തിരുവനന്തപുരം: തിരുവനന്തപുരം പെരിങ്ങമല പഞ്ചായത്ത് ഭരണം നഷ്ടമായതിനെ തുടർന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. സ്വന്തം പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായതാണ് രാജിക്ക് കാരണം. കോൺഗ്രസുകാരനായ പ്രസിഡന്റ് അടക്കം മൂന്നുപേർ കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നിരുന്നു. രാജിക്കത്ത് കെപിസിസി പ്രസിഡന്റിന് നൽകിയെന്നും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് പാലോട് രവി പ്രതികരിച്ചു. അതേസമയം, അദ്ദേഹത്തിന്റെ രാജി കെ പി സി സി തള്ളിയെന്നാണ് വിവരം.

കഴിഞ്ഞ ദിവസം പെരിങ്ങമ്മല പഞ്ചായത്തിൽ കോൺഗ്രസ് നേതാവായ പ്രസിഡന്റും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഉൾപ്പെടെ മൂന്ന് അംഗങ്ങൾ പാർട്ടിവിട്ട് സിപിഎമ്മിൽ ചേർന്നിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും പഞ്ചായത്തംഗവുമായ കലയപുരം അൻസാരി, കോൺഗ്രസ് നേതാവും പഞ്ചായത്ത് അംഗവുമായ ഷെഹ്നാസ് എന്നിവരാണ് പഞ്ചായത്തംഗത്വം ഉൾപ്പെടെ രാജിവെച്ച് പാർട്ടി വിട്ടത്.

അടുത്തിടെ നടന്ന കോൺഗ്രസ് പാർട്ടിയുടെ പുനഃസംഘടന മുതൽ പെരിങ്ങമ്മലയിൽ രൂക്ഷമായ തർക്കം നിലനിൽക്കുകയായിരുന്നു. ഇതാണ് പൊട്ടിത്തെറിയിൽ കലാശിച്ചത്. കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടന്നുകൊണ്ടിരിക്കേ മുൻ ബ്ലോക്ക് പ്രസിഡന്റിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ പാർട്ടി ഇടപെടുകയും മൂവർക്കുമേതിരെ നടപടി ഉണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്ന സന്ദർഭത്തിലാണ് ഇവർ പാർട്ടി വിട്ടതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.