കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തിന് ശേഷമുണ്ടായ സംഘർഷക്കേസുകൾ നടത്തുന്നതിൽ ഡി.സി.സിക്ക് വീഴ്ചയെന്ന് കെപിസിസി നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തൽ. സിപിഎം കള്ളക്കേസിൽ കുടുക്കിയ കോൺഗ്രസുകാർക്ക് നിയമപരിരക്ഷ ഉറപ്പാക്കിയില്ലെന്നും സമിതിയുടെ കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറി.

സംഘർഷക്കേസുകളിൽ ഒരുതരത്തിലുള്ള നിയമപിന്തുണയോ സാമ്പത്തിക പിന്തുണയോ പ്രവർത്തകർക്ക് നൽകിയിട്ടിയില്ല. കാസർകോട് ജില്ലയിൽ 25ഓളം രക്തസാക്ഷികളാണ് കോൺഗ്രസിനുള്ളത്. ഇവരുടെ കുടുംബങ്ങളെ അവഗണിക്കുന്നു. തുടങ്ങിയ ഗുരുതരമായ വിമർശനങ്ങളാണ് റിപ്പോർട്ടിലുള്ളത്.

രക്തസാക്ഷികളുടെ കുടുംബത്തെ നേരിട്ട് കണ്ടാണ് രണ്ടംഗ അന്വേഷണ സമിതി റിപ്പോർട്ട് തയ്യാറാക്കിയത്. പ്രവർത്തകർക്കെതിരെ കർശന നടപടിയെടുക്കണമെന്നുള്ള ശിപാർശകളും റിപ്പോർട്ടിലുണ്ട്. നേരത്തെ പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവത്തിൽ അന്വേഷണ സമിതി കെപിസിസി പ്രസിഡന്റിന് റിപ്പോർട്ട് കൈമാറിയിരുന്നു.

വിവാഹത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ നടപടി വേണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. പെരിയ ഇരട്ടക്കൊലക്കേസ് പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹ ചടങ്ങിൽ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതോടെയാണ് വിവാദമായത്. കല്യാണത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റുമായി രാജ്‌മോഹന് ഉണ്ണിത്താൻ രംഗത്തെത്തിയിരുന്നു.

എന്നാൽ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉണ്ണിത്താനെതിരെ രൂക്ഷ വിമർശനവുമായി എത്തിയതോടെ അഭിപ്രായ ഭിന്നത കടുത്തു. തുടർന്നാണ് കെപിസിസിസി അന്വേഷണ സമിതിയെ വച്ചത്. കെപിസിസി രാഷ്ട്ട്രീയകാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി പിഎം നിയാസ് എന്നിവർ കാസർകോട്ടെത്തി മെയ് 29,30 തീയതികിളിൽ തെളിവെടുപ്പ് നടത്തി. പാർട്ടിയുടെ മുഖം രക്ഷിക്കാൻ വിവാഹത്തിൽ പങ്കെടുത്തവർക്കെതിരെ നടപടി വേണമെന്നാണ് സമിതി റിപ്പോർട്ടിലെ ശുപാർശ.

അന്വേഷണ സമിതിയുടെ നേതൃത്വത്തിൽ സമാവായ സാധ്യതയ്ക്കുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് വിവാഹത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി ശുപാർശ ചെയ്യാൻ സമിതി തീരുമാനിച്ചത്. കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, യുഡിഎഫ് ഉദുമ മണ്ഡലം കമ്മിറ്റി ചെയർമാൻ രാജൻ പെരിയ, മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ എന്നിവർക്കെതിരെയാണ് പരാതി. കുറ്റാരോപിതരെ പുറത്താക്കണമെന്ന ആവശ്യമാണ് രാജ്‌മോഹൻ ഉണ്ണിത്താൻ ഉന്നയിച്ചത്. എന്നാൽ വിവാഹ ചടങ്ങിൽ പങ്കെടുത്തതിന് കടുത്ത നടപടി എടുക്കുന്നതിൽ ഡിസിസിയിലും കെപിസിസിയിലും ഒരു വിഭാഗം നേതാക്കൾക്ക് വിയോജിപ്പുണ്ടെന്നാണ് വിവരം.