കോട്ടയം: ജനപക്ഷം സെക്കുലർ ബിജെപിയിൽ ലയിക്കുമെന്ന് അധ്യക്ഷൻ പി സി ജോർജ്. ബിജെപിയിൽ ചേരണമെന്നാണ് പാർട്ടിയിലെ പൊതുവികാരമെന്നും പിസി ജോർജ് വിശദീകരിച്ചു. ലോക്‌സഭാ സീറ്റിന്റെ കാര്യത്തിൽ ചർച്ചയൊന്നുമില്ലെന്നും പി സി ജോർജ് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് ലയനത്തിൽ തീരുമാനമുണ്ടാകുമെന്നും പിസി ജോർജ് പറഞ്ഞു. പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകണമെന്ന നിർബന്ധമില്ല. പാർട്ടിയിൽ ചേർന്നു കഴിഞ്ഞാൽ പത്തനംതിട്ടയിൽ നിൽക്കാനാണ് നിർദ്ദേശമെങ്കിൽ നിൽക്കുമെന്നും പി സി ജോർജ് പറഞ്ഞു.

'ഇന്ത്യയിൽ ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെച്ച ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കുകയാണ്. നെഹ്റു മുതലുള്ള ചരിത്രം പരിശോധിച്ചാൽ ഇത്രയും പ്രഗത്ഭനായ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് പിന്തുണ നൽകുന്നതാണ് ശരിയെന്നാണ് പാർട്ടിയിൽ എല്ലാവരുടെയും അഭിപ്രായം. സീറ്റൊന്നും പ്രശ്നമല്ല. പത്തനംതിട്ടയിൽ നിന്നേ തീരൂ എന്നെനിക്ക് ഒരു നിർബന്ധവുമില്ല'- പി സി ജോർജ് പറഞ്ഞു. പൂഞ്ഞാർ മുൻ എംഎൽഎയായ പിസി ജോർജിനെ ക്രൈസ്തവരെ പാർട്ടിൽ കൂടുതൽ അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ബിജെപി സ്വീകരിക്കുന്നത്.

മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ പിസി ജോർജ് ബിജെപിയുമായി അടുക്കുന്നതിന്റെ സൂചനകൾ പുറത്തു വന്നിരുന്നു. പത്തനംതിട്ടയിൽ പിസി ജോർജ് മത്സരിക്കാനുള്ള സാധ്യതയും ചർച്ചയായി. ഇതിനിടെയാണ് ഡൽഹിയിൽ പിസി ജോർജ് എത്തുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻ.ഡി.എ. മുന്നണിയുമായി ചേർന്ന് നിൽക്കുന്ന രാഷ്ട്രീയമായിരിക്കും പാർട്ടിക്ക് ഉണ്ടാകുകയെന്ന് കേരള ജനപക്ഷം (സെക്യുലർ) തീരുമാനിച്ചിരുന്നു. കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. പിസി ജോർജിനെ മത്സരിപ്പിക്കുമോ എന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അന്തിമ തീരുമാനം എടുക്കും.

ലോകത്തിനും രാജ്യത്തിനും ഒരു പോലെ സ്വീകാരനായ, ഇന്ത്യയുടെ വളർച്ചയ്ക്ക് ഏറെ സംഭാവന നൽകുകയും ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ മുന്നോട്ട് നയിക്കുകയും ചെയ്യുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അംഗീകരിച്ച് മുന്നോട്ടു പോകുന്നതാണ് രാജ്യതാല്പര്യങ്ങൾക്ക് ഉത്തമമെന്ന് പിസി ജോർജിന്റെ പാർട്ടി വിലയിരുത്തിയിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനം അനുസരിച്ച് ബിജെപി, എൻ.ഡി.എ. നേതൃത്വങ്ങളുമായി ചർച്ച നടത്തുന്നതിന് പി.സി. ജോർജ്, ഇ.കെ. ഹസ്സൻകുട്ടി, ജോർജ് ജോസഫ് കാക്കനാട്ട്, നിഷ എം.എസ്, പി.വി. വർഗീസ് എന്നിവർ അംഗങ്ങളായ അഞ്ചംഗകമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമാണ് ഡൽഹി ചർച്ച. ഈ ചർച്ചയിലാണ് ലയനത്തിൽ വ്യക്തത വരുന്നത്.

കാർഷിക മേഖലയിൽ മോദി സർക്കാർ വലിയ വിപ്ലവങ്ങൾക്ക് നേതൃത്വം കൊടുക്കുമ്പോൾ കേന്ദ്രസർക്കാർ പദ്ധതികൾക്ക് തുരങ്കം വെക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പലതും സംസ്ഥാന സർക്കാർ വകമാറ്റി ചെലവഴിക്കുകയാണ്. ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായ റബറിന് 250 രൂപ ഉറപ്പുവരുത്തും എന്ന പ്രഖ്യാപനം നടപ്പിലാക്കിയിട്ട് വേണം കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യാൻ എന്നും പിസി ജോർജ് പറഞ്ഞിരുന്നു. എല്ലാ അർത്ഥത്തിലും ഇടതുപക്ഷത്തെയാണ് പിസി ജോർജ് കുറച്ചു കാലമായി പ്രധാനമായും എതിർക്കുന്നത്.

പിസി ജോർജ് പത്തനംതിട്ടയിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വൈകാതെ വിരാമമായേക്കും. പത്തനംതിട്ട ജില്ലയിലെ നിയമസഭ മണ്ഡലങ്ങൾക്കൊപ്പം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ഉൾപ്പെടുന്നതാണ് പത്തനംതിട്ട ലോക്സഭ മണ്ഡലം. കഴിഞ്ഞ തവണ സിറ്റിങ് എംപി ആന്റോ ആന്റണിയെ നേരിട്ടത് അന്ന് ആറന്മുള എംഎൽഎയായിരുന്ന മന്ത്രി വീണ ജോർജും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആയിരുന്നു. 2019ൽ പത്തനംതിട്ടയിൽനിന്ന് 2,97,396 വോട്ട് എൻഡിഎ നേടിയിരുന്നു. ഇതിന്റെ ബലത്തിലാണ് കേരളത്തിൽ ജയസാധ്യതയുള്ള എ പ്ലസ് മണ്ഡലങ്ങളുടെ പട്ടികയിൽ പത്തനംതിട്ടയും ഉൾപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര കൃഷി വകുപ്പ് സഹ മന്ത്രി ശോഭ കരന്തലജയ്ക്ക് മണ്ഡലത്തിന്റെ ചുമതലയും പാർട്ടി നൽകിയിട്ടുണ്ട്. ഇവിടേക്ക് ബിജെപി ഉണ്ണി മുകുന്ദന്റെ പേരും പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് പത്തനംതിട്ട മണ്ഡലത്തിൽ മികച്ച വോട്ട് നേടാൻ കഴിഞ്ഞെങ്കിലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് ക്രൈസ്തവ വോട്ടർമാരെ ആകർഷിക്കാൻ കഴിയാതെ ഇരുന്നതിനാലെന്ന് പാർട്ടി വിലയിരുത്തിയിരുന്നു. അതിനാൽ ഈ വോട്ടുകൾ സമാഹരിക്കാൻ കഴിയുന്ന സ്ഥാനാർത്ഥി വന്നാൽ മാത്രമേ മണ്ഡലത്തിൽ വിജയിക്കാൻ കഴിയൂ എന്ന വിലയിരുത്തൽ ബിജെപി ദേശീയ നേതൃത്വത്തിനുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കേരള രാഷ്ട്രീയത്തിലെ മുതിർന്ന നേതാവായ പിസി ജോർജിനെ പത്തനംതിട്ടയിൽ പരിഗണിക്കുന്നത്. പത്തനംതിട്ടയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തെ മുൻ ജനപ്രതിനിധി എന്ന നിലയിൽ മലയോരമേഖലയുടെ വികസനത്തിന് സജീവമായി പങ്കെടുത്ത നേതാവ് കൂടിയാണ് പിസി.