കൊച്ചി: ക്രൈസ്തവ സഭകളെ ബിജെപിയുമായി അടുപ്പിക്കാനുള്ള നീക്കങ്ങൾക്ക് പിസി ജോർജിനേയും അനിൽ ആന്റണിയേയും മുന്നിൽ നിർത്തും. ബിജെപി നേതൃത്വവും സജീവമായ ഇടപെടൽ നത്തും. എൻ എസ് എസിനെ ചേർത്തു നിർത്താനും പദ്ധതികളുണ്ടാക്കും. ഇതിനൊപ്പം എസ് എൻ ഡി പിയുമായും സഹകരിക്കും. അയോധ്യയിൽ അടക്കം കേരളത്തിലെ ഹൈന്ദവ സംഘടനകൾ നടത്തിയ പ്രതികരണം ബിജെപി പ്രതീക്ഷയോടെ കാണുന്നു.

ചെറുതും വലുതുമായ ക്രൈസ്തവ സഭകളുടെ തലവന്മാരുമായും അൽമായ പ്രമുഖരുമായും 500 കൂടിക്കാഴ്ചകൾ നടത്താൻ ബിജെപി. തയ്യാറെടുക്കുന്നു. കേന്ദ്രത്തിൽ വീണ്ടും നരേന്ദ്ര മോദിഭരണംതന്നെ വരുമെന്നും തങ്ങൾക്കൊപ്പം നിൽക്കണമെന്നുമുള്ള സന്ദേശം കൈമാറാനാണ് കൂടിക്കാഴ്ചകൾ. പിസി ജോർജും അനിൽ ആന്റണിയും ഇതിന്റെ ഭാഗമാകും. അൽഫോൻസ് കണ്ണന്താനത്തിനും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജു കുര്യനും നിർണ്ണായക റോളുകളുണ്ടാകും. തൃശൂരിലും തിരുവനന്തപുരത്തും പത്തനംതിട്ടയിലും ക്രൈസ്തവ വോട്ടുകൾ അതിനിർണ്ണായകമാണ്.

ക്രിസ്ത്യൻസഭകൾ പലതും ബിജെപി. അനുഭാവനിലപാട് പുലർത്തും മുന്നേ തന്നെ ആ വഴി ജോർജ് സഞ്ചരിച്ചിരുന്നു. മകൻ ഷോൺ ജോർജും ബിജെപി. അംഗത്വം സ്വീകരിച്ചതോടെ കോട്ടയം ജില്ലാ പഞ്ചായത്തിൽ ആ പാർട്ടിക്ക് പ്രാതിനിധ്യം കിട്ടുകയാണ്. ഈ സാഹചര്യത്തിൽ ക്രൈസ്തവ നേതൃത്വവുമായി ഇവരെ മുന്നിൽ നിർത്തി പോരാട്ടം കടുപ്പിക്കാനാണ് നീക്കം. ജോർജിന് ദേശീയ തലത്തിലും ഷോണിന് സംസ്ഥാന തലത്തിലും പദവി നൽകിയേക്കും.

ന്യൂനപക്ഷ മോർച്ച സംസ്ഥാന നേതാക്കൾ സഭാ ആസ്ഥാനങ്ങളിലെത്തിയും അൽമായ പ്രമുഖരെ നേരിട്ടുകണ്ടുമാണ് സന്ദേശം കൈമാറുന്നത്. അഞ്ഞൂറിലേറെ കുടുംബങ്ങളുള്ള ഇടവകകളും സംഘം സന്ദർശിക്കുന്നുണ്ട്. കേരളത്തിലെ ക്രൈസ്തവ വോട്ടുകൾ സമാഹരിക്കാൻ ബിജെപി. കേന്ദ്രനേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് പ്രാദേശിക നേതാക്കൾ അടങ്ങിയ പ്രതിനിധിസംഘത്തെ നിയോഗിച്ചിരിക്കുന്നത്. റബ്ബറിൽ അടക്കം കേന്ദ്രം ഇടപെടുമെന്ന ഉറപ്പും നൽകും. പിസി ജോർജും മറ്റ് നേതാക്കളും സഭയുടെ ഉന്നത നേതൃത്വവുമായി നിരന്തര സംവാദങ്ങൾ നടത്തും.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ക്രൈസ്തവസമൂഹത്തിന്റെ നിഷേധ വോട്ടാണ് ബിജെപി.യുടെ വിജയത്തിന് വിലങ്ങുതടിയെന്നാണ് വിലയിരുത്തൽ. തൃശൂരിൽ സുരേഷ് ഗോപി മത്സരിക്കും. ഇതിനൊപ്പം തിരുവനന്തപുരത്തും പ്രധാന സ്ഥാനാർത്ഥി വരും. യു.പി.എ.സർക്കാർ കേന്ദ്രബജറ്റിൽ ന്യൂനപക്ഷക്ഷേമത്തിനു നീക്കിവെച്ച തുകയുടെ പത്തിരട്ടി മോദിസർക്കാർ നൽകിയെന്ന കണക്ക് സഭകൾക്കു മുന്നിൽ ചർച്ചയാക്കും. ഇസ്രയേൽ-ഹമാസ് യുദ്ധം, ഹാദിയ സോഫിയ പ്രശ്‌നം തുടങ്ങി അജണ്ടകളും ചർച്ചയാക്കും.

'പ്രധാനമന്ത്രിയുടെ ഗാരന്റി' സന്ദേശം എല്ലാ പള്ളികളിലും എത്തിക്കും. മാർച്ച് 31-നുമുൻപ് കൂടിക്കാഴ്ചകൾ പൂർത്തിയാക്കും. ന്യൂനപക്ഷ മോർച്ച സംസ്ഥാന നേതൃസംഘത്തിന് കാണാൻ സാധിക്കാതിരിക്കുന്ന ഇടങ്ങളിൽ ബിജെപി. ജില്ലാ പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ വേറെ സംഘങ്ങളുടെ സന്ദർശനവും ക്രമീകരിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് അനിൽ ആന്റണിയും പിസി ജോർജും ചർച്ചകളുടെ ഭാഗമാകുന്നത്. മൂന്ന് മുന്നണികളുടെയും ഭാഗമായും ഒന്നിലും ഉൾപ്പെടാത്ത സ്വതന്ത്രനായും നിറഞ്ഞ പി.സി. ജോർജ് ദൗത്യം നന്നായി നിറവേറ്റുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

കേരളത്തിൽ ബിജെപി.ക്ക് മുന്നേറണമെങ്കിൽ ക്രിസ്ത്യൻ വിഭാഗങ്ങളുമായി അടുക്കണമെന്ന കേന്ദ്രനേതൃത്വത്തിന്റെ കണക്കുകൂട്ടലാണ് ജോർജിന്റെ പാർട്ടിപ്രവേശനം വേഗത്തിലാക്കിയത്. മുമ്പ് ജനപക്ഷം പാർട്ടി എൻ.ഡി.എ. മുന്നണിയുടെ ഭാഗമായിരുന്നു. പിന്നീട് അതിൽനിന്ന് പുറത്തുവന്ന് പഴയ സ്വതന്ത്രവേഷത്തിലേക്ക് മടങ്ങി. അതുകൊണ്ടാണ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കുന്നത്.