- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടിമറി ചർച്ചയാക്കി ഷാഫിയും; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും
കണ്ണൂർ : പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾക്കിടെ വിശദീകരണവുമായി പൊലീസ് എത്തുമ്പോൾ തകർന്ന് വീഴുന്നത് സിപിഎമ്മിന്റെ വാദങ്ങൾ. സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് നൽകുന്ന വിശദീകരണമാണ് സിപിഎമ്മിന് ഏക ആശ്വാസം. എന്നാൽ പ്രതികൾക്കുള്ള സിപിഎം ബന്ധം പൊലീസ് തള്ളുന്നതില്ല. അവർ രക്ഷാപ്രവർത്തകരാണെന്നും പൊലീസിന് അഭിപ്രായമില്ല. ഇതോടെ വടകരയിൽ ഈ വിഷയം ചർച്ചയാക്കാനാണ് കോൺഗ്രസ് തീരുമാനം. വടകരയിലെ സിപിഎം സ്ഥാനാർത്ഥി കെകെ ശൈലജ കടുത്ത അതൃപ്തിയിലുമാണ്.
ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുമായി ബന്ധപ്പെട്ടാണ് ബോബ് നിർമ്മിച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. എതിരാളികളായ ഗുണ്ടാ സംഘത്തെ ആക്രമിക്കാനാണ് ബോംബ് ഉണ്ടാക്കിയത്. മുളിയാന്തോട് സംഘത്തെ നയിച്ചത് പരിക്കേറ്റ വിനീഷായിരുന്നു. കൊളവല്ലൂർ സ്വദേശി ദേവാനന്ദിന്റെ സംഘവുമായി ഈ സംഘം ഏറ്റുമുട്ടി. മാർച്ച് എട്ടിന് ക്ഷേത്രോത്സവത്തിനിടെയും സംഘർഷമുണ്ടായി. ഇതാണ് കുടിപ്പകയിലേക്കും ബോംബ് നിർമ്മാണത്തിലേക്കും നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. പിടിയിലായ എല്ലാവർക്കും ബോംബ് നിർമ്മാണത്തെ കുറിച്ച് അറിവുണ്ടെന്ന് പൊലീസ് പറയുന്നു. ഇതിൽ പലരും സിപിഎം അനുഭാവികളും ഡിവൈഎഫ് ഐ നേതാക്കളുമാണ്.
അറസ്റ്റിലായ ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹി അമൽ ബാബു ബോംബ് ഒളിപ്പിച്ച സംഘത്തിലുള്ളയാളാണെന്നും പൊലീസ് വിശദീകരിക്കുന്നു. കൊല്ലപ്പെട്ട ഷെറിലും പരിക്കേറ്റ മൂന്ന് പേരും ഉൾപ്പെടെ പന്ത്രണ്ട് പേരാണ് പ്രതികൾ. ഇതിൽ ആറ് പേർ അറസ്റ്റിലായി. രണ്ട് പേർ ഒളിവിലാണ്. ഒളിവിലുള്ള ഡിവൈഎഫ്‌ഐ ഭാരവാഹി ഷിജാലാണ് ബോംബ് നിർമ്മാണത്തിന്റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം.കുന്നോത്തുപറമ്പ് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയാണ് ഷിജാൽ.അമൽ ബാബു,അതുൽ, സായൂജ് എന്നിവരാണ് അറസ്റ്റിലായ ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികൾ. അതായത് പാർട്ടി ഗ്രാമത്തിലെ ബോംബ് നിർമ്മാണം പാർട്ടിക്കാരുടേത് തന്നെ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വിശദീകരണം പോലും പൊലീസ് മുഖവലിയ്‌ക്കെടുത്തില്ല.
പാനൂർ കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്‌ഐ ഭാരവാഹികളുമുണ്ടെന്ന് സ്ഥിരീകരിക്കേണ്ട ബാധ്യത ഡിവൈ എഫ് ഐ നേതൃത്വത്തിനും വേണ്ടി വന്നു. അമൽ ബാബു, സായൂജ്, അതുൽ എന്നിവർ പ്രാദേശിക യൂണിറ്റ് ഭാരവാഹികളാണ്. എന്നാൽ ഇവർ സംഭവം അറിഞ്ഞ് ഓടിക്കൂടിയവരാകാമെന്നും പങ്കുണ്ടെങ്കിൽ നടപടി എടുക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. 'അവിടെ അങ്ങനെയൊരു സംഭവം നടന്നപ്പോൾ ധാരാളം ആളുകളെത്തി. ആ കൂട്ടത്തിൽ ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതൃ നിരയിലുള്ളവരുമെത്തി. അവർക്ക് ബോംബ് നിർമ്മാണത്തിൽ പങ്കുണ്ടെങ്കിൽ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പിനെ മുൻ നിർത്തി വ്യാപകമായനിലയിൽ ഡിവൈഎഫ്ആ ബോംബുണ്ടാക്കുന്ന സംഘടനയാണെന്ന് പ്രചരിപ്പിക്കുകയാണെന്നും' വി കെ സനോജ് കുറ്റപ്പെടുത്തി.
പൊലീസ് പിടികൂടിയവർക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഇന്നലെ പറഞ്ഞത്. എന്നാൽ അമൽ ബാബു, മിഥുൻ എന്നിവർക്ക് പാർട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെയാണ് സ്‌ഫോടനത്തിൽ പരിക്കേറ്റവരെ മാത്രം തള്ളിപ്പറഞ്ഞും കേസുമായി ബന്ധമുള്ള മറ്റുള്ളവരെ ന്യായീകരിച്ചുമുള്ള സിപിഎമ്മിന്റെ പുതിയ നിലപാട്. എന്നാൽ ഇതും പൊലീസ് അംഗീകരിക്കുന്നില്ല. അറസ്റ്റിലായ എല്ലാവർക്കും എല്ലാം അറിയാമെന്നാണ് പൊലീസ് ഇപ്പോഴും പറയുന്നത്.
അതിനിടെ പാനൂർ ബോംബ് സ്ഫോടനം ചർച്ച ചെയ്യേണ്ട വിഷയം തന്നെയാണെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയാണ് ബോംബ് നിർമ്മിച്ചത്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നും ഷാഫി പറഞ്ഞു. സിപിഎമ്മുമായി ബന്ധമുള്ളവരാണ് സ്ഫോടനത്തിനു പിന്നിലുള്ളതെന്നും ഷാഫി പറഞ്ഞു. മറ്റ് രാഷ്ട്രീയ വിഷയങ്ങൾ പോലെ തന്നെ ആളുകളോട് ഇക്കാര്യവും പറയും. ബോംബ് നിർമ്മിക്കുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ എങ്ങനെയാണ് അവഗണിക്കാൻ കഴിഞ്ഞത്. റിപ്പോർട്ട് അവഗണിക്കാൻ നിർദ്ദേശം കൊടുത്തവർ തന്നെയാണ് ബോംബ് നിർമ്മിക്കാനും നിർദ്ദേശം നൽകിയത്. നിർബന്ധിത സാഹചര്യത്തിലാണ് സംഭവത്തിൽ അറസ്റ്റ് നടന്നതെന്നും ഷാഫി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിൽ എന്തിനാണ് ബോംബ് ഉണ്ടാക്കുന്നതും അതിനായി ആളുകളെ ഏൽപിക്കുന്നതും. മനുഷ്യത്വപരമായ നടപടി കൊണ്ടാണ് പാർട്ടി നേതാക്കൾ അവിടെ പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യത്വമുണ്ടായിരുന്നെങ്കിൽ ഈ ചെറുപ്പക്കാരെക്കൊണ്ട് ഇതു ചെയ്യിക്കാതിരിക്കുകയായിരുന്നു വേണ്ടതെന്നും ഷാഫി പറഞ്ഞു.