കോഴിക്കോട്: രാഹുൽ ഗാന്ധിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് ചോദിക്കുന്ന രാഹുലിനോട്, താങ്കളുടെ പഴയ പേര് ആവർത്തിക്കാൻ ഇടവരുത്തരുതെന്നായിരുന്നു പിണറായി പരിഹസിച്ചത്.

രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്. അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്. അത് നല്ലതല്ല. യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്. അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ അശോക് ചവാനെ പോലെ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും പിണറായി പറഞ്ഞു.

റോബർട്ട് വാദ്രയുടെ കേസ് അവസാനിച്ചത് എങ്ങനെയാണ്? അദ്ദേഹം ഇലക്ടറൽ ബോണ്ട് നൽകി കേസ് അവസാനിപ്പിക്കുകയായിരുന്നു എന്നും മുഖ്യമന്ത്രി ആരോപിച്ചു. കോഴിക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം നേതാക്കളെ മൊഴിയെടുക്കാനെന്ന പേരിൽ ഇ.ഡി വിളിച്ച് വരുത്തി അപമാനിക്കുകയാണെന്ന് പിണറായി ആരോപിച്ചു. ഒന്നും ചോദിക്കാനില്ലാത്തതു കൊണ്ട് വിളിച്ചു വരുത്തിയിട്ട് മണിക്കൂറോളം വെറുതെയിരുത്തുകയാണ്. സിപിഎമ്മിനെ അപകീർത്തിപ്പെടുത്താൻ ആഗ്രഹിക്കുന്ന ചാനലുകൾക്കും ഇത് ഹരമായി മാറിയിട്ടുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി.

എപ്പോഴും കോൺഗ്രസിനെയും തന്നെയും മാത്രം വിമർശിക്കുന്നു എന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി 'ഞാൻ ബിജെപിയെയും വിമർശിക്കുന്നുണ്ട്. എന്റെ പ്രസംഗത്തിൽ ഞാൻ ഇത്രയും നേരം പറഞ്ഞതും ബിജെപിയെയും കേന്ദ്രത്തൈയും കുറിച്ചായിരുന്നു. അവസാനം രാഹുൽ ഗാന്ധിയെ കുറിച്ച് പറഞ്ഞു. അത് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ കൊണ്ടാണ്. രാജ്യത്തെ മത നിരപേക്ഷത തകർക്കാൻ വേണ്ടിയാണ് ബിജെപി പൗരത്വ നിയമം കൊണ്ടുവന്നത്. അതിനെതിരെ കോൺഗ്രസ് ഒരക്ഷരം പോലും മിണ്ടാതിരുന്നത് എന്തുകൊണ്ടാണെന്നും' പിണറായി വിജയൻ ചോദിച്ചു

കേരളത്തിന്റെ മുഖ്യമന്ത്രി എപ്പോഴും എന്നെ മാത്രം വിമർശിക്കുന്നതും ബിജെപിയെ വിമർശിക്കാത്തത് എന്തുകൊണ്ടാണ് എന്നും രാഹുൽ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കേരളത്തിലെ ഇഡി കേസുകൾ അവസാനിപ്പിക്കാൻ പിണറായി വിജയൻ ബിജെപിയുമായി സന്ധി ചെയ്യുകയാണെന്നും രാഹുൽ ആരോപിച്ചിരുന്നു.