ന്യൂഡൽഹി: പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദനോ പിസി ജോർജോ? ഇക്കാര്യത്തിൽ ഇന്ന് വ്യക്തത വരും. പി.സി.ജോർജ് നേതൃത്വം നൽകുന്ന കേരള ജനപക്ഷം (സെക്കുലർ) ബിജെപിയിലേക്ക് ചേരും. പിസി ജോർജിന്റെ പദവിയിൽ അടക്കം തീരുമാനം എത്തും. പിസി ജോർജിന് സുപ്രധാന പദവി നൽകും. പത്തനംതിട്ടയിൽ പിസി ജോർജ് സ്ഥാനാർത്ഥിയായാൽ കേരളത്തിലെ മറ്റ് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികളിലും അതിന് അനുസരിച്ച് മാറ്റം വരുത്തും.

ഇതിന്റെ ഭാഗമായുള്ള ചർച്ചകൾക്കു പാർട്ടി ചെയർമാൻ പി.സി.ജോർജ്, മകൻ ഷോൺ ജോർജ്, ജോർജ് ജോസഫ് കാക്കനാട് എന്നിവർ ഡൽഹിയിലെത്തിയത്. കേന്ദ്രമന്ത്രി വി.മുരളീധരൻ, കേരളത്തിന്റെ ചുമതലയുള്ള പാർട്ടി നേതാവ് പ്രകാശ് ജാവഡേക്കർ എന്നിവരുമായി ചർച്ച നടത്തിയ സംഘം ഇന്നു ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുമെന്നാണു വിവരം. ഇതിനു ശേഷമാകും ലയനകാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. എല്ലാ നേതാക്കളും ഉപാധികളില്ലാതെ ബിജെപിയിൽ അംഗത്വം എടുക്കുമെന്നാണ് സൂചന.

രണ്ടു മാസമായി നടക്കുന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണു തീരുമാനമെന്നും ബിജെപിയിൽ ചേരണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണെന്നും ജോർജ് പ്രതികരിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ പത്തനംതിട്ടയിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിലേക്ക് ബിജെപി നടൻ ഉണ്ണി മുകുന്ദനേയും പരിഗണിക്കുന്നുണ്ട്. എന്നാൽ പിസി ജോർജ് മത്സരിക്കാൻ സന്നദ്ധമായ സാഹചര്യത്തിൽ പത്തനംതിട്ടയിൽ പിസി ജോർജിന് സാധ്യത ഏറെയാണ്. ബിജെപി കേന്ദ്ര ആസ്ഥാനത്ത് വച്ച് ജോർജ് അംഗത്വം വാങ്ങുമെന്നാണ് സൂചന.

കേരളത്തിലെ ക്രിസ്ത്യൻ വിഭാഗത്തെ ബിജെപിയുമായി അടുപ്പിക്കാനാണ് ശ്രമം. അനിൽ ആന്റണിക്ക് പിന്നാലെ പത്തനംതിട്ടയിലെ ഓർത്തഡോക്‌സ് വൈദികനും ബിജെപിയിൽ എത്തി. ഇതിനൊപ്പം പിസി ജോർജ് എത്തുമ്പോൾ ന്യൂനപക്ഷത്തിലേക്ക് കൂടുതൽ അടുക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. തൃശൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളിൽ ഈ വരവ് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. പാലക്കാടും ബിജെപി അതിശക്തമായ മത്സരം കാഴ്ച വയ്ക്കും. കൂടുതൽ ക്രൈസ്തവ നേതാക്കളെ ബിജെപിയിൽ എത്തിക്കാനുള്ള ശ്രമം ദേശീയ നേതൃത്വം തുടരുമെന്നാണ് സൂചന.

കഴിഞ്ഞ കുറച്ചുനാളുകളായി എൻ.ഡി.എ. അനുകൂല നിലപാടുകളായിരുന്നു പി.സി. ജോർജിന്റെ ജനപക്ഷം പാർട്ടയുടേത്. ഘടക കക്ഷിയാവുകയല്ല, മെമ്പർഷിപ്പെടുത്ത് ബിജെപി. പാർട്ടിയുടെ ഭാഗമാകാനുള്ള ഔദ്യോഗിക തീരുമാനമാണ് എടുത്തിട്ടുള്ളതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പാർട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിത് എന്നാണ് വിവരം. ബിജെപിയിൽ ചേരുന്ന തീരുമാനം ശരിയോ എന്ന് പരിശോധിക്കുന്നതിനായി അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നതായും അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം ബിജെപി. കേന്ദ്ര നേതൃത്വത്തെ അറിയിച്ചതെന്നും പി.സി. ജോർജിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.

പൂഞ്ഞാർ മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമായിരുന്നു പി.സി. ജോർജ്. കേരളാ കോൺഗ്രസിന്റെ വിവിധ പാർട്ടികളിൽ അംഗമാവുകയും ലയിക്കുകയും ചെയ്തിട്ടുണ്ട്. കേരളാ കോൺഗ്രസ് (ജെ), കേരളാ കോൺഗ്രസ് (എം) തുടങ്ങിയ പാർട്ടികളിൽ പ്രവർത്തിച്ച ജോർജ്, കേരള കോൺഗ്രസ് സെക്യുലർ എന്ന പേരിൽ സ്വന്തം പാർട്ടിയും രൂപവത്കരിച്ചിരുന്നു. തുടർന്ന് കേരള കോൺഗ്രസ് എമ്മിൽ, കേരള കോൺഗ്രസ് സെക്യുലർ പാർട്ടി ലയിച്ചു.

2017-ൽ വീണ്ടും സ്വന്തമായി ജനപക്ഷം എന്ന പാർട്ടി രൂപവത്കരിച്ചു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിന് ശേഷമാണ് പിസി ജോർജ് ബിജെപിയുമായി കൂടുതൽ അടുക്കുന്നത്.