മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുള്ള ഗാനത്തേയും ആൽബത്തേയും പിന്തുണച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ രംഗത്ത്.ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോൾ അയാളെക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിൽ തെറ്റില്ല. പി ജയരാജൻ വിഷയത്തിൽ പാർട്ടി ശാസിച്ചത് പഴയ ചരിത്രമാണ്. അത് ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ പിണറായിയെ പുകഴ്‌ത്തുന്ന ഗാനം സിപിഎം ഏറ്റെടുക്കുമെന്ന സുൂചനയാണ് ലഭിക്കുന്നത്. പിണറായിയെ സ്തുതിച്ചുള്ള ഗാനത്തെ തള്ളിപ്പറയാൻ ഇപി ജയരാജനു പോലും ധൈര്യമില്ല. സിപിഎം സെക്രട്ടറി എംവി ഗോവിന്ദനും പാട്ടിനെ തള്ളിപ്പറയില്ല.

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തിയുള്ള കേരള സിഎം എന്ന തട്ടുപൊളിപ്പൻ വീഡിയോ ഗാനം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായ സാഹചര്യത്തിലാണ് ഇപിജയരാജന്റെ പ്രതികരണം. കൊവിഡിലെയും പ്രളയത്തിലെയും രക്ഷകനായി മുഖ്യമന്ത്രിയെ അവതരിപ്പിക്കുന്ന ഗാനത്തിൽ നിരവധി വിശേഷണങ്ങളും പിണറായി വിജയന് നൽകിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പാട്ട് എന്നാൽ ചില ഇടത് കേന്ദ്രങ്ങളിൽ നിന്നടക്കം വിമർശനവും നേരിടുകയാണ്. പി ജയരാജനെ ചെന്തരാകമാക്കിയ പിജെ ആർമിയുടെ പുകഴ്‌ത്തലുകളെ മുന്നിൽ നിന്നും എതിർത്തത് പിണറായിയാണ്. ജയരാജനെതിരെ പാർട്ടി നടപടികളും ആലോചനയിൽ വന്നു. എന്നാൽ പിണറായിയെ പുകഴ്‌ത്തിയ ഗാനത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണ്. പക്ഷേ അവർക്കാർക്കും ഒരു പ്രശ്‌നവും ഉണ്ടാകില്ല.

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തിയുള്ള മെഗാ തിരുവാതിര ഉണ്ടാക്കിയ വിവാദം കെട്ടടങ്ങുമ്പോഴാണ് പുതിയ പാട്ടിന്റെ രംഗപ്രവേശം. തീയിൽ കുരുത്ത കുതിരയായും കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനായുമെല്ലാമാണ് പാട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്.ബ്രണ്ണൻ കോളേജിലെ പിണറായിയുടെ പാർട്ടി പ്രവർത്തനവും വീഡിയോ ഗാനത്തിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. സ്വർണക്കടത്ത് വിവാദം ഗൂഢാലോചനയെന്ന വിമർശനത്തോടെയാണ് പാട്ടിന്റെ തുടക്കം.ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിന് സിപിഎം തയ്യറെടുക്കുന്‌പോഴാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നത്. വരികളും നൃത്തവുമെല്ലാം യുവാക്കളെ ലക്ഷ്യമിട്ടാണ് .

കാരണഭൂതനെ ദൈവവാവതാരമാക്കിയത് മന്ത്രി വിഎൻ വാസവനാണ്. ദൈവം നൽകിയ വരം പോലെ പിന്നാലെ തുറമുഖമെന്ന വകുപ്പ് കൂടി വാസവന് കിട്ടി. ദൈവ പ്രീതിയിൽ കിട്ടുമെന്ന് വിശ്വാസികൾ വിശ്വസിക്കുന്ന സമ്മാനത്തിന് സമാനായി വാസവന് തുറമുഖ വകുപ്പ് കിട്ടിയതിനെ കാണുന്നവരുമുണ്ട്. ഏതായാലും അതിനെ വ്യക്തിപൂജയായാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കണ്ടത്. മാധ്യമങ്ങളോട് അങ്ങനെ പ്രതികരിക്കുകയും ചെയ്തു. ഏതായാലും പിണറായി ഫാൻസ് രണ്ടും കൽപ്പിച്ചാണ്. പിജെ ആർമിയേക്കാൾ കരുത്ത് അവർക്കുണ്ട്. അതുകൊണ്ട് തന്നെ സിപിഎം നേതൃത്വവും ഈ വ്യക്തിപൂജ കണ്ടില്ലെന്ന് നടിക്കും. ഇതിന് തെളിവാണ് ഇപിയുടെ നിലപാട് വിശദീകരണവും

സമൂഹമാധ്യമങ്ങളിൽ ചർച്ചയായാവുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്‌ത്തുന്ന പുതിയ ഗാനം. പിണറായി വിജയനെ സിംഹം പോലെ ഗർജിക്കുന്ന നായകനായും ഒറ്റയ്ക്ക് വളർന്ന മരമായും വാഴ്‌ത്തി ചിത്രീകരിച്ച ഗാനം 'കേരള സിഎം' എന്ന തലക്കെട്ടോടെയാണ് യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. എല്ലാ അർത്ഥത്തിലും വ്യക്തിപൂജ. നാടിന്റെ അജയ്യനായും മലയാള നാടിന്റെ മന്നനായും പിണറായിയെ സ്തുതിക്കുന്ന പാട്ടിന്റെ വരികൾ കൗതുകവും ചിരിയുമുണർത്തുന്നതുമാണ്. ഇടതുപക്ഷ പക്ഷികളിലെ ഫീനിക്സ് എന്നാണ് ഗാനത്തിൽ പിണറായിക്കുള്ള മറ്റൊരു വിശേഷണം.

"പിണറായി വിജയൻ...നാടിന്റെ അജയ്യൻ...
നാട്ടാർക്കെല്ലാം സുപരിചിതൻ...
തീയിൽ കുരുത്തൊരു കുതിരയെ...
കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനെ...
മണ്ണിൽ മുളച്ചൊരു സൂര്യനെ...മലയാള നാടിൻ മന്നനെ...'

എന്നിങ്ങനെയാണ് ഗാനത്തിന്റെ വരികൾ പോകുന്നത്. നിഷാന്ത് നിളയാണ് വരികളും സംഗീതവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സാജ് പ്രൊഡക്ഷൻ ഹൗസ് എന്ന യൂട്യൂബ് പേജിലൂടെയാണ് ഗാനം പുറത്തു വിട്ടിരിക്കുന്നത്. ഗാനത്തിന് പിന്നിൽ സിപിഎം നേതൃത്വത്തിലുള്ളവർക്ക് പങ്കുണ്ടോ എന്ന് വ്യക്തമല്ല. ഏതായാലും പിണറായി ഫാൻസാണ് പിന്നിലെന്ന് വ്യക്തം. അടിപൊളിയായാണ് ചിത്രീകരണം. ഏതായാലും വീഡിയോ യൂ ട്യൂബിൽ വൈറലാണ്. അതുകൊണ്ട് തന്നെ ഇനിയും സമാന വീഡിയോകൾ പിണറായി സ്തുതിയുമായി യു ട്യൂബിലെത്തുമെന്നാണ് സൂചന.

സിനിമ പോലെയാണ് ചിത്രീകരണം. എല്ലാ ഹൈപ്പും നൽകുന്നു. പിണറായിയെ തകർക്കാൻ ശ്രമിക്കുന്ന ഗൾഫ് ഗൂഢാലോചന പോലും വീഡിയോയായി എത്തുന്നു. പ്രപഞ്ചമൊത്തം അയാൾക്കൊപ്പം നിന്നു. ഹീ ഈസ് എ യൂണിവേഴ്സൽ ഹീറോ. നല്ല പണം മുടക്കിയാണ് വീഡിയോ ചിത്രീകരണമെന്നും വ്യക്തം. എല്ലാ അർത്ഥത്തിലും സൂക്ഷ്മത പ്രകടിപ്പിച്ചാണ് പാട്ടിന്റെ ചിത്രീകരണം. പാർട്ടിയിലേക്കുള്ള പിണറായിയുടെ വരവ് അടക്കം ചിത്രീകരിച്ചിട്ടുണ്ട്.

കേരളാ സിഎം എന്ന വീഡിയോ ഗാനത്തിന് ചുവടെ വന്ന കമന്റുകളിൽ ചിലത്

1, ആ പ്രത്യേക ആക്ഷനും വാളുകളുടെ ഇടയിലൂടെ നടക്കുന്നതും കളിത്തോക്കിന്റെ മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കുന്ന സീനും കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ സൂപ്പറായേനേ
2, ഇനിയും ഇത് പോലുള്ള കലാസൃഷ്ടികൾ നിർമ്മിച്ച് പാർട്ടിയെ സഹായിക്കരുതേ എന്നൊരു അഭ്യർത്ഥനയുണ്ട്. നന്ദി
3, ചിരിച്ച് ചിരിച്ച് ഒരു വഴിയായി???? വിജയനെ പറ്റി ഇനിയും ഇതുപോലത്തെ കുറെ കലാസൃഷ്ടികൾ വേണം ?? ഇനി ഇറക്കുമ്പോൾ മരുമകനെ പറ്റി പാട്ടിൽ ചേർക്കണം അപ്പോൾ പൊളിയാണ് ??
4, ഇത് കാണുമ്പോൾ ഒരു കാര്യമാണ് ഓർമ്മ വരുന്നത് ?? ഫ്രണ്ട്സ് സിനിമയിൽ ജനാർദ്ദനൻ ചേട്ടൻ പറയുന്ന മാസ്സ് ഡയലോഗ് ഈ കൊട്ടാരം പട്ട ചാരായം ഒഴിച്ച് നാറ്റിച്ചു ????????????
5, പുള്ളി ഊരിപ്പിടിച്ച വാളുകൾക്ക് ഇടയിലൂടെ നടന്നുവരുന്ന സീനും വേണമായിരുന്നു!
6, ഈ പാട്ടിന്റെ കുറവും കൂടെ ഉണ്ടായിരുന്നുള്ളു ??. ബാക്കി എല്ലാം ആയി ??. ആ ഇരുമ്പ് കസേരയുടെ കാര്യം കൂടെ ഉൾപ്പെടുത്തണമായിരുന്നു ??

ഈ ഗാനം വ്യക്തിപൂജാ ആരോപണമായി ഉയർന്നാൽ ഇത്തരം വീഡിയോകൾക്ക് പാർട്ടിയുമായി പങ്കില്ലെന്ന ഒഴുക്കൻ മറുപടി സിപിഎം നൽകും. പി ജയരാജനെ ചെന്താരകമായി പിജെ ആർമി ചിത്രീകരിച്ചത് സിപിഎം അനുവദിച്ചിരുന്നില്ല. പിജെ ആർമിയെ ജയരാജന് പോലും തള്ളി പറയേണ്ട പരസ്യമായ സ്ഥിതിയുണ്ടായി. എന്നാൽ പിണറായിയെ സ്തുതിച്ചാൽ അതൊന്നും നേതൃത്വം ചെയ്യില്ല. തൽകാലം സിപിഎമ്മിൽ പിണറായിയാണ് ഏക നേതാവ് എന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ഗോവിന്ദനും ഇതെല്ലാം കണ്ടില്ലെന്ന് നടിക്കും.

പുതിയ വീഡിയോയുടെ തുടക്കത്തിൽ, സ്വർണക്കടത്ത് കേസ് വിവാദം ഉൾപ്പടെ സർക്കാരിനെതിരായ നീക്കം ആസൂത്രിതമാണെന്ന് കാണിക്കാനുള്ള ശ്രമങ്ങളുമുണ്ട്. വെള്ളപ്പൊക്കവും കോവിഡുമുൾപ്പടെയുള്ള പ്രതിസന്ധികൾ പിണറായിയുടെ മുന്നേറ്റത്തിന് തുണയായതായും വീഡിയോയിൽ പറയുന്നു. എട്ട് മിനുറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ പിണറായിയുടെ ചെറുപ്പകാലം മുതൽ കൗമാരകാലം വരെ ആവിഷ്‌കരിക്കുന്നതാണ്. യൂട്യൂബിൽ വീഡിയോയ്ക്ക് വലിയ വിമർശവുമാണ് പരിഹാസവുമാണ് ഉയരുന്നത്. എന്നാൽ വൈറലാകുന്നുമുണ്ട്.

ഇതിന് മുൻപ് 2022-ൽ തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള മെഗാതിരുവാതിര വലിയ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇരയായിരുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെയായിരുന്നു 500 പേർ പങ്കെടുത്ത തിരുവാതിരയ്ക്ക് പിന്നിൽ സിപിഎം തിരുവനന്തപുരം ജില്ലയിലെ പ്രമുഖ നേതാക്കളായിരുന്നു. ഈ പാട്ടിലെ കാരണഭൂതൻ എന്ന പരാമർശം പിന്നീട് രാഷ്ട്രീയ പ്രയോഗമായി തന്നെ രാഷ്ട്രീയ പ്രതിയോഗികൾ ഏറ്റെടുത്തിരുന്നു.

"ഭൂലോകമെമ്പാടും കേളി കൊട്ടി...
മാലോകരെല്ലാരും വാഴ്‌ത്തിപ്പാടി..
ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയനെന്ന
സഖാവിന് നൂറുകോടി അഭിവാദ്യങ്ങൾ.
ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ
പിണറായി വിജയനെന്ന സഖാവ് തന്നെ..
എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം
അടിപതറാതെ പോരാടിയ ധീര സഖാവാണ് "

എന്നിങ്ങനെയായിരുന്നു മെഗാതിരുവാതിരയുടെ വരികൾ. ഈ വരികൾ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയതിനൊപ്പം പാർട്ടിക്കുള്ളിൽ അതൃപ്തി സൃഷ്ടിച്ചിരുന്നു. എന്നാൽ ആർക്കെതിരേയും നടപടി എടുത്തില്ല. എന്നാൽ പി ജയരാജനെ സ്തുതിച്ചുകൊണ്ടുള്ള ഗാനം പുറത്തുവന്നപ്പോൾ വിഷയം എകെജി സെന്ററിൽ പോലും ചർച്ചയായി. പിജെ ആർമി എന്ന സമൂഹമാധ്യമ അക്കൗണ്ടിലൂടെ പ്രചരിച്ച വീഡിയോയുടെ പേരിൽ വലിയ വിമർശനമുണ്ടായിരുന്നു. വ്യക്തിപൂജ ആരോപിച്ച് അന്ന് സിപിഎം നടപടിയെടുക്കുകയും ചെയ്തു.

ജയരാജൻ സ്വന്തം വ്യക്തിപ്രഭാവം വളർത്താൻ ശ്രമിക്കുന്നുവെന്ന ആരോപണവും ഉയർന്നിരുന്നു. ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി സിപിഎം. ജില്ലാ കമ്മിറ്റി മൂന്നംഗ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു. കമ്മീഷന്റെ റിപ്പോർട്ട് ജയരാജന് അനുകൂലമായിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയായിരുന്നു പാർട്ടി വിവാദങ്ങൾ അവസാനിപ്പിച്ചത്.