ന്യൂഡൽഹി: കോൺഗ്രസ് വിട്ട് കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അവർ പാർട്ടി അംഗത്വം സ്വീകരിച്ചു. ഡൽഹിയിലെത്തിയ പത്മജ, കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കറിന്റെ വീട്ടിലെത്തി ചർച്ച നടത്തി. ഇതിനു ശേഷം ബിജെപി ആസഥാനത്തെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്ന് പത്മജ വേണുഗോപാൽ മാധ്യമങ്ങളോടു പറഞ്ഞു. കോൺഗ്രസുമായി ഏറെക്കാലമായി അകൽച്ചയിലായിരുന്നെന്നും അവർ പറഞ്ഞു. "വളരെയധികം സന്തോഷവും കുറച്ച് ടെൻഷനുമുണ്ട്. ആദ്യമായാണ് പാർട്ടി മാറുന്നത്. കുറച്ചധികം വർഷങ്ങളായി കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലാണ്. പ്രത്യേകിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം. ഹൈക്കമാൻഡിൽ പരാതി നൽകിയെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. നേതൃത്വവുമായി ചർച്ച നടത്താൻ പലതവണ എത്തിയെങ്കിലും അതിനു അനുവാദം തന്നില്ല. എന്റെ അച്ഛനും ഇതേ അനുഭവമാണ് കോൺഗ്രസിൽനിന്നുണ്ടായത്.'

തുടർച്ചയായി കോൺഗ്രസ് പാർട്ടി നേതൃത്വം അവഗണിച്ചതാണ് തീരുമാനത്തിനു പിന്നിലെന്നാണ് പത്മജ വ്യക്തമാക്കിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ പത്മജ കയറുന്നത് ജില്ലാ നേതാക്കൾ തടഞ്ഞതോടെയാണ് പ്രശ്‌നം തുടങ്ങിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ പത്മജ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിലും 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പത്മജ പരാജയപ്പെട്ടു. കെ.കരുണാകരന്റെ സ്മാരകം നിർമ്മിക്കുന്നതും കോൺഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതും പത്മജയും തീരുമാനത്തെ സ്വാധീനിച്ചെന്നാണ് സൂചന

കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗമാണ് പത്മജ. ഈ അടുത്ത കാലത്താണ് ഈ പദവി നൽകിയത്. എങ്കിലും പാർട്ടിയിൽ വലിയ റോളൊന്നും ഉണ്ടായിരന്നില്ല. പത്മജാ വേണുഗോപാൽ ബിജെപി.യിൽ ചേരുമെന്ന് അഭ്യൂഹം ഇന്നലെ ഉച്ചമുതലാണ് ചർച്ചകളിൽ എത്തിയത്. ബുധനാഴ്ച രാവിലെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഈ വാർത്ത നിഷേധിക്കുകയും പ്രചാരണത്തിൽ കഴമ്പില്ലെന്ന് വിശദീകരിക്കുകയും ചെയ്ത പത്മജ പിന്നീട് ഡൽഹിയിൽ എത്തിയതോടെയാണ് അഭ്യൂഹം ശക്തമായത്. വ്യാഴാഴ്ച ഇവർ ബിജെപി.യിൽ അംഗത്വം സ്വീകരിക്കുമെന്നാണ് സംശയിക്കുന്നതെന്ന് പത്മജയുമായി അടുപ്പമുള്ള നേതാക്കൾ പറഞ്ഞു. പഴയ പോസ്റ്റ് അവർ പിൻവലിക്കുകയും ചെയ്തു. ഇതോടെ ബിജെപിയിൽ എത്തുമെന്ന് ഏതാണ്ട് ഉറപ്പാവുകയായിരുന്നു.

'ഞാൻ ബിജെപി.യിൽ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തിൽ വന്നു എന്നു കേട്ടു. എവിടെനിന്നാണ് ഇത് വന്നത് എന്ന് എനിക്കറിയില്ല. എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ്, ഇപ്പോഴും ഞാൻ അത് ശക്തമായി നിഷേധിക്കുന്നു. അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ എന്ന്, ഞാൻ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റൂ, നാളത്തെ കാര്യം എനിക്ക് എങ്ങനെ പറയാൻപറ്റും എന്ന് തമാശയായി പറഞ്ഞു. അത് ഇങ്ങനെവരും എന്ന് വിചാരിച്ചില്ല' എന്നായിരുന്നു പത്മജയുടെ പോസ്റ്റ്. ഈ പോസ്റ്റ് പിൻവലിച്ച പത്മജ പിന്നീട് പരസ്യ പ്രതികരണം നടത്തിയില്ല. എന്നാൽ ബിജെപി ദേശീയ നേതൃത്വവുമായി പത്മജ ചർച്ച ചെയ്തുവെന്നും എല്ലാം തീരുമാനമായെന്നും മറുനാടൻ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ തോറ്റ പത്മജ പാർട്ടിനേതൃത്വവുമായി അടുപ്പത്തിലായിരുന്നില്ല.

പത്മജ വേണുഗോപാൽ തന്റെ ഫേസ്‌ബുക്ക് ബയോയും മാറ്റിയിരുന്നു. ഇന്ത്യൻ പൊളിറ്റിഷൻ ഫ്രം കേരള എന്നാണ് പത്മജ ഫേസ്‌ബുക്ക് ബയോ മാറ്റിയത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി 2004ൽ മുകുന്ദപുരത്ത് നിന്നും ലോക്‌സഭയിലേക്കും തൃശൂർ നിന്ന് 2021 ൽ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാൽ പരാജയപ്പെട്ടിരുന്നു. എകെ ആന്റണിയുടെ മകനായ അനിൽ ആന്റണിക്ക് പിന്നാലെ കെ കരുണാകരന്റെ മകളും ബിജെപിയിലേക്ക് പാളയത്തിലേക്ക് പോയതിന്റെ ഞെട്ടലിലാണ് കോൺഗ്രസ് നേതൃത്വം.