കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്റെ വിവാഹസൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലി കോൺഗ്രസിൽ വിവാദം പുകയുന്നതിനിടെ രാജ്‌മോഹൻ ഉണ്ണിത്താനും കെപിസിസി. സെക്രട്ടറി ബാലകൃഷ്ണൻ പെരിയയും തുറന്ന പോരിൽ. അതിനിടെ ഉണ്ണിത്താനെതിരെ ഇട്ട പോസ്റ്റ് പെരിയ പിൻവലിച്ചു. കോൺഗ്രസിലെ ഉന്നത നേതാക്കളുടെ നിർദ്ദേശ പ്രകാരമാണ് ഇത്. കാസർകോട്ടെ കോൺഗ്രസിൽ എന്തും സംഭവിക്കുമെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.രാജ്‌മോഹൻ ഉണ്ണിത്താനെതിരെ ഇനിയും കുറേ കാര്യങ്ങളുണ്ടെന്നും തിങ്കളാഴ്ച പത്രസമ്മേളനം നടത്തി എല്ലാം തുറന്നുപറയാമെന്നും ബാലകൃഷ്ണൻ പെരിയ വിശദീകരിച്ചിരുന്നു. ഇനി അതുണ്ടാകുമോ എന്നതും നിർണ്ണായകമാണ്.

വിവാഹ സൽക്കാരത്തിൽ പങ്കെടുത്തത് എത്ര ഉന്നതനായാലും കോൺഗ്രസിലുണ്ടാകില്ലെന്ന് ഉണ്ണിത്താൻ കഴിഞ്ഞദിവസം ഫെയ്സ് ബുക്കിൽ എഴുതിയിരുന്നു. ഇതിനെതിരെ ബാലകൃഷ്ണൻ പെരിയ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഉണ്ണിത്താനെതിരെ ഗൗരവമുള്ള ആരോപണമാണുള്ളത്. പിന്നാലെ ഉന്നത നേതാക്കൾ ഇടപെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്നു ബാലകൃഷ്ണൻ പെരിയ. തന്നെ തോല്പിക്കാൻ ഉണ്ണിത്താൻ ശ്രമിച്ചുവെന്നാണ് ബാലകൃഷ്ണൻ ആരോപിക്കുന്നത്. ഉണ്ണിത്താന് വേണ്ടി താൻ പുറത്തുപോകുകയാണെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ ബാലകൃഷ്ണൻ പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയായതോടെ പിൻവലിച്ചു

ഇടതുപക്ഷത്തേക്ക് പോയ പാദൂർ ഷാനവാസിന്റെ വീട്ടിൽവച്ച് തന്നെ തോൽപ്പിക്കാൻ പലതവണ ഉണ്ണിത്താൻ ചർച്ച നടത്തിയെന്നും ബാലകൃഷ്ണൻ ആരോപിക്കുന്നു. രൂക്ഷമായ ഭാഷയിലാണ് ഇദ്ദേഹം ഉണ്ണിത്താനെതിരെ എഴുതിയിരിക്കുന്നത്. കോൺഗ്രസിലെ പല നേതാക്കളും ഉണ്ണിത്താന്റെ പോസ്റ്റ് ഉപയോഗപ്പെടുത്തുമെന്നറിയാമെന്നും ബാലകൃഷ്ണൻ ഫെയ്സ് ബുക്കിലെഴുതി. ഇരട്ടക്കൊലക്കേസിലെ 14-ാം പ്രതി കെ.മണികണ്ഠനൊപ്പം ഉണ്ണിത്താൻ നിൽക്കുന്ന ഒരു ഫോട്ടോയും ബാലകൃഷ്ണൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാസർകോട്ടേക്ക് രാജ്‌മോഹൻ ഉണ്ണിത്താൻ വരുമ്പോൾ പെരിയയായിരുന്നു പ്രധാന കൂട്ടുകാരൻ. പിന്നീട് ഇരുവരും തെറ്റുകയായിരുന്നു. ഇന്ന് പെരിയ വാർത്താ സമ്മേളനം നടത്തുമോ എന്നതും നിർണ്ണായകമാണ്.

ധർമസംസ്ഥാപനത്തിനുവേണ്ടി ശ്രീകൃഷ്ണൻ കംസനെ കൊന്നതുപോലെയാണ് കല്യോട്ടെ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയതെന്നാണ് സിപിഎമ്മുകാർ പറയുന്നതെന്നും ഇങ്ങനെ പറഞ്ഞുനടന്ന ആളുടെ മകന്റെ വിവാഹ സൽക്കാരത്തിലാണ് കോൺഗ്രസുകാർ പങ്കെടുത്തതെന്നും ഉണ്ണിത്താന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു. അവരെ ന്യായീകരിക്കാനോ നീതീകരിക്കാനോ സാധിക്കില്ലെന്നും ഇവർ പാർട്ടി നടപടികൾ അർഹിക്കുന്നുണ്ടെന്നുമാണ് പോസ്റ്റ്. അണികൾക്കെതിരായ വികാരം അളികത്തിക്കാനായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ ശ്രമം.

ശരത്ലാലിന്റെയും കൃപേഷിന്റെയും ആത്മാക്കൾ ഇത് പൊറുക്കില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തരം ചില കൂട്ടുകെട്ടുകൾ തനിക്കെതിരെ പ്രവർത്തിച്ചിട്ടില്ലെന്ന് എങ്ങനെ വിശ്വസിക്കാനാകുമെന്നും ഉണ്ണിത്താൻ ഫേസ്‌ബുക്കിലെഴുതിയിരുന്നു. ഈമാസം ഏഴിനാണ് ഇരട്ടക്കൊലക്കേസിലെ 13-ാം പ്രതിയും സിപിഎം. നേതാവുമായ എൻ.ബാലകൃഷ്ണന്റെ മകന്റെ വിവാഹ സൽക്കാരം പെരിയയിൽ നടന്നത്. ചടങ്ങിൽ പങ്കെടുത്തതിന്റെ ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ പുല്ലൂർ-പെരിയ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയയുടെ സ്ഥാനം തെറിച്ചിരുന്നു. ഇത് പൊറുക്കാൻ കഴിയാത്ത തെറ്റെന്ന് പറഞ്ഞാണ് ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ പ്രമോദിനെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത്.

താൻ മാത്രമല്ല വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതെന്നും കോൺഗ്രസ് നേതാക്കൾ പലരുമുണ്ടായിരുന്നുവെന്നും അവരുടെ പേരുപറഞ്ഞ് പ്രമോദ് രംഗത്തെത്തിയിരുന്നു. 2019 ഫെബ്രുവരി 17-നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്.

ബാലകൃഷ്ണൻ പെരിയയുടെ ഫെയസ്ബുക്ക് കുറിപ്പ്

ഇത് രാജ്‌മോഹൻ ഉണ്ണിത്താനും കല്യോട്ട് കൊലപാതക കേസിലെ പ്രതി മണികണ്ഠനും രാത്രിയുടെ മറവിൽ നടത്തുന്ന സംഭാഷണമാണ്. കോൺഗ്രസിനെ തകർത്ത് സിപിഎമ്മിൽ എത്തിയ പാദൂർ ഷാനവാസിന്റെ വീട്ടിൽ ഉൾപ്പെടെ എന്നെ പരാജയപ്പെടുത്താൻ നിരവധി തവണ പോയ വ്യക്തിയാണ് ഉണ്ണിത്താൻ. കോൺഗ്രസിന്റെ വോട്ടില്ലാതെ വിജയിക്കും എന്ന് പ്രഖ്യാപിച്ചവൻ. ശരത് ലാൽ കൃപേഷ് കൊലപാതക കേസിൽ ആയിരം രൂപപോലും ചെലവഴിക്കാതെ എന്നെപ്പോലെ രക്തസാക്ഷി കുടുംബങ്ങളായ് മാറിയ സാധാരണക്കാരെ പുഛിക്കാൻ ഹൈക്കമാൻഡിന്റെ പിന്തുന്നയുണ്ടെന്ന് അഹങ്കരിക്കുന്നവൻ.

നാവിനെ ഭയമില്ലാത്ത കെ.സുധാകരനും കെ.സി.വേണുഗോപാലും ഒഴികെയുള്ളവർ എന്നെ പാർട്ടിയിൽനിന്നു പുറത്താക്കാൻ ഈ പോസ്റ്റ് ഉപയോഗിക്കും, എന്നനിക്കറിയാം. പക്ഷെ കാസർഗോഡിന്റെ രാഷ്ട്രീയ നിഷ്‌കളങ്കതയ്ക്കു മുകളിൽ കാർമേഘം പകർത്തുന്ന ചില സംഘത്തെ കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല.

രണ്ടു മക്കളേയും ഒരേ സ്ഥലത്ത് സംസ്‌ക്കരിക്കാൻ ഞാൻ നടത്തിയ സാഹസികത മുതൽ ഈ നിമിഷം വരെ ഞാൻ നടത്തിയ സാഹസിക പോരാട്ടം എന്റെ ഉള്ളിലുണ്ട്. എന്റെ എല്ലാ സഹോദരങ്ങളും നിരവധി കേസുകളിൽ പ്രതിയാണ്.

എന്റെ സഹോദരന്റെ വിട് ബോംബിട്ടു, എന്റെ മോനെ സിപിഎം വെട്ടിക്കെല്ലാൻ ശ്രമിച്ചു. 1984 മുതൽ സിപിഎം ഊരുവിലക്ക് സമ്മാനിച്ചു. വെള്ളവസ്ത്രമിട്ട് എഴ് സഹോദരങ്ങളും പാർട്ടിക്കായ് നിലയുറപ്പിച്ചു. 32 വോട്ടുകൾ സ്വന്തം വീട്ടിൽനിന്ന് കൈപ്പത്തി ചിഹ്നത്തിൽ രേഖപ്പെടുത്തി. ഈ പാർലമെന്റ് മണ്ഡലം മുഴുവൻ തൊണ്ട പൊട്ടി പ്രസംഗിച്ചു

ഒടുവിൽ ഈ വരുത്തൻ, ജില്ലയിലെ സകല കോൺഗ്രസ് പ്രവർത്തകരേയും പരസ്പരം തല്ലിച്ചതയ്ക്കൻ നേതൃത്വം നൽകിയവൻ പറയുന്നു പുറത്തുപോകാൻ. ഉണ്ണിത്താനുവേണ്ടി പുറത്തുപോകുന്നു. ഒടുവിൽ ഈ ഒറ്റ രാത്രി ചിത്രം മാത്രം പുറത്തിറക്കുന്നു. ബാക്കി വാർത്താ സമ്മേളനത്തിൽ.