കോട്ടയം: ഇടതു മുന്നണിക്കൊപ്പമെന്ന സന്ദേശം നൽകാൻ കേരളാ കോൺഗ്രസ് മാണി വിഭാഗം. ഇടതുപക്ഷത്തു നിന്നും ജോസ് കെ മാണിയും കൂട്ടരും പുറത്തു വരുമെന്ന ചർച്ചകൾ ചില യുഡിഎഫ് കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. ഇതിനിെടായണ് കേരളാ കോൺഗ്രസിന്റെ പുതിയ നീക്കം രാഷ്ട്രീയ ചർച്ചയാകുന്നത്. റബറിനെപ്പറ്റി പ്രസംഗിച്ച തോമസ് ചാഴികാടൻ എംപിയെ പരസ്യമായി ശാസിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേരളാ കോൺഗ്രസിൽ അതൃപ്തിയുണ്ട്. എന്നാൽ ഈ അതൃപ്തി പരിഹിരിക്കാനുള്ള നീക്കം തുടങ്ങുകയാണ് കേരളാ കോൺഗ്രസ്.

തോമസ് ചാഴിക്കാടനെ അപമാനിച്ചതിന്റെ വേദന മുഖ്യമന്ത്രി നേരിട്ടു റബർ കർഷകരുടെ യോഗം വിളിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ മാറിയെന്നാണ് കേരളാ കോൺഗ്രസ് നേതൃത്വം പറയുന്നത്. നവകേരള സദസിനെ കുറിച്ച് തോമസ് ചാഴിക്കാടന് ഒന്നും അറിയില്ലേ എന്ന വിമർശനവുമായിട്ടായിരുന്നു കോട്ടയത്തെ രാഷ്ട്രീയ ചർച്ചകൾ പിണറായി പുതിയ തലത്തിലെത്തിച്ചത്. എന്നാൽ റബ്ബറിൽ മുഖ്യമന്ത്രി എടുത്ത തീരുമാനം ഇതിനുള്ള പ്രായശ്ചിത്തമാണെന്ന് കേരളാ കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു. അതുകൊണ്ട് പിണറായിയുമായി ജോസ് കെ മാണി സഹകരിക്കും.

മുഖ്യമന്ത്രിക്കു തിരിച്ചും വേദി ഒരുക്കാനാണ് കേരള കോൺഗ്രസ് (എം) തീരുമാനം. ജനുവരി 17നു തിരുവനന്തപുരത്ത് കെ.എം.മാണിയുടെ ആത്മകഥ പ്രകാശനച്ചടങ്ങിലേക്ക് കേരള കോൺഗ്രസ് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചു. പഴയ അസംബ്ലി മന്ദിരത്തിലാണ് പ്രകാശനച്ചടങ്ങ്. സിപിഎമ്മും കേരള കോൺഗ്രസു (എം)മായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് മുഖ്യമന്ത്രിയെ പരിപാടിക്ക് ക്ഷണിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജനുവരി അഞ്ചിനു കോട്ടയത്തു ചേരും. ഫണ്ട് പിരിവാണു പ്രധാന അജൻഡയായി ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും പി.എം.മാത്യുവിന്റെ വിമർശനവും സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചയാകും.

ഈ യോഗത്തിലും അനാവശ്യ വിവാദങ്ങളിലേക്ക് പോകരുതെന്ന് നേതാക്കളോട് ജോസ് കെ മാണി ആവശ്യപ്പെടും. ലോക്‌സഭാ തിരിഞ്ഞെടുപ്പിൽ കോട്ടയത്തിനൊപ്പം ഇടുക്കിയോ പത്തനംതിട്ടയോ കൂടി കേരളാ കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ട്. രണ്ടു സീറ്റുകൾ വാങ്ങി രണ്ടിടത്തും ജയിക്കുകയാണ് ലക്ഷ്യം. അതിലൂടെ ഇടതുപക്ഷത്തെ രണ്ടാമനായി മാറാമെന്നും ജോസ് കെ മാണി വിലയിരുത്തുന്നു. നിയമസഭാ സീറ്റുകളിൽ കേരളാ കോൺഗ്രസിനേക്കാൾ ബഹുദൂരം മുന്നിലാണ് സിപിഐ. ഇതിനിടെയാണ് രണ്ട് എംപിമാരെ ലോക്‌സഭയിലേക്ക് അയച്ച് ഇടതുപക്ഷത്തെ പ്രധാനിയാകാനുള്ള ജോസ് കെ മാണിയുടെ നീക്കം.

പാലായിൽ നവകേരള സദസ്സിന്റെ വേദിയിൽ സ്വാഗത പ്രസംഗത്തിലാണു റബറിന്റെ താങ്ങുവില വർധിപ്പിക്കൽ വിഷയം തോമസ് ചാഴികാടൻ ഉന്നയിച്ചത്. ഇതിലുള്ള അനിഷ്ടം പിണറായി വിജയൻ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഇതു വിവാദമായതോടെ കേരള കോൺഗ്രസ് (എം) സൈബർ വിഭാഗം മുഖ്യമന്ത്രിക്കെതിരേ രംഗത്തു വന്നിരുന്നു.

മുഖ്യമന്ത്രിയുടെ വിമർശനത്തെ പ്രതിരോധിക്കാൻ കേരള കോൺഗ്രസ് നേതൃത്വം തയാറായില്ലെന്ന് പാർട്ടി ഉന്നതാധികാര സമിതി അംഗം പി. എം. മാത്യു പരസ്യ വിമർശനം നടത്തുകയും ചെയ്തു. ഇത്തരം വിമർശനത്തിന്റെ ഭാഗമാകൻ കേരളാ കോൺഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നില്ല. ഇതാണ് പിണറായിയെ മാണിയുടെ ആത്മകഥാ പ്രകാശന ചടങ്ങിൽ ക്ഷണിച്ച് കേരളാ കോൺഗ്രസ് നൽകുന്ന സന്ദേശവും.