- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാവ് ലിൻ വീണ്ടും ചർച്ചയാക്കാൻ പ്രതിപക്ഷം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കും അവരുടെ കമ്പനിയായ എക്സാലോജിക്കിനുമെതിരെ ഞെട്ടിക്കുന്ന ആരോപണമാണ് ഉയർന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ മകൾക്കും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടയാൾക്കും വിദേശത്ത് ജോയിന്റ് അക്കൗണ്ട് ഉണ്ടോയെന്നും ഈ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടോയെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്ന് സതീശൻ ആവശ്യപ്പെട്ടു. അന്വേഷണങ്ങൾ അട്ടിമറിക്കപ്പെടാൻ കാരണം സിപിഎം- സംഘപരിവാർ ബാന്ധവമാണെന്നും ആരോപിച്ചു.
എക്‌സാലോജിക്കുമായി ബന്ധപ്പെട്ടുയരുന്ന പുതിയ ആരോപണം കോൺഗ്രസ് ഗൗരവത്തോടെ എടുക്കുന്നതിന് തെളിവാണ് വിഡി സതീശന്റെ വിമർശനം. മുഖ്യമന്ത്രിയുടെ മകൾക്കും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മറ്റൊരാൾക്കും വിദേശത്തുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് പ്രൈസ് വാട്ടർ കൂപ്പേഴ്സ്, എസ്.എൻ.സി ലാവലിൻ ഉൾപ്പെടെയുള്ള കമ്പനികളിൽ നിന്നും പണം വന്നെന്നതാണ് ആരോപണം. ഇങ്ങനെയൊരു അക്കൗണ്ട് ഉണ്ടോയെന്നും കമ്പനികളിൽ നിന്നും പണം വന്നിട്ടുണ്ടോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാണ് സതീശന്റെ ആവശ്യം.
മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ മകളുടെയും അദ്ദേഹവുമായി ബന്ധപ്പെട്ട ആളുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ കാര്യമാണ്. ഇത് ശരിയാണോയെന്ന് പറയാനുള്ള അവകാശം മുഖ്യമന്ത്രിക്കുണ്ട്. ആരോപണം തെറ്റാണെങ്കിൽ ഉന്നയിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണം. ആരോപണം വന്നാൽ മൗനത്തിന്റെ മാളത്തിൽ ഒളിക്കുകയെന്നതാണ് മുഖ്യമന്ത്രിയുടെ പതിവ് രീതി. ഇക്കാര്യത്തിലും അങ്ങനെ ചെയ്താൽ ആരോപണം ശരിയാണെന്ന് വരും. ഈ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രി നിഷേധിച്ചാൽ ഇതേക്കുറിച്ചുള്ള ബാക്കി വിവരങ്ങൾ പറയാം.
എസ്.എഫ്.ഐ.ഒയുടെയും ഇ.ഡിയുടെയും അന്വേഷണം ഒരു കേസിലും എങ്ങുമെത്തിയില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കരുവന്നൂരിൽ സിപിഎമ്മുകാരെ ഇപ്പോൾ പിടിക്കുമെന്ന തോന്നലുണ്ടാക്കി. എന്നിട്ട് ഏതെങ്കിലും സിപിഎം നേതാവിനെ അറസ്റ്റു ചെയ്തോ? ബിജെപി ഇ.ഡിയെ ഉപയോഗിച്ച് തൃശൂരിലെ സിപിഎം നേതാക്കളെ വിരട്ടി നിർത്തുകയായിരുന്നു. വേറെ ചില സ്ഥലങ്ങളിൽ എസ്.എഫ്.ഐ.ഒ ഇപ്പോൾ വരുമെന്ന് പറഞ്ഞിട്ടും ഇതുവരെ ഒരാളെ പോലും ചോദ്യം ചെയ്തില്ല. കെജരിവാളിനെ ഉൾപ്പെടെ ജയിലിലാക്കിയിട്ടും കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ സ്നേഹത്തിലാണ്. അതാണ് രാഹുൽ ഗാന്ധിയും പറഞ്ഞത്.
അവിശുദ്ധമായൊരു ബാന്ധവം സംഘപരിവാറും കേരളത്തിലെ സിപിഎമ്മും തമ്മിലുണ്ട്. ഇതിന് മുൻപുള്ള കേസുകളിലും എല്ലാ ദിവസവും മാധ്യമ പ്രവർത്തകർക്ക് വിവരം നൽകിയിരുന്ന കേന്ദ്ര ഏജൻസികൾ പെട്ടന്ന് ഒരു ദിവസം കട്ടയും ഫയലും മടക്കി പോയി. അതുതന്നെയാണ് ഈ കേസുകളിലും നടക്കുന്നത്. കൃത്യമായ അന്വേഷണം നടത്തിയില്ലെങ്കിൽ പ്രതിപക്ഷം നിയമ നടപടികൾ തേടുമെന്നും സതീശൻ വിശദീകരിച്ചു.