- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശൈലജയ്ക്ക് കടുത്ത നിരാശ
വടകര: നാളെ ഷാഫി പറമ്പിൽ വോട്ട് ചോദിച്ച് എത്താനിരുന്ന പാർട്ടി ഗ്രാമത്തിലാണ് ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം ഉണ്ടായത്. അതുകൊണ്ട് പാനൂരിലെ ബോംബ് സ്‌ഫോടനം തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി കോൺഗ്രസ് രംഗത്ത് നിറഞ്ഞു.
തിരഞ്ഞെടുപ്പിൽ ബോംബ് വെച്ച് എന്ത് സ്വാധീനമാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് സിപിഎം. നേതൃത്വം വ്യക്തമാക്കണമെന്ന് വടകര മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പറഞ്ഞു. ബോംബ് എങ്ങനെയാണ് തിരഞ്ഞെടുപ്പ് സാമഗ്രിയായത്. ബോംബ് കയ്യിലിരുന്ന് പൊട്ടിയിട്ടില്ലായിരുന്നുവെങ്കിൽ ആർക്കെതിരെ ഉപയോഗിക്കാനായിരുന്നു ലക്ഷ്യമിട്ടതെന്നും വാർത്താ സമ്മേളനത്തിൽ ഷാഫി ചോദിച്ചു. തനിക്കെതിരെ പ്രയോഗിക്കാനാണ് ബോംബ് എന്ന പരോക്ഷ ചോദ്യമാണ് ഷാഫി ഉയർത്തുന്നത്. കണ്ണൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ കെ സുധാകരനും ഇതേ സംശയം ഉന്നയിക്കുന്നുണ്ട്. അതായത് ആരോ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നുവെന്ന ചർച്ചയാണ് കോൺഗ്രസ് സജീവമാക്കുന്നത്.
'ബോംബ് നിർമ്മാണത്തിന് തിരഞ്ഞെടുപ്പുമായി ബന്ധമുണ്ട്. സ്ഥാനാർത്ഥിയോട് ചേർന്ന് നിൽക്കാൻ പ്രതികൾക്ക് എങ്ങനെ സാധിച്ചു? നാടിന്റെ സമാധാനം കെടുത്തരുത്. കേരള പൊലീസ് അന്വേഷിച്ചാൽ സത്യാവസ്ഥ പുറത്തു വരില്ല. സിപിഎം. ആക്രമണത്തിന് കോപ്പുകൂട്ടുന്നു. വടകര അടക്കമുള്ള ഇടങ്ങളിൽ വ്യാപക ബോംബ് ശേഖരണം നടക്കുന്നുണ്ട്. പരിശോധന നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം.' -ഷാഫി ആവശ്യപ്പെട്ടു. മണ്ഡലത്തിൽ ഇരട്ട വോട്ട് വ്യാപകമാണെന്നും ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാജയ ഭീതി പൂണ്ട കോൺഗ്രസും സിപിഎമ്മും തെരഞ്ഞെടുപ്പ് രംഗത്ത് ഭീകരത സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് കേരളത്തിലെ ബിജെപി പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ പ്രതികരിച്ചു. കണ്ണൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ രണ്ട് പേർക്ക് പരിക്കേറ്റിരിക്കുകയാണ്. വിഷുവിനോ അമ്പലത്തിലെ ഘോഷയാത്രയ്ക്കോ പൊട്ടിക്കുന്ന പടക്കമല്ല, മറിച്ച് ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ബോംബുകളാണ് പൊട്ടിയതെന്നും അദ്ദേഹം പറഞ്ഞു. ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റ ഒരാൾ വടകരയിലെ സിപിഎം സ്ഥാനാർത്ഥി ശൈലജയുടെ കൂടെയുള്ള ആളാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ബോംബ് സ്‌ഫോടനങ്ങൾ. സിപിഎം തീവ്രവാദ തന്ത്രങ്ങൾ ആരംഭിക്കാൻ കാരണം തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭീതിയാണ്. കോൺഗ്രസും പരാജയ ഭീതി കൊണ്ട് എസ് ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളെ ആശ്രയിക്കുകയാണ്-ബിജെപി നേതാവ് ആരോപിച്ചു.
കോൺഗ്രസും സി പി എമ്മും ഈ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ എല്ലാത്തരം ഭീകരതയും ഉപയോഗിക്കുന്നു. ഇത് വളരെ ഗൗരവമുള്ള കാര്യമാണ്. ഭീകരതയ്ക്കെതിരെ കൂടുതൽ ജാഗ്രത പുലർത്താൻ ബിജെപി ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. ജനങ്ങൾ മോദിക്കൊപ്പമാണ്. മോദി കേരളത്തിനായി വളരെയധികം ചെയ്തിട്ടുണ്ട്, കേരളത്തിലെ ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞു. അതിനാൽ കോൺഗ്രസും സിപിഎമ്മും നിരാശരാണെന്നും അദ്ദേഹം പറഞ്ഞു. ശൈലജയും ബോംബ് നിർമ്മാണത്തിൽ പങ്കെടുത്ത ആളുമായുള്ള ചിത്രവും ബിജെപി നേതാവ് പുറത്തു വിട്ടിരുന്നു.
നിഷേധിച്ച് സിപിഎം
അതേസമയം പാനൂർ സ്‌ഫോടനത്തിൽ പാർട്ടിക്കെതിരെ ഉയർന്ന ആരോപണം നിഷേധിച്ച് സിപിഎം. രംഗത്തെത്തി. പാനൂർ സ്‌ഫോടനം തീർത്തും അപ്രതീക്ഷിതമാണെന്നും സംഘർഷങ്ങൾ ഇല്ലാത്ത സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായതെന്നും മുതിർന്ന സിപിഎം. നേതാവ് ടി.പി രാമകൃഷ്ണൻ പറഞ്ഞു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം. പാനൂർ ഏരിയാ കമ്മിറ്റി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പാർട്ടിക്ക് ബന്ധമോ ഉത്തരവാദിത്തമോ ഇല്ല. പാർട്ടി അകറ്റി നിർത്തിയവരാണ് സ്‌ഫോടനത്തിൽ അകപ്പെട്ടത്. ഇത് സിപിഎമ്മിന്റെ തലയിൽ കെട്ടി വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പിലിന്റെ വാർത്താസമ്മേളനത്തിനെതിരെയും ടി.പി. രാമകൃഷ്ണൻ രംഗത്തെത്തി. യു.ഡി.എഫ്. സ്ഥാനാർത്ഥി നടത്തിയ പത്രസമ്മേളനം ഭയം പരത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു പ്രചാരണത്തിൽ സ്ഥാനാർത്ഥി മുന്നോട്ട് വരരുതായിരുന്നു. കോൺഗ്രസ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നത് ഉചിതമല്ല. ഭിന്നിപ്പിച്ച് വോട്ടുണ്ടാക്കാനാണ് ശ്രമം. പൊലീസ് വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ട് വരണം. ജനങ്ങൾ സമാധനപരമായ നിലപാട് സ്വീകരിക്കണം. ഇതിന്റെ അലയൊലികൾ വടകരയിൽ ഉണ്ടാവരുതെന്നും രാമകൃഷ്ണൻ പറഞ്ഞു.
'സ്‌ഫോടനത്തിൽ പരിക്ക് പറ്റിയവർ നേരത്തെ പാർട്ടിക്കെതിരെയും ആക്രമണം നടത്തിയവരാണ്. പാർട്ടിയിൽ അംഗത്വം ഇല്ലാത്തവരാണ് അവർ. സ്‌ഫോടനത്തിൽ ഉൾപ്പെട്ടവർ നേരത്തെ പാർട്ടിയുമായി സഹകരിച്ചിരുന്നു. എന്നാൽ പാർട്ടിക്ക് യോജിക്കാത്ത പ്രവർത്തനം നടത്തിയതിനാൽ അകറ്റി നിർത്തി. എൽ.ഡി.എഫ്. സ്ഥാനാർത്ഥിയുമായി അവർക്ക് ബന്ധം ഇല്ല. യുഡി എഫ് പ്രവർത്തകർ പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുന്നു.' -ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
ശൈലജയ്ക്ക് നിരാശ
പാനൂർ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനൊപ്പമുള്ള ചിത്രത്തെ കുറിച്ച് വിശദീകരണവുമായി വടകരയിലെ സിപിഎം. സ്ഥാനാർത്ഥി കെ.കെ. ശൈലജയും രംഗത്തെത്തി. പല പരിപാടികളിലും പലരും ഒപ്പം നിന്ന് ഫോട്ടോ എടുക്കാറുണ്ടെന്ന് ശൈലജ പറഞ്ഞു. പാർട്ടിക്കുീ തനിക്കും പ്രതികളുമായി ബന്ധമില്ല. അവർക്ക് സിപിഎമ്മിനേക്കാൾ മറ്റ് പലരുമായുമാണ് ബന്ധം. അത് എന്തെന്ന് താൻ ഇപ്പോൾ പറയുന്നില്ല. യു.ഡി.എഫിന് മറ്റൊന്നും പറയാൻ ഇല്ലെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു.
ഈ സ്‌ഫോടനത്തിൽ കടുത്ത നിരാശയിലാണ് ശൈലജ. ഇക്കാര്യം സിപിഎം നേതൃത്വത്തേയും അവർ അറിയിച്ചിട്ടുണ്ട്.