തിരുവനന്തപുരം: തിരുവനന്തപുരത്തുകാർ ഇത്തവണ നന്മയുടെ വഴി തിരയുമെന്ന് സിപിഐ സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. ജന്മംകൊണ്ട് കണ്ണൂരെങ്കിലും കർമ്മം കൊണ്ട് ഞാൻ തിരുവനന്തപുരത്തുകാരനാണ്. സ്ഥാനാർത്ഥിത്വം വലിയ ഉത്തരവാദിത്വവും വെല്ലുവിളിയുമാണ്. എന്നാൽ ജനങ്ങളുമായുള്ള ബന്ധം കൊണ്ട് അത് മറികടക്കുമെന്നും പന്ന്യൻ രവീന്ദ്രൻ ടെലിവിഷൻ ചാനലിനോട് പറഞ്ഞു. കേരളത്തിന്റെ ശബ്ദമാകാൻ നിലവിലെ ജനപ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ല. പ്രധാന മത്സരം യുഡിഎഫുമായാണ്. ത്രികോണ മത്സരമായി കാണുന്നില്ലെന്നും പന്ന്യൻ പറഞ്ഞു.

അതേസമയം, പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വമാണെന്ന് മാവേലിക്കരയിലെ സിപിഐ സ്ഥാനാർത്ഥി സി എ അരുൺ കുമാർ. വിജയം സുനിശ്ചിതമാണെന്ന് അരുൺ കുമാർ പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി ആരായാലും ഇടത് സംവിധാനങ്ങൾ ശക്തമാണ്. തന്റെ പേരിൽ തർക്കമുണ്ടായോ എന്ന് അറിയില്ല. ഞാൻ ആ ഘടകങ്ങളില്ല. തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം പൂർണമായും നിർവ്വഹിക്കുമെന്നും അരുൺകുമാർ പറഞ്ഞു.

മാവേലിക്കരയിൽ വിജയം ഉറപ്പാണ്. എതിർസ്ഥാനാർത്ഥി ആരായാലും പ്രശ്നം ഇല്ലെന്നും മാവേലിക്കരയിലെ വികസന മുരടിപ്പ് അടക്കം ചർച്ചയാക്കുമെന്നും അരുൺ കുമാർ പറഞ്ഞു. മാവേലിക്കര കിട്ടാക്കനി അല്ലെന്നും അരുൺകുമാർ പറഞ്ഞു.

ഇന്ന് ചേർന്ന സിപിഐ നേതൃയോഗത്തിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചിരുന്നു. സിപിഐ സംസ്ഥാന കൗൺസിലാണ് തീരുമാനം എടുത്തത്. മാവേലിക്കരയിൽ സി എ അരുൺകുമാറിനെതിരായ പ്രാദേശിക തലത്തിലെ എതിർപ്പുകൾ സംസ്ഥാന നേതൃയോഗം തള്ളുകയായിരുന്നു. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ മണ്ഡലം പരിധിയിൽ വരുന്ന ജില്ലാ ഘടകങ്ങൾ പല തട്ടിലായിരുന്നു.

സ്ഥാനാർത്ഥിത്വത്തിനായി സിപിഐയുടെ ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലാ ഘടകങ്ങൾ ചേർന്നു നിർദ്ദേശിച്ചത് എട്ട് പേരുകൾ. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ പേരു മാത്രമാണ് രണ്ടു ജില്ലകളുടെ പാനലിലുള്ളത്.സംസ്ഥാന നേതൃത്വത്തിന്റെ സാധ്യതാ പട്ടികയിലുള്ള സി.എ.അരുൺകുമാറിന്റെ പേര് നിർദ്ദേശിച്ചത് ആലപ്പുഴ ജില്ലാ കൗൺസിൽ മാത്രം. ഒരു ഘടകത്തിലും ചർച്ച ചെയ്യുന്നതിനു മുൻപേ സ്ഥാനാർത്ഥിയായി അരുൺ കുമാറിന്റെ പേരു പ്രചരിക്കുന്നതിനെതിരെ കൊല്ലം, കോട്ടയം ജില്ലാ കൗൺസിൽ യോഗങ്ങളിൽ വിമർശനവുമുയർന്നു. എന്നാൽ ഈ പേരു തന്നെ സ്ഥാനാർത്ഥിയായി സിപിഐ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.