തൃശൂർ: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ വിഐപി മണ്ഡലമായി തൃശ്ശൂർ മാറുമെന്ന് ഉറപ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് തവണ വന്നുപോയ മണ്ഡലത്തിൽ ബിജെപി വിജയം ഉറപ്പിക്കാനുള്ള പലവഴികളും പയറ്റുന്നുണ്ട്. സുരേഷ്‌ഗോപിയാകും ഇവിടെ മത്സരിക്കുക എന്ന കാര്യം ഏതാണ്ട് ഉറപ്പാണ് താനും. കോൺഗ്രസിൽ നിന്നും ടി എൻ പ്രതാപൻ തന്നെ മത്സരിക്കാനാണ് സാധ്യത. അതേസമയം ഇടതു സ്ഥാനാർത്ഥിയായി വി എസ് സുനിൽകുമാർ എത്താനും സാധ്യതയുണ്ട്. ഇതോടെ പൊതുവിൽ ത്രികോണ മത്സര പ്രതീതിയാണ് മണ്ഡലത്തിൽ ഉള്ളത്. എന്നാൽ, ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരമെന്നാണ് പ്രതാപൻ പറഞ്ഞിരുന്നത്.

ഈ അഭിപ്രായം തള്ളിക്കൊണ്ട് പത്മജ വേണുഗോപാൽ രംഗത്തുവന്നു. സ്ഥാനാർത്ഥികളായി പറഞ്ഞുകേൾക്കുന്ന മൂന്നു പേരും ശക്തരാണെന്നും പത്മജ പറഞ്ഞു. ത്രികോണ മത്സര സാധ്യതയാണുള്ളതെന്നാണ് അവർ പറയുന്നത്. "തൃശൂരിൽ പറഞ്ഞു കേൾക്കുന്ന മൂന്നു സ്ഥാനാർത്ഥികളും ശക്തരാണ്. നല്ല ഫൈറ്റുണ്ടാകുമെന്ന് ഉറപ്പുണ്ട്. അങ്ങനെ ഫൈറ്റുള്ളതു രസമല്ലേ. ജനങ്ങൾ ഏറ്റവും കൂടുതൽ വോട്ട് ചെയ്യുന്നവർ വിജയിക്കും. കോൺഗ്രസ് സ്ഥാനാർത്ഥി ആരാണെന്ന് ഹൈക്കമാൻഡ് പറഞ്ഞിട്ടില്ല. സ്ഥാനാർത്ഥിയെ അറിഞ്ഞാൽ ആരാണു ജയിക്കുകയെന്നു പറയാനാവും. സ്ഥാനാർത്ഥി ആരെന്നതു പ്രധാനപ്പെട്ട വിജയ ഘടകമാണ്." പത്മജ മാധ്യമങ്ങളോടു പറഞ്ഞു.

തൃശൂരിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണു മത്സരമെന്നാണു പ്രതാപൻ പറഞ്ഞത്. ബിജെപി മൂന്നാം സ്ഥാനത്തുതന്നെ തുടരും. പാർലമെന്റിൽ ബിജെപിയുടെ ഏറ്റവും വലിയ ശത്രു താനാണ്. ഇടതുപക്ഷത്തിനു തൃശൂരിൽ നല്ല അടിത്തറയുണ്ടെന്നും മതം കൊണ്ടും വർഗീയത കൊണ്ടും മണ്ഡലത്തെ വിഭജിക്കാൻ കഴിയില്ലെന്നും പ്രതാപൻ പറഞ്ഞിരുന്നു

തൃശൂരിലെ യു.ഡി.എഫിന്റെ ലോക്സഭാ സ്ഥാനാർത്ഥി താൻ തന്നെയാകുമെന്ന് സൂചന നൽകി കൊണ്ടാണ് പ്രതാപൻ രംഗത്തുള്ളത്. തൃശൂരിലെ ജനങ്ങൾ പറഞ്ഞാൽ എംപിയായിരിക്കാനാണ് സന്തോഷമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എംപി. എന്ന നിലയിൽ ഇതുവരെ മണധളത്തിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാൻ വാർത്താസമ്മേളനവും രംഗത്തുവന്നിട്ടുണ്ട്. രാജിവയ്ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണോ പ്രതാപൻ ആഅഗ്രഹിക്കുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജി വയ്ക്കേണ്ട സാഹചര്യം ഇനിയുമുണ്ടാകരുതെന്നാണ് ആഗ്രഹമെന്ന് പ്രതാപൻ പറഞ്ഞു.

തൃശൂരിൽമാത്രമല്ല കേരളത്തിൽ തന്നെ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ അനുവദിക്കരുത്. മതനിരപേക്ഷ കക്ഷികൾ ആ കർത്തവ്യമാണ് നിർവഹിക്കേണ്ടത്. താനാണ് ബിജെപിയുടെയും സംഘപരിവാറിന്റെയും ശത്രു. അതുകൊണ്ടാണ് പാർലമെന്റിന്റെ ചരിത്രത്തിൽ കേട്ടുകേൾവില്ലാത്ത തരത്തിൽ തന്നെ അഞ്ചുതവണ സസ്പെൻഡ് ചെയ്തത്. ഇന്ത്യയിൽ മറ്റൊരു എംപിക്കും ഈയനുഭവമില്ല. തന്നെ ടാർജറ്റ് ചെയ്യുന്ന സംഘപരിവാറിനെ തോൽപ്പിക്കാൻ നല്ല കമ്യൂണിസ്റ്റുകാർ തയ്യാറാവണമെന്നും പ്രതാപൻ പറഞ്ഞു.

അതിനുള്ള ബാധ്യത അവർക്കുണ്ട്. വി എസ്. സുനിൽകുമാർ തന്റെ ഏറ്റവും നല്ല സുഹൃത്താണെന്നും സുനിൽകുമാർ സ്ഥാനാർത്ഥിയാവുമോ എന്ന ചോദ്യത്തോട് പ്രതാപൻ പ്രതികരിച്ചു. തൃശൂരിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലും ദേശീയതലത്തിൽ ഇന്ത്യാമുന്നണിയും ബിജെപിയും തമ്മിലുമാണ് മത്സരം. തൃശൂരിൽ ബിജെപി. മൂനാനംസ്ഥാനത്തു തന്നെയാവുമെന്നും പ്രതാപൻ പറഞ്ഞു.

തന്റെ നാടായ തൃപ്രയാർ ശ്രീരാമനാണ് തന്റെ കുഞ്ഞുനാളിലെയുള്ള രാമൻ. താനൊരു ദൈവവിശ്വാസിയാണ്. ഗുരുവായൂരിലും തൃപ്രയാറിലും സന്ദർശകനുമാണ്. അയോധ്യയിൽ പോകുമോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.