- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിൽ ആന്റണിയുടേത് പാളിയ തീരുമാനം; പിസി ജോർജ് കാര്യം പറയുമ്പോൾ
കോട്ടയം: ആദ്യമേ പിസി ജോർജ് പറഞ്ഞതാണ്. ആരും കേട്ടില്ല. കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണം വെറുതെയായി. കഴിഞ്ഞ തവണത്തെ വോട്ടു പോലും കിട്ടിയില്ല. തൃശൂരിൽ ന്യൂനപക്ഷങ്ങൾ സുരേഷ് ഗോപിക്ക് അനുകൂലമായി ചിന്തിച്ചു. എന്നാൽ പത്തനംതിട്ടയിൽ മുഖം തിരിച്ചു. ഇതിന് കാര്യകാരണം പറയുകയാണ് പിസി ജോർജ്. പത്തനംതിട്ടയിലെ ബിജെപി. സ്ഥാനാർത്ഥി അനിൽ കെ. ആന്റണിയുടെ പരാജയത്തിൽ രൂക്ഷവിമർശനവുമായി ജോർജ് രംഗത്തു വന്നു. നാടുമായി ഒരു ബന്ധവുമില്ലാത്തയാളാണ് അനിലെന്നും ബിജെപിയുടെ വോട്ട് പോലും അദ്ദേഹത്തിന് കിട്ടിയില്ലെന്നും ജോർജ് പറഞ്ഞു.
പത്തനംതിട്ട സീറ്റ് വാഗ്ദാനം ചെയ്താണ് പിസി ജോർജിനെ ബിജെപിയിൽ എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിക്കെതിരെ പോരാട്ടം നടത്തി. പക്ഷേ കേരളത്തിലെ ബിജെപി നേതൃത്വ പിസിയുടെ വില അറിഞ്ഞില്ല. പിസിയെ നിർത്തരുതെന്ന അവരുടെ ആവശ്യം ബിജെപി ദേശീയ നേതൃത്വം അംഗീകരിച്ചു. അങ്ങനെ എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി സ്ഥാനാർത്ഥിയായി. അന്ന് തന്നെ ദുരന്തം പിസി തുറന്നു പറഞ്ഞു. പിന്നീട് നേതൃത്വത്തിന് വേണ്ടി വോട്ടു പിടിക്കാനും ഇറങ്ങി. പക്ഷേ അനിലിന് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല.
'അയാൾക്ക് ഉണ്ടാക്കാവുന്നതിൽ ഏറ്റവും വലിയ ഓളമാണ് ഇപ്പൊ ഉണ്ടാക്കിയത്. ഇതിൽ കൂടുതൽ പറ്റില്ല. കാരണം നാടുമായി ഒരുബന്ധവുമില്ല. പാർട്ടി നേതൃത്വം പ്രഖ്യാപിച്ചിട്ട് വന്നതാണെന്നേ ഉള്ളൂ. ബിജെപിയുടെ വോട്ട് പോലും വീണില്ല. തൃശൂരെങ്ങനെയാ സുരേഷ് ഗോപി വോട്ട് നേടിയത്? അയാളവിടെ പോയങ്ങ് കിടക്കുകയാ. നാടുമായിട്ടുള്ള ബന്ധം. എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട്, എല്ലാവരുമായും ബന്ധം സ്ഥാപിച്ചു.' -ജോർജ് പറഞ്ഞു. 'അനിൽ ആന്റണിയെ ഞാൻ ആദ്യമായി അറിയുന്നത് ഇവിടെ വന്നിട്ടാണ്. അതിന് മുമ്പ് അറിയില്ല. സ്ഥാനാർത്ഥി നിർണയം പാളിപ്പോയി. കെ. സുരേന്ദ്രനോ രമേശോ കുമ്മനം രാജശേഖരനോ ശ്രീധരൻപിള്ളയോ നിന്നിരുന്നെങ്കിൽ ഇവിടെ ബിജെപി. വിജയിച്ചേനെ. ഇയാളെ ആളുകൾക്ക് അറിയില്ല. മലയാളത്തിൽ പ്രസംഗിക്കാനും അറിയില്ല.'-പിസി പറയുന്നു.
'കോട്ടയത്ത് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന് കഴിഞ്ഞ തവണത്തേക്കാൾ ഇപ്പോൾ കുറഞ്ഞതിന്റെ ഇരട്ടി വോട്ട് കുറയണമായിരുന്നു. ചാഴിക്കാടൻ ശുദ്ധനാ, അതിന്റെ നേതാവാ കുഴപ്പക്കാരൻ. ജോസ് കെ. മാണി ഉള്ളിടത്ത് രക്ഷപ്പെടുകയില്ല. ചാഴിക്കാടൻ മാറി ജോസഫിന്റെ കൂട്ടത്തിലെങ്ങാൻ കൂടിയാൽ നല്ലതാണെന്നാണ് എന്റെ അഭിപ്രായം. അവനൊരു നല്ല ചെറുക്കനാ. മാണി ഗ്രൂപ്പ് പിരിച്ചുവിടുന്നതാണ് നല്ലത്. ജോസ് കെ. മാണിക്ക് ശ്രീലങ്കയിലൊക്കെ ബിസിനസുണ്ടല്ലോ. നമ്മുടെ പിണറായിയുടെയൊക്കെ ഷെയറായിട്ടാണെന്നാണ് പറയുന്നത്. അതൊക്കെ നോക്കിനടത്തട്ടെ.' -പി.സി. ജോർജ് ആരോപിച്ചു.
'കേന്ദ്രത്തിൽ മോദിസർക്കാരിന്റെ പ്രഭാവം കുറഞ്ഞിട്ടുണ്ട്. അത് നന്നായി എന്നാണ് എന്റെ അഭിപ്രായം. കാരണം, ജനം ഇങ്ങനെയും ചെയ്യുമെന്ന് നമ്മുടെ പല നേതാക്കളും മനസിലാക്കട്ടെ. അതിന്റെ ഗുണം എന്താന്നുവച്ചാൽ വരുന്നകാലത്ത് കുറവുകൾ എന്താണെന്ന് പരിശോധിച്ച് തിരുത്തി ശക്തമായി പോകാൻ കഴിയും. അങ്ങനെ പോയാൽ ഇന്ത്യ മഹാരാജ്യം ബിജെപിയുടെ കയ്യിൽ 15 കൊല്ലത്തേക്ക് കൂടി സുരക്ഷിതമായിരിക്കുമെന്നതിൽ സംശയം വേണ്ട.' -ജോർജ് പറഞ്ഞു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരിടത്തും കണ്ടില്ലെന്നും അതുകൊണ്ടാണ് അവിടെ ബിജെപിക്ക് തിരിച്ചടി നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.