ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുന്മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും വടകര എംപി കെ മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപി.യിൽ ചേരുമെന്ന അഭ്യൂഹം ശക്തം. വ്യാഴാഴ്ച ബിജെപി ആസ്ഥാനത്ത് വെച്ച് പത്മജ വേണുഗോപാൽ അംഗത്വം എടുത്തുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ. തുടർച്ചയായി കോൺഗ്രസ് പാർട്ടി നേതൃത്വം അവഗണിച്ചതാണു തീരുമാനത്തിനു പിന്നിലെന്നു പത്മജ അടുത്ത സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ട്.

നിലവിൽ പത്മജ വേണുഗോപാൽ ഡൽഹിയിലാണ്. ബിജെപി. നേതാക്കളുമായി ചർച്ചയിലാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഇന്ന് ഉച്ചയോടെ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഇക്കാര്യം നിഷേധിച്ചുകൊണ്ട് പത്മജ തന്നെ വൈകിട്ട് ഫേസ്‌ബുക്കിൽ കൂടി രംഗത്തെത്തി. 'ഒരു തമാശ പറഞ്ഞതാണ്, ഇങ്ങിനെയാകുമെന്ന് വിചാരിച്ചില്ല' എന്നായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ്. എന്നാൽ പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു.

വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ബിജെപി ആസ്ഥാനത്ത് വെച്ച് പത്മജ വേണുഗോപാൽ അംഗത്വം സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. പത്മജയും ഇക്കാര്യത്തിൽ പ്രതികരണം നൽകിയിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പു പടിവാതിൽക്കൽ നിൽക്കേ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നാൽ അത് കോൺഗ്രസിന് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. അതേസമയം കോൺഗ്രസിൽ സ്ഥാനമാനങ്ങൾ നേടാനുള്ള സമ്മർദ്ദ തന്ത്രമാണോ പത്മജയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് എന്നും സംശയമുണ്ട്. ഇതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരാൻ പത്മജ തന്നെ വിശദീകരിക്കേണ്ടി വരും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു പത്മജ വേണുഗോപാൽ. ആ തെരഞ്ഞെടുപ്പിൽ തോറ്റത് മുതൽ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു പത്മജ. പ്രചാരണ റാലിക്കിടെ പ്രിയങ്കാ ഗാന്ധിയുടെ വാഹനത്തിൽ പത്മജ കയറുന്നതു ജില്ലാ നേതാക്കൾ തടഞ്ഞതോടെയാണു പ്രശ്‌നം തുടങ്ങിയത്. കെ.കരുണാകരന്റെ സ്മാരകം നിർമ്മിക്കുന്നതു കോൺഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതും പത്മജയുടെ തീരുമാനത്തെ സ്വാധീനിച്ചതായാണു സൂചന.

നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിമാരിൽ ഒരാളാണു പത്മജ. 2004 ൽ മുകുന്ദപുരം ലോക്‌സഭാമണ്ഡലത്തിൽനിന്നും പത്മജ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ലോനപ്പൻ നമ്പാടനോടായിരുന്നു പരാജയപ്പെട്ടത്. തൃശൂരിൽനിന്ന് 2021 ൽ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും അന്നും പത്മജ പരാജയം രുചിച്ചു. ബാലചന്ദ്രനായിരുന്നു അന്ന് എതിർസ്ഥാനാർത്ഥി.

തൃശൂർ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയാണ് പത്മജ വേണുഗോപാൽ. ഇന്ത്യൻ നാഷനൽ ട്രേഡ് യൂണിയൻ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം, തഴപ്പായ എംപ്ലോയീസ് യൂണിയൻ, ടെക്‌നിക്കൽ എജ്യുക്കേഷനൽ സൊസൈറ്റി ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ ഭാരവാഹിയായിരുന്നു. മുന്മുഖ്യമന്ത്രി കെ. കരുണാകരന്റെയും കല്യാണിക്കുട്ടിഅമ്മയുടെയും മകളാണ്. കെ.മുരളീധരൻ എംപി സഹോദരനാണ്. നേരത്തെ മുൻ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും ബിജെപിയിൽ ചേർന്നിരുന്നു.