മംഗളുരു: കർണാടകയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന ഭീഷണിക്കും ഹർത്താലിനുമിടെ സംഘപരിവാർ ശക്തികേന്ദ്രമായ മംഗളുരുവിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചു വർഷങ്ങൾക്കു ശേഷം വീണ്ടും കർണാടകയിലെത്തുന്നു. ചിക്കബെല്ലാപുരയിലെ ബാഗേപ്പള്ളിയിൽ 18-ന് നടക്കുന്ന സിപിഎം. റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മുഖ്യാതിഥി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, ബി.വി. രാഘവലു, കർണാടക സംസ്ഥാന സെക്രട്ടറി യു. ബസവരാജ് എന്നിവരും പങ്കെടുക്കുന്നുണ്ട്.

കെ റെയിൽ മംഗളുരുവിലേക്ക് നീട്ടാനുള്ള ചർച്ച നടക്കുകയാണ്. അതിന് കർണ്ണാടക സർക്കാരിന്റെ പിന്തുണയും കേരളം തേടുന്നു. കർണ്ണാടകയിലെ ബിജെപി സർക്കാരിനെ ചേർത്ത് നിർത്തി പദ്ധതിക്ക് അംഗീകാരം വാങ്ങാനാണ് നീക്കം. അതുകൊണ്ട് തന്നെ കർണ്ണാടകയിൽ പിണറായി നടത്തുന്ന പ്രസംഗം നിർണ്ണായകമാകും. കർണ്ണാടക സർക്കാരിനെ പിണറായി കടന്നാക്രമിക്കുമോ ബിജെപിയെ എത്തരത്തിലാകും വിമർശിക്കുക എന്നതെല്ലാം നിർണ്ണായകമാകും. കെ റെയിൽ ഫ്രണ്ട് ഷിപ്പ് സംഭവിക്കുമോ എന്നതെല്ലാം രാഷ്ട്രീയ കൗതുകമാകും.

ബിജെപിക്ക് ശക്തമായ തിരിച്ചടി നൽകി രാജ്യ ഭരണം പിടിച്ചെടുക്കാൻ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തി കേരളത്തിൽ തരംഗമാവുന്നതിനിടെയാണ് പിണറായി കർണാടകത്തിലേക്ക് പോവുന്നത്. തൈരും വടയും വെങ്കയവും ബോണ്ടയും തട്ടുകടയും കെട്ടിപ്പിടുത്തവും കണ്ണിറുക്കലും കൊണ്ട് എതിരിടാവുന്നതല്ല സംഘപരിവാര ഭരണകൂടമെന്നാണ് ഇടത് സോഷ്യൽ മീഡിയ പോരാളികൾ പറയുന്നത്. അതായത് രാഹുൽ ഗാന്ധിക്കുള്ള അതിശക്തമായ തിരിച്ചടിയായിരിക്കും ബാഗേപ്പള്ളിയിലെ സിപിഎം മഹാറാലി എന്നാണ് വിലയിരുത്തുന്നത്.

ബിജെപിയുടെയും ആർ.എസ്.എസിന്റെയും അതിശക്തമായ എതിർപ്പ് അവഗണിച്ച് 2017ലാണ് പിണറായി അവസാനം മംഗളുരുവിലെത്തിയത്. വാർത്താഭാരതി ദിനപത്രത്തിന്റെ പുതിയ ഓഫിസ് കെട്ടിട നിർമ്മാണോദ്ഘാടനവും സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാർദ്ദ റാലി ഉദ്ഘാടനവുമായിരുന്നു പരിപാടികൾ. കർണാടകയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന ഭീഷണിക്കും ഹർത്താലിനുമിടെ സംഘപരിവാർബിജെപി സംഘടനകൾക്കു മറുപടിയുമായാണ് പിണറായി അന്ന് മംഗളുരുവിലെത്തിയത്.

ഒരു ദിവസം മുഖ്യമന്ത്രി കസേരയിൽ ആകാശത്തുനിന്നു പൊട്ടിവീണയാളല്ല ഞാൻ. ആർഎസ്എസുകാരെ കണ്ടു തന്നെയാണ് വളർന്നിട്ടുള്ളത്. ബ്രണ്ണൻ കോളജിൽ കത്തിയും വടിവാളുകൾക്കുമിടയിലൂടെ നടന്നിട്ടുണ്ട്. അന്ന് ഒന്നും ചെയ്യാത്തവർ ഇപ്പോൾ എന്തു ചെയ്യാൻ? എന്നെ തടയുമെന്നു പറയുന്നവർ ഭോപ്പാൽ സന്ദർശനത്തെക്കുറിച്ചാണ് പറയുന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ അവിടത്തെ സർക്കാർ പറയുന്നത് അനുസരിക്കുന്നത് മര്യാദയാണ്.

മുഖ്യമന്ത്രി അല്ലാത്ത പിണറായി ആണെങ്കിൽ ഭോപ്പാലിൽ പോയിരിക്കും' പിണറായിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. കേരളത്തിൽ സംഘപരിവാർ പ്രവർത്തകർക്കു നേരെ നടക്കുന്ന അക്രമത്തിൽ പ്രതിഷേധിച്ചാണ് പിണറായി വിജയൻ മംഗളൂരുവിൽ പ്രസംഗിക്കുന്നതു തടയാനായി സംഘപരിവാർ അന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത്. ബിജെപിയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് വിവാദമായതോടെ ബിജെപി നിലപാടിൽ നിന്ന് പിന്നോട്ട് പോയി.

സിപിഎമ്മിന് രാഷ്ട്രീയമായി വേരോട്ടമുള്ള മണ്ഡലമാണ് ബാഗേപ്പള്ളി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാഗേപ്പള്ളി മണ്ഡലത്തിൽ സിപി എമ്മിന്റെ വോട്ടിൽ ഗണ്യമായ വർദ്ധനയുണ്ടായിരുന്നു. 2013ൽ 35472 വോട്ടു നേടിയ പാർട്ടി സംസ്ഥാന സെക്രട്ടറി ജി വി ശ്രീരാമറെഡ്ഡി കഴിഞ്ഞവട്ടം 51697 വോട്ട് നേടി രണ്ടാമതെത്തി. 16225 വോട്ട് കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ.

സ്വതന്ത്രനായി വിജയിച്ച കോടീശ്വരൻ എസ് എൻ സുബ്ബറെഡ്ഡി കഴിഞ്ഞ വട്ടം കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ചു. 14103 വോട്ടിന്റെ ഭൂരിപക്ഷം.മൂന്നാമതെത്തിയ ജനതാദൾ എസിന് ഇവിടെ 38302 വോട്ടുണ്ട്. ബിജെപി സ്ഥാനാർത്ഥിക്ക് 4140 വോട്ടു മാത്രമേ ലഭിച്ചിരുന്നുള്ളൂ.