- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സിപിഎമ്മിലും പിണറായി വിമർശനം
കണ്ണൂർ : മുഖ്യമന്ത്രിയുടെ തട്ടകമായ കണ്ണൂരിലും സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും രൂക്ഷ വിമർശനമുയർന്നു. സർക്കാരിന്റെ ഭരണ പരാജയത്തിന് കാരണമാണ് തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിക്ക് കാരണമെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസം നടന്ന ജില്ലാ കമ്മിറ്റിയംഗയോഗത്തിൽ പിണറായി വിഭാഗക്കാരായ നേതാക്കൾ തന്നെ തുറന്നടിച്ചത്.
കല്യാശേരിയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ പൂച്ചട്ടി കൊണ്ടും ഹെൽമെറ്റു കൊണ്ടും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരിട്ടത് തെറ്റായ നടപടിയാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ഇതിനെ രക്ഷാപ്രവർത്തനമാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിശേഷിപ്പിച്ചത് പൊതുജന മധ്യത്തിൽ അവഹേളന മുണ്ടാക്കി. സോഷ്യൽ മീഡിയയിലും ചാനലുകളിലും ഇതു സംബന്ധിച്ചുയർന്ന ചർച്ചകൾ സർക്കാരിനും പാർട്ടിക്കും തിരിച്ചടിയായി മാറി. പാർട്ടി അണികളിൽ പോലും ഈ വിഷയത്തിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ വലതുപക്ഷ മാധ്യമങ്ങൾക്ക് കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ പൊതുപരിപാടികളിൽ അവതാരകരോട് മോശമായി പെരുമാറുന്നതും മൈക്ക് തകരാറായതിന് പൊലിസ് കേസെടുത്തതും ഒരു കമ്യുണിസ്റ്റ് ഭരണാധികാരിക്ക് ചേർന്നതായിരുന്നില്ലെന്ന് പിണറായി വിഭാഗക്കാരനായ മറ്റൊരു നേതാവ് ചുണ്ടിക്കാട്ടി. ഏകാധിപത്യ രീതിയിലുള്ള ഇത്തരം പ്രവണതകൾ തിരുത്തിക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്ക് കീഴിൽ വിനീത വിധേയമായി നിൽക്കുകയായിരുന്നു പാർട്ടി സംസ്ഥാന നേതൃത്വം. നേരത്തെ പാർട്ടിയായിരുന്നു സർക്കാരിനെ നയിച്ചിരുന്നത്. ഇപ്പോൾ മുഖ്യമന്ത്രിയാണ് പാർട്ടിയെയും സംസ്ഥാന സർക്കാരിനെയും നയിക്കുന്നത്.
ഈ നിലയിൽ പോയാൽ പാർട്ടിയുടെ നില നിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടും. വ്യക്തികൾ പാർട്ടിക്ക് അപ്പുറത്തേക്ക് വളർന്നതിന്റെ തിരിച്ചടിയാണ് ബംഗാളിലും ത്രിപുരയിലും നേരിട്ടത്. ഇതിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ ജില്ലാ സെക്രട്ടറിയെ മത്സര രംഗത്ത് ഇറക്കിയിട്ടും ഒരു ലക്ഷത്തിലേറെ വോട്ടുകൾക്കാണ് തോറ്റത്. മട്ടന്നുരും ധർമ്മടത്തും നേരിയ ഭൂരിപക്ഷമാണ് നേടാൻ കഴിഞ്ഞത്. പാർട്ടി ശക്തികേന്ദ്രങ്ങളിൽ ബിജെപിക്ക് വോട്ടുകൾ കൂടിയത് അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് മറ്റൊരു നേതാവ് ചൂണ്ടിക്കാട്ടി.
താമര ചിഹ്നത്തിൽ വോട്ടു ചെയ്യാൻ പോലും മടിയില്ലാത്തവരായി പാർട്ടി അനുഭാവികളും അംഗങ്ങളും മാറി കഴിഞ്ഞു. 2019ലെ തോൽവിയെക്കാൾ ഇതു അപകടകരമാണെന്ന വിമർശനവും ഉയർന്നു. ദല്ലാൾ നന്ദകുമാറുമായ കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി ജയരാജന് ബന്ധമുണ്ടെന്ന ആരോപണം പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചു. ബിജെപി പ്രഭാരി പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് പോളിങ് ദിവസം രാവിലെ ഇപി ജയരാജൻ പാപ്പിനിശേരിയിലെ ബുത്തിന് മുൻപിൽ വെച്ചു വെളിപ്പെടുത്തിയത് തിരിച്ചടിയായി മാറി. പാർട്ടി സംസ്ഥാന സെക്രട്ടറി എം.എൽ എ യായ തളിപറമ്പ് മണ്ഡലത്തിൽ കെ. സുധാകരന് വോട്ടു കൂടിയത് എം.വി ഗോവിന്ദന്റെ പിടിപ്പുകേടു കൊണ്ടാണെന്ന തുറന്ന വിമർശനവും ഉയർന്നു.
സ്പീക്കർ എ.എൻ ഷംസീറിന്റെ ഗണപതി മിത്താണെന്ന വിമർശനവും എം.വി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും ഒരു വിഭാഗം നേതാക്കൾ വിട്ടു നിന്നത് പരിശോധിക്കണമെന്നും മൃദു വിമർശനമുന്നയിച്ച നേതാക്കളിൽ ചിലർ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് ജില്ലാ കമ്മിറ്റിയിൽ ചർച്ച നടന്നത്. ഇതിൽ ഉയർന്ന വിമർശനങ്ങൾ കൂടി ചേർത്ത് മേഖലാതലങ്ങളിൽ അവതരിപ്പിക്കും. കഴിഞ്ഞ പത്തുവർഷത്തിന് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന് അപ്രമാദിത്വമുള്ള കണ്ണൂർ ജില്ലയിൽ പേരെടുത്തു പറഞ്ഞു കൊണ്ടുള്ള വിമർശനമുയരുന്നത്.
സർക്കാർ വകുപ്പുകളിൽ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനും പൊലിസിനുമെതിരെയാണ് അതിരൂക്ഷ വിമർശനമുയർന്നത്. പൊലിസിനെ മുഖ്യമന്ത്രി അഴിച്ചു വിട്ടിരിക്കുകയാണെന്നും മാധ്യമ വേട്ട പാർട്ടിക്ക് തിരിച്ചടിയായെന്നും വിമർശനമുയർന്നിരുന്നു. പൊളിറ്റിക്കൽ സെക്രട്ടറിയായ പി.ശശിയാണ് മുഖ്യമന്ത്രിയെ മറികടന്നു കൊണ്ടു പൊലിസിനെ നിയന്ത്രിക്കുന്നത്. പാർട്ടിയുമായി കൂടിയാലോചനകൾ നടത്താൻ തയ്യാറല്ലാത്ത പി.ശശി യെ തൽസ്ഥാനത്തു നിന്നും മാറ്റണമെന്ന ആവശ്യവും അവലോകന യോഗത്തിൽ ഉയർന്നിട്ടുണ്ട്.