- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം വി ഗോവിന്ദനെതിരെ പാനൂരിലെ സഖാക്കൾ
കണ്ണൂർ: പാനൂരിൽ രക്തസാക്ഷി മന്ദിരം ഉദ്ഘാടനത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വിട്ടു നിന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ സോഷ്യൽ മീഡിയയിലും കൊഴുക്കുന്നു. സിപിഎം ജില്ലാ ഏരിയ നേതൃത്വങ്ങൾക്കെതിരെയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയും അതിരൂക്ഷ വിമർശനമാണ് അനുഭാവികൾ സോഷ്യൽ മീഡിയയിലൂടെ നടത്തുന്നത്.
പാർട്ടിക്കായി ജീവൻ ബലിയർപ്പിച്ചവരുടെ രക്തസാക്ഷിത്വത്തെ നേതൃത്വം അവഹേളിച്ചു വെന്നാണ് വിമർശനത്തിലെ പൊതു വികാരം. ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സിപിഎം നിർമ്മിച്ച രക്തസാക്ഷിമന്ദിരം ഉദ്ഘാടനത്തിൽനിന്നും വിവാദങ്ങൾ ഭയന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിട്ടുനിന്നതാണ് പാനൂർ മേഖലയിലെ സൈബർ സഖാക്കളെ പ്രകോപിപ്പിച്ചത്. നേരത്തെ ജില്ലാ കമ്മിറ്റി ഉദ്ഘാടകനായി നിശ്ചയിച്ച സംസ്ഥാന സെക്രട്ടറിഎം വി ഗോവിന്ദൻ ജില്ലയിലുണ്ടായിട്ടും പങ്കെടുക്കാത്തതാണ് അണികളെ പ്രകോപിതരാക്കിയത്.
നേതൃത്വം മറന്നാലും ഞങ്ങളുടെ പ്രിയ സഖാക്കളുടെ ജീവനും അതിനേക്കാൾ കൂടുതൽ സഖാക്കളുടെ ജീവിതവും പണയം വയ്‌ക്കേണ്ടി വന്ന ഇന്നലെകളെ മറക്കാൻ ഞങ്ങളെക്കൊണ്ട് സാധിക്കില്ലെന്നാണ് ഇവരുടെ പോസ്റ്റിൽ പറയുന്നത് അതൊന്നുംതന്നെ മറവിയുടെ മാറാല കുരുക്കിൽപ്പെട്ട് ഇല്ലാതാവാനും പോകുന്നില്ലെന്നും' യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻകെ.ടി. ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിലെ ഒന്നാം പ്രതികളിലൊരാൾ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
ഇതിനെ അനുകുലിച്ചു കൊണ്ട് സൈബർ സഖാക്കളിട്ട പോസ്റ്റുകളിലും സിപിഎം നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനമുള്ളത്. ഭരണത്തേക്കാളും സർക്കാരിനെക്കാളും വലുതാണ് ഓരോ സഖാവിനും അവന്റെ ജീവന്റെ ജീവനായ പ്രസ്ഥാനമെന്നും പാർട്ടി കെട്ടിപ്പടുക്കുുന്നത് രക്തസാക്ഷികൾതന്നെയാണെന്നും ഇത്തരം കമന്റിൽ പറയുന്നു. ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സിപിഎം നിർമ്മിച്ച രക്തസാക്ഷി മന്ദിരത്തിന്റെ ഉദ്ഘാടനം എം വി ഗോവിന്ദന് പകരം ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് നിർവഹിച്ചത്.
സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി നിർവഹിക്കുമെന്ന് കാണിച്ച് പാർട്ടി നോട്ടീസടിച്ച് പ്രചാരണവും നടത്തിയിരുന്നു. ഇതുപ്രകാരം ഉദ്ഘാടകൻ 'എം വി ഗോവിന്ദൻ എംഎൽഎ, സിപിഐ (എം) സംസ്ഥാന സെക്രട്ടറി'യെന്ന് രേഖപ്പെടുത്തിയ ശിലാഫലകവും തയാറാക്കിയിരുന്നു. പരിപാടി നടക്കാനിരിക്കേ അവസാനഘട്ടത്തിലാണ് എം വി ഗോവിന്ദൻ പങ്കെടുക്കില്ലെന്ന അറിയിപ്പ് ലഭിച്ചത്. ഒഴിച്ചു കൂടാനാവാത്ത മറ്റു പരിപാടികൾ ഉള്ളതിനാലാണ് പാർട്ടി സംസ്ഥാന സെക്രട്ടറി പങ്കെടുക്കാത്തതെന്നായിരുന്നു ഇതു സംബന്ധിച്ചു പാർട്ടി കണ്ണുർ ജില്ലാ സെക്രട്ടറി എം വിജയരാജന്റെ വിശദീകരണം. വിവാദങ്ങൾ ഭയന്ന് എം.വി ഗോവിന്ദൻ രക്തസാക്ഷി മന്ദിരം ഉദ്ഘാടനത്തിൽ നിന്നും പിന്മാറിയതല്ലെന്ന് ജില്ലാ നേതൃത്വം വിശദീകരിക്കുമ്പോഴും അണികൾക്കിടെയിൽ പ്രതിഷേധം പടരുകയാണ്.