കോട്ടയം: പാലാ നഗരസഭയെ ഇപ്പോൾ പിടിച്ചുകുലുക്കുന്നത് ഒരു ഇയർ പോഡ് മോഷണക്കഥയാണ്. ഇന്ന് നഗരസഭയിൽ അതിനെ ചൊല്ലി നാടകീയ രംഗങ്ങൾ തന്നെ അരങ്ങേറി.കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് കൗൺസിലർ ജോസ് ചീരങ്കുഴിയുടേതാണ് ഇയർ പോഡ്. മുപ്പതിനായിരം രൂപ വിലയുള്ള ഇയർ പോഡ് കാണാതായതിൽ ആരോപണവിധേയനായിരിക്കുന്നത് സിപിഎം കൗൺസിലറായ ബിനു പുളിക്കക്കണ്ടത്തിലാണ്. ആരോപണവിധേയൻ തന്നെ ഇന്ന് സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിൽ കത്ത് നൽകിയെന്ന കൗതുകവും സംഭവിച്ചു. കൗൺസിലിലെ ഭൂരിപക്ഷം അംഗങ്ങളും സമ്മതിച്ചാൽ ഇയർ ഫോൺ കട്ടയാളുടെ പേര് പറയാമെന്നായി ജോസ് ചീരങ്കുഴി.

എന്തായാലും സംഭവത്തിൽ ഇടതുമുന്നണി വെട്ടിലായിരിക്കുകയാണ്. ഇയർ പോഡ് മോഷണവുമായി ബന്ധമില്ലെന്നും യഥാർഥ കള്ളനെ കണ്ടെത്താൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കത്ത് നൽകിയിരുന്നു. മോഷണം നടത്തിയത് കൗൺസിലർ ബിനു പുളിക്കകണ്ടമാണെന്ന് ജോസ് ചീരങ്കുഴി ആരോപിച്ചു. നഗരസഭ കൗൺസിൽ യോഗത്തിലാണ് സി പി എം കൗൺസിലർക്കെതിരെ മാണി വിഭാഗം ആരോപണം ഉന്നയിച്ചത്.

തന്റെ പക്കൽ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് ജോസ് പറഞ്ഞു. ' ബിനുവിന്റെ വീട്ടിനുള്ളിൽ ഇരിക്കുന്നതിന്റെ ലൊക്കേഷൻ വരെ എന്റെ ഫോണിൽ സേവാണ്. ഒക്ടോബർ 11 ാം തീയതി പുള്ളിയുടെ വീട്ടിൽ. പോരാത്തതിന് ഈ സാധനം നാലാം തീയതി കാണാതെ പോയി. ആറാം തീയതി പുള്ളി തിരുവനന്തപുരത്തിന് പോകുന്ന ലൊക്കേഷൻ മുഴുവനുണ്ട്. തിരുവനന്തപുരത്തിന് പോകാനായിട്ട് ഇവിടെ പാലാ നഗരസഭയിൽ വിളിച്ചുപറഞ്ഞ്് ടിക്കറ്റ് എടുത്തിട്ടുണ്ട് പുള്ളി. നിലവിൽ ഡിസംബർ 15 ന് ഇംഗ്ലണ്ടിനെ മാഞ്ചസ്റ്ററിലാണ് ലാസ്റ്റ് ലൊക്കേഷൻ വന്നേക്കുന്നത്.ഇവിടുന്ന് കടത്തി.'. ( ഇയർ പോഡുള്ള വീടിന്റെ ദൃശ്യങ്ങൾ കാണിക്കുന്നു).

എന്നാൽ തനിക്കെതിരായ ആരോപണം ഗൂഢാലോചനയെന്നാണ് ബിനു പുളിക്കക്കണ്ടം പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് നഗരസഭാ ആക്ടിങ് ചെയർമാന് ബിനു പുളിക്കക്കണ്ടം കത്ത് നൽകിയിട്ടുണ്ട്. ബിനുവിനെതിരായ ആരോപണം ഉന്നയിച്ച ജോസ് ചീരങ്കുഴിക്കെതിരെ കൗൺസിൽ യോഗത്തിൽ സിപിഎം അംഗങ്ങൾ പ്രതിഷേധിച്ചു. പിന്നാലെ കേരളാ കോൺഗ്രസ് എം കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ബഹളത്തെ തുടർന്ന് നഗരസഭാ കൗൺസിൽ യോഗം നിർത്തിവച്ചു.

സ്വന്തം മുന്നണി വെട്ടിലായതോടെ, രാഷ്ട്രീയ ഗൂഢാലോചന അല്ലെന്ന വാദമാണ് ജോസ് ചീരങ്കുഴി ഉന്നയിക്കുന്നത്. അതേസമയം, ഇയർ പോഡ് കാണാതായ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. പാലാ നഗരസഭയിൽ ഫെബ്രുവരി മൂന്നിന് പുതിയ ചെയർമാൻ വരും. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനാണ് പുതിയ ചെയർമാൻ സ്ഥാനം കിട്ടേണ്ടത്. എന്നാൽ ഫെബ്രുവരി മൂന്നിന് ശേഷം മാത്രമേ സംഭവത്തിൽ വ്യക്തത വരൂവെന്ന് ജോസ് ചീരങ്കുഴി ആദ്യം പറഞ്ഞെങ്കിലും ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണ്. ഏതായാലും നഗരസഭയിൽ, ഇപ്പോൾ സാധനം കിട്ടിയോ എന്ന ചോദ്യമാണ് തമാശയായി ഉയർന്നുകേൾക്കുന്നത്. സാധനം നാട്ടിൽ നിന്ന് കടത്തിയെങ്കിലും, കട്ടയാളെ കാട്ടി തരാമെന്നാണ് ജോസ് ചീരങ്കുഴിയുടെ മറുപടി.