കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ താനടക്കം നാല് നേതാക്കളെ കോൺഗ്രസ് പുറത്താക്കിയതോടെ വെല്ലുവിളിയുടെ സ്വരത്തിൽ ബാലകൃഷ്ണൻ പെരിയയുടെ പ്രതികരണം.

രാഷ്ട്രീയമില്ലാത്ത ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിലാണ് തനിക്കെതിരെ ഏകപക്ഷീയമായി നടപടിയെടുത്തത്. രാജ്‌മോഹൻ ഉണ്ണിത്താൻ ജില്ലയിലെ കോൺഗ്രസിനെ തകർത്തെന്നും ഡിസിസി പ്രസിഡന്റെ പികെ ഫൈസലും തനിക്കെതിരെ പ്രവർത്തിച്ചെന്ന് ബാലകൃഷ്ണൻ പെരിയ പറഞ്ഞു.

'ഈ നാടിനകത്തുനിന്ന് കറവ പശുവിനെ പോലെ സകലതും കറന്നെടുത്തയാളാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. അദ്ദേഹത്തിനെതിരായ യുദ്ധം ഇവിടെ നിന്നാരംഭിക്കുകയാണ്. ഉണ്ണിത്താനെ കൂടാതെ പികെ ഫൈസലും വലിയ റോൾ വഹിച്ചു. നൂറ് വട്ടം ആലോചിച്ചാണ് വിവാഹ റിസപ്ഷനിൽ പങ്കെടുത്തത്. പൊടുന്നനെ ഇങ്ങനെയുണ്ടായ തീരുമാനത്തിന് പിന്നിൽ ഉണ്ണിത്താനെന്ന വിടുവായനെ ഭയന്നിട്ടാണ്'- ബാലകൃഷ്ണൻ പെരിയ മാധ്യമങ്ങളോട് പറഞ്ഞു.

കല്യാണത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല. നടപടി ഏകപക്ഷീയമാണ്. രാഷ്ട്രീയം കലരാത്ത ചടങ്ങിൽ പങ്കെടുത്തതിനാണ് പുറത്താക്കൽ. പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചടങ്ങിൽ ഉണ്ടായിരുന്നു. പുറത്താക്കൽ തീരുമാനത്തിനു പിന്നിൽ ഉണ്ണിത്താനോടുള്ള ഭയമാണെന്നും ബാലകൃഷ്ണൻ പെരിയ പറഞ്ഞു.

"മതപരമായ സംഘർഷത്തിൽ നിന്ന് മുതലെടുക്കാനാണ് ഉണ്ണിത്താൻ ശ്രമിച്ചത്. ഇതിനായി നെറ്റിയിലെ കുറി മായ്ച്ചു. എല്ലാ പാർട്ടിയിൽ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസ് വിട്ടുപോകില്ല" ബാലകൃഷ്ണൻ പെരിയ പറഞ്ഞു.

4 നേതാക്കളെയാണ് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, മുൻ ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയ, മുൻ ഉദുമ മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.

പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചുവെന്ന കെപിസിസി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിലെ 13-ാം പ്രതി എൻ ബാലകൃഷ്ണന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയാണ് കെപിസിസിക്ക് പരാതി നൽകിയത്. കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, യുഡിഎഫ് ഉദുമ മണ്ഡലം കമ്മിറ്റി ചെയർമാൻ രാജൻ പെരിയ, മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ എന്നിവർക്കെതിരെയായിരുന്നു പരാതി.

രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്‌മണ്യൻ, ജനറൽ സെക്രട്ടറി പിഎം നിയാസ് എന്നിവരായിരുന്നു അന്വേഷണസമിതി അംഗങ്ങൾ. 38 പേരിൽ നിന്ന് അന്വേഷണ സമിതി മൊഴി രേഖപ്പെടുത്തി. കൂടാതെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെ പിതാവ് കൃഷ്ണനും ശരത് ലാലിന്റെ പിതാവ് സത്യനാരായണനും മൊഴി നൽകിയിരുന്നു.

പ്രതിയുടെ സത്കാരത്തിൽ പങ്കെടുക്കുകയും സത്കാരത്തിന് സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്തതിന് ശേഷവും പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചുവെന്ന് കെപിസിസി ചൂണ്ടിക്കാട്ടി. കല്യാണത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റുമായി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയിരുന്നു.