കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി. 4 നേതാക്കളെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, മുൻ ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയ, മുൻ ഉദുമ മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.

പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചുവെന്ന കെപിസിസി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിലെ 13-ാം പ്രതി എൻ ബാലകൃഷ്ണന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയാണ് കെപിസിസിക്ക് പരാതി നൽകിയത്. കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, യുഡിഎഫ് ഉദുമ മണ്ഡലം കമ്മിറ്റി ചെയർമാൻ രാജൻ പെരിയ, മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ എന്നിവർക്കെതിരെയായിരുന്നു പരാതി.

രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്‌മണ്യൻ, ജനറൽ സെക്രട്ടറി പിഎം നിയാസ് എന്നിവരായിരുന്നു അന്വേഷണസമിതി അംഗങ്ങൾ. 38 പേരിൽ നിന്ന് അന്വേഷണ സമിതി മൊഴി രേഖപ്പെടുത്തി. കൂടാതെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെ പിതാവ് കൃഷ്ണനും ശരത് ലാലിന്റെ പിതാവ് സത്യനാരായണനും മൊഴി നൽകിയിരുന്നു.

പ്രതിയുടെ സത്കാരത്തിൽ പങ്കെടുക്കുകയും സത്കാരത്തിന് സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്തതിന് ശേഷവും പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചുവെന്ന് കെപിസിസി ചൂണ്ടിക്കാട്ടി. കല്യാണത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റുമായി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയിരുന്നു.