- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടിയുള്ള പദ്ധതികൾക്കാണു മുൻഗണന നൽകേണ്ടത്; ഭരണത്തിൽ പല വിധത്തിലുള്ള ധൂർത്ത്; കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടി; പിണറായിയെ വിമർശിച്ച് സിപിഐ നേതൃ യോഗം
തിരുവനന്തപുരം: ഭരണത്തേയോ മുഖ്യമന്ത്രിയേയോ വിമർശിക്കുന്ന സമീപനം സിപിഎം എടുക്കാറില്ല. മറിച്ച് പിണറായി എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കുകയാണ് സിപിഎം നേതാക്കൾ ഇപ്പോൾ ചെയ്യുന്നത്. എന്നാൽ ഇടതു ഘടകകക്ഷിയായ സിപിഐ അങ്ങനെയല്ല. പറയേണ്ടത് മുഖത്ത് നോക്കി പറയുന്ന നേതാക്കൾ ഇപ്പോഴും സിപിഐയിലുണ്ട്. ഇന്നലെ സിപിഐയുടെ നേതൃയോഗത്തിലും ഇത് തന്നെ സംഭവിച്ചു.
കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയനു മടിയാണെന്നു സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ വിമർശനം. സർക്കാരിനെതിരെയും കടുത്ത വിമർശനമുയർന്നു. ഗുരുതരമായ ആരോപണമാണ് ഉയർന്നത്. 'സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലെ നിലപാടുകളും ശരിയല്ല. ആശങ്കയിലായ നിക്ഷേപകർക്കു പണം തിരിച്ചു നൽകുകയാണു വേണ്ടത്. അതു ചെയ്യാതെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്നു ജനസദസ്സ് നടത്തിയിട്ടു കാര്യമില്ല. ഇപ്പോഴത്തെ മുൻഗണന ഇടതു സർക്കാരിനു ചേർന്നതല്ല-ഇതായിരുന്നു പ്രധാന വിമർശനം.
തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടിയുള്ള പദ്ധതികൾക്കാണു മുൻഗണന നൽകേണ്ടത്. ഭരണത്തിൽ പല വിധത്തിലുള്ള ധൂർത്ത് നടക്കുകയാണ്. അതേസമയം, സിപിഐ മന്ത്രിമാർ ഭരിക്കുന്ന ഭക്ഷ്യ, കൃഷി വകുപ്പുകൾക്കു വേണ്ട പണം അനുവദിക്കാൻ ധന വകുപ്പ് തയാറാകുന്നുമില്ല' യോഗത്തിൽ പ്രതിനിധികൾ കുറ്റപ്പെടുത്തി. പിണറായിയെ പിന്തുണയ്ക്കുന്ന കാനം രാജേ്ര്രന്ദനാണ് സിപിഐ സെക്രട്ടറി. കാനത്തെ പോലും വെട്ടിലാക്കുന്ന തരത്തിലായിരുന്നു സിപിഐയിലെ അഭിപ്രായ പ്രകടനങ്ങൾ.
ഭക്ഷ്യ, കൃഷി വകുപ്പുകൾക്ക് ധനവകുപ്പ് പണം നൽകുന്നില്ലെന്നും വിമർശനമുയർന്നു. കരുവന്നൂർ, കണ്ടല സഹകരണ ബാങ്കുകളിലെ തട്ടിപ്പുകളിൽ നിക്ഷേപകർക്ക് പണം തിരിച്ചുനൽകുകയാണ് വേണ്ടത്. പണം തിരിച്ചു കൊടുക്കാതെ ജനസദസ്സ് നടത്തിയിട്ട് കാര്യമില്ലെന്നും നേതാക്കൾ വിമർശിച്ചു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതെന്ന പരാതിയിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനോദ് വിശദീകരണം തേടാനും സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പരാതി അന്വേഷിക്കാനായി പാർട്ടി നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ നേരത്തെ സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായ കെകെ അഷ്റഫ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്തിൽ സീറ്റ് നൽകുന്നതിന് മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് പരാതി. എപി ജയൻ ചുരുങ്ങിയ കാലയളവിൽ ഡയറി ഫാം ആരംഭിച്ചത് അനധികൃത സ്വത്ത് സമ്പാദനത്തിന്റെ ഭാഗമാണെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
കേന്ദ്രസർക്കാരിനെതിരെ നാവനക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് മടിയാണെന്ന് സിപിഐ യോഗത്തിൽ വിലയിരുത്തൽ വരുന്നു. സർക്കാർ കാര്യക്ഷമല്ല . സാധാരണക്കാരുടെ പണം സഹകരണ ബാങ്കുകൾ വഴി കൊള്ളയടിച്ചത് ശരിയല്ലെന്നും പാർട്ടി കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുവദിക്കേണ്ട തുകയിൽ വെട്ടിക്കുറവ് വരുത്തിയിട്ടും അതിനെതിരെ ശക്തമായി പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല.
ഇങ്ങനെ പോയാൽ ജന സദസ്സ് നടത്തിയതുകൊണ്ട് കാര്യമില്ലെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തുറന്നടിച്ചു . സർക്കാരിനെതിരെ ഘടകകക്ഷി തന്നെ ഇത്തരത്തിൽ പ്രതികരിക്കുന്നത് ഇതാദ്യമാണ്.




