപ്പർ പദവി' ആവശ്യത്തിൽ പത്മജ ഉറച്ചു നിന്നതോടെ ആ ചർച്ച മുന്നോട്ട് പോയില്ലെന്നുുമാണ് നന്ദകുമാർ പ്രതികരിച്ചത്.

ദിവസങ്ങൾക്ക് മുമ്പാണ് മുൻ മുഖ്യമന്ത്രിയുടെ കോൺഗ്രസ് നോതാവുമായിരുന്ന കെ കരുണാകരന്റെ മകൾ പത്മജ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. കോൺഗ്രസിൽ കടുത്ത അവഗണനയാണ് നേരിട്ടതെന്ന് ഇതിന് പിന്നാലെ പത്മജ പറഞ്ഞിരുന്നു. തനിക്ക് എൽഡിഎഫിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും അവർ പറഞ്ഞിരുന്നു.