കണ്ണൂർ: സിപിഎമ്മിൽ പിണറായി വിജയൻ ഒറ്റപ്പെടുന്നില്ലെന്ന് ഉറപ്പിക്കാൻ എംവി ഗോവിന്ദൻ. കണ്ണൂർ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കായി വലിയ പ്രതിരോധമാണ് ഗോവിന്ദൻ ഉയർത്തിയത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും ഒറ്റതിരിഞ്ഞ് ആക്രമിക്കരുതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ പറഞ്ഞു. ഭരണത്തിലെ വീഴ്ചകൾ തിരിച്ചടിയായിട്ടുണ്ടെങ്കിലും കടുത്ത ഭരണപരാജയമെന്നു പറയുന്നതിൽ അർഥമില്ലെന്നു കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. പരാജയ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കണമെന്ന ആവശ്യമാണ് ഗോവിന്ദൻ മുമ്പോട്ട് വയ്ക്കുന്നത്. എന്നാൽ ഇടതു കൺവീനർ ഇപി ജയരാജനെതിരായ പരാമർശങ്ങളെ ഗോവിന്ദൻ പ്രതികരിച്ചുമില്ല.

കണ്ണൂരിലെ സിപിഎമ്മിൽ ഗ്രൂപ്പ് സമവാക്യം മാറുകയാണ്. പി ജയരാജൻ കരുത്തനാകാനുള്ള സാധ്യതയുണ്ട്. ഇത് മനസ്സിലാക്കിയാണ് ഗോവിന്ദന്റെ അഭിപ്രായങ്ങൾ വരുന്നത്. പിണറായിയെ പിന്തുണയ്ക്കുന്നവരെ ചിന്നി ചിതറാൻ അനുവദിക്കാതെ കണ്ണൂരിൽ അപ്രമാധിത്വം തുടരാനാണ് ഗോവിന്ദന്റെ ശ്രമം. ഓരോ വ്യക്തിക്കും പ്രത്യേക ശൈലിയുണ്ടാകുക സാധാരണമാണെന്ന് ഗോവിന്ദൻ പറയുന്നു. അതു പെട്ടെന്നു മാറ്റാൻ സാധിക്കില്ല. എന്നാൽ മാറ്റേണ്ട ചിലതുണ്ട്. പ്രവർത്തകരുടെ ആഗ്രഹത്തിനൊത്തു ശൈലി മാറാൻ താൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മൈക്ക് ഓപ്പറേറ്ററെയും ശാസിച്ചിട്ടില്ലെന്ന്, തനിക്കെതിരെ ഉയർന്ന മൈക്ക് വിവാദത്തിനു മറുപടിയായി ഗോവിന്ദൻ പറഞ്ഞു. ഫലത്തിൽ പിണറായിയുടെ ശൈലി മാറ്റം അതിവേഗം നടക്കില്ലെന്ന സന്ദേശമാണ് ഗോവിന്ദൻ നൽകുന്നത്.

സിപിഎം ജില്ലാ നേതൃയോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയരുന്ന വിമർശനങ്ങളിൽ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ട്. വീണ്ടും പാർട്ടിയിൽ വിഭാഗീയതയുണ്ടാകുന്നുവെന്ന വിലയിരുത്തലിലാണ് പിണറായി ക്യാമ്പ്. ഇതിനെ സംഘടനാ കരുത്തിൽ മുളയിലേ നുള്ളാനാണ് തീരുമാനം. സിപിഎമ്മിന് തുടർഭരണം നൽകിയ മുഖ്യമന്ത്രിയെ ലക്ഷ്യമിടുന്നത് ചിലരാണ്. കെകെ ശൈലജയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടാനാണ് ശ്രമം. പിണറായിയുടെ നേതൃത്വമുണ്ടെങ്കിലേ വീണ്ടും അധികാര തുടർച്ച കിട്ടൂവെന്നാണ് സിപിഎമ്മിലെ പിണറായിസ്റ്റുകളുടെ നിലപാട്. എറണാകുളത്തും പത്തനംതിട്ടയിലും കണ്ണൂരിലും ലോക്സഭാ തോൽവിയുടെ ഉത്തരവാദി പിണറായി ആണെന്ന തരത്തിലാണ് ചർച്ചകളുയർന്നത്. കണ്ണൂരിലേത് അതിരുവിട്ട പ്രതികരണമാണെന്ന നിലപാടും മുഖ്യമന്ത്രിക്കുണ്ട്. ഇതിനിടെയാണ് ഗോവിന്ദന്റെ പ്രതികരണമെത്തുന്നത്.

കെകെ ശൈലജയെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്ന ജനമുണ്ടെന്ന് സംസ്ഥാന സമിതി യോഗത്തിൽ പി ജയരാജൻ പറഞ്ഞിരുന്നു. ഇതും വ്യാപകമായി ചർച്ചയായി. പാർട്ടിയിൽ വീണ്ടും വിഭാഗീയത തലപൊക്കാനുള്ള സാധ്യതയായാണ് ഇതിനെ പിണറായി വിഭാഗം കാണുന്നത്. അതുകൊണ്ട് തന്നെ മുമ്പ് വിഭഗീയത ഇല്ലാതാക്കാനായി നടത്തിയതിന് സമാനമായ വെട്ടിനിരുത്തലുകൾ വീണ്ടും ഉണ്ടായേക്കും. വിമർശനമുന്നയിക്കുന്നവരെ എല്ലാം നിരീക്ഷിക്കാനും സംവിധാനം വരും. വിഭാഗീയത ഇല്ലാതായതു കൊണ്ടാണ് തുടർഭരണം സാധ്യമായത്. ലോക്സഭയിൽ തോറ്റെങ്കിലും നിയമസഭയിൽ ജയിക്കാം. അതിനുള്ള സാധ്യത ഉൾപാർട്ടി ചർച്ചകൾ തിരിച്ചറിയണമെന്നതാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. പാർട്ടി ചർച്ചകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നവരെ കണ്ടെത്താനും സംവിധാനം വരും.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിലും വിമർശനം ശക്തമായിരുന്നു. തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും എതിരെയുള്ള വികാരമെന്ന് ജില്ലാ കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. മകൾക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി മൗനം പാലിച്ചു. മുഖ്യമന്ത്രിയുടെ ആ മൗനത്തിന് പാർട്ടി കനത്ത വില നൽകേണ്ടി വന്നു. കോടിയേരി ബാലകൃഷ്ണൻ കാട്ടിയ മാതൃക മുഖ്യമന്ത്രി കാണിച്ചില്ലെന്നും വിമർശനം ഉയർന്നു. മക്കൾക്കെതിരെ ആരോപണമുയർന്നപ്പോൾ തനിക്കും പാർട്ടിക്കും പങ്കില്ലെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ മുന്നിൽ നിർത്തിയാണ് മുഖ്യമന്ത്രിയെ യോഗത്തിൽ ഒരു വിഭാഗം വിമർശിച്ചത്.

മൈക്കിനോട് പോലും മുഖ്യമന്ത്രി പിണറായി വിജയന് അരിശമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും വിമർശനം ഉയർന്നു. മുഖ്യമന്ത്രിയുടെ പെരുമാറ്റ രീതികൾ കമ്യൂണിസ്റ്റുകാരനു ചേർന്നതല്ല. ഈ പെരുമാറ്റം മുഖ്യമന്ത്രിയെ ജനങ്ങളിൽനിന്ന് അകറ്റുമെന്നും തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് അതാണെന്നും മുഖ്യമന്ത്രിക്കെതിരെ കമ്മറ്റി വിമർശിച്ചു. തിരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരമാണ് സൂചിപ്പിക്കുന്നത്. മുപ്പതിനായിരത്തോളം ഇടത് വോട്ടുകൾ പത്തനംതിട്ടയിൽ ചോർന്നു. മന്ത്രിമാർക്ക് പാർട്ടി കത്തുകൊടുത്തിട്ട് പോലും തുടർനടപടി ഉണ്ടാകുന്നില്ല. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്ക് ജില്ലാ കമ്മിറ്റി അംഗങ്ങളെ പുച്ഛമാണെന്നും പത്തനംതിട്ട ജില്ലാ കമ്മിറ്റി വിമർശിച്ചു.