- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയുടെ കൈപിടിച്ചതോടെ പിണറായിക്ക് കേന്ദ്രവിരുദ്ധ സമരത്തിൽ സമീപനം മാറിയോ?
ന്യൂഡൽഹി: കേരളത്തോടുള്ള കേന്ദ്രസർക്കാറിന്റെ അവഗണനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡൽഹിയിൽ 'ജനകീയ പ്രതിരോധം' തീർക്കുന്ന സമരമുറഖയായിരുന്നു ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്ലാൻ ചെയ്തത്. പ്രതിപക്ഷത്തെ ഇതിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ, തങ്ങളില്ലെന്ന് പറഞ്ഞ് അവർ ഒഴിഞ്ഞു മാറി. ഇതിന് ശേഷം കേരളത്തിലെ ചില കാര്യങ്ങളിൽ മാറ്റം വന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേരളത്തിൽ വെച്ചു കണ്ടു. ഇതോടെ കേന്ദ്ര വിരുദ്ധ സമരത്തിന്റെ സ്വഭാവം മാറ്റിയിട്ടുണ്ട.
ഫെബ്രുവരി 8ന് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നത് 'ഭരണഘടനയുടെ ഫെഡറൽ സംവിധാനം സംരക്ഷിക്കുക' എന്ന വിഷയത്തിലുള്ള പൊതുസമ്മേളനം മാത്രമാണ് സംഘടിപ്പിക്കുന്നത്. കേന്ദ്രവുമായി കേരളം ഏറ്റുമുട്ടുന്നുവെന്ന പ്രതീതി ഒഴിവാക്കാനാണ് ഭരണഘടനാ സംരക്ഷണ സമ്മേളനം മാത്രം മതിയെന്നു തീരുമാനിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ബജറ്റിൽ അടക്കം കേന്ദ്രവിഹിതം നേടിയെടുക്കേണ്ടതുണ്ട്. ഇതിനിടെയാണ് കേരളത്തിൽ വെച്ച് പിണറായി വിജയൻ നരേന്ദ്ര മോദിയെ കണ്ടത്. ഇതെല്ലാം മനംമാറ്റത്തിന് കാരണമായെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ, കേരളത്തിന്റെ പ്രശ്‌നങ്ങൾ മാത്രം പറഞ്ഞാൽ മറ്റു സംസ്ഥാനങ്ങളുടെ പിന്തുണ ലഭിക്കില്ലെന്ന വിലയിരുത്തലിലാണ് പരിപാടിയുടെ സ്വഭാവം മാറ്റിയതെന്ന് സിപിഎം വൃത്തങ്ങൾ പറഞ്ഞു. കേരളത്തോടുള്ള കേന്ദ്ര അവഗണയ്‌ക്കെതിരെ മുഖ്യമന്ത്രിമാരും മന്ത്രിമാരും പ്രതിഷേധ സമരം നടത്തുമെന്നാണ് കഴിഞ്ഞ 17ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പ്രഖ്യാപിച്ചത്. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കും പ്രതികാര നടപടികൾക്കുമെതിരെ നടത്തുന്ന ജനകീയ പ്രതിരോധത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ക്ഷണിച്ചതായി വ്യവസായ മന്ത്രി പി.രാജീവിന്റെ ഓഫിസും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സ്റ്റാലിനു പുറമേ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുഖ്യമന്ത്രിമാരായ നിതീഷ് കുമാർ, നവീൻ പട്‌നായിക്, അരവിന്ദ് കേജ്‌രിവാൾ, ഭഗവന്ത് മൻ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല, മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ തുടങ്ങിയവർക്കാണ് മുഖ്യമന്ത്രിയുടെ ക്ഷണമുള്ളത്.
എന്നാൽ, പ്രതിപക്ഷത്തെ വിവിധ നേതാക്കൾക്ക് മുഖ്യമന്ത്രി അയച്ച കത്തിലാണ് ഭരണഘടനാ സംരക്ഷണത്തിനുള്ള പൊതുസമ്മേളനമാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുന്നത്. ഭരണഘടനയിൽ പറയുന്ന ധനപരമായ സ്വാതന്ത്ര്യം എന്നൊരു പരാമർശം കത്തിന്റെ അവസാന ഭാഗത്തുണ്ട്.
മുഖ്യമന്ത്രിയുടെ കത്തിൽനിന്ന്:
'ഭരണഘടനയുടെ ഫെഡറൽ സംവിധാനത്തെ ഗുരുതരമായി അപകടപ്പെടുത്തുന്ന ഭരണപരവും നയപരവുമായ പല പിന്തിരിപ്പൻ നടപടികളും കഴിഞ്ഞ ഒരു ദശകമായി കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നു. ഇവയിൽ പലതും ഭരണഘടനയിൽ അതിന്റെ ശിൽപികൾ സസൂക്ഷ്മം ഇഴചേർത്ത കേന്ദ്ര സംസ്ഥാന അധികാര സന്തുലനം തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
ഇന്ത്യയുടെ ഫെഡറൽ ഘടനയിലേക്കു കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും കഴിഞ്ഞ 8 ദശകമായി വിജയകരമായി ഏകോപിപ്പിച്ച ഭരണഘടനാ സംവിധാനം ശക്തമായ വെല്ലുവിളി നേരിടുന്നു. ഈ വിഷയങ്ങളുടെ ഗൗരവം കണക്കിലെടുത്ത് 'ഇന്ത്യൻ ജനാധിപത്യം വഴിത്തിരിവിൽ: ഭരണഘടനയുടെ ഫെഡറൽ സംവിധാനം സംരക്ഷിക്കൽ' എന്ന വിഷയത്തിൽ കേരളം ഡൽഹിയിലെ ജന്ദർ മന്ദറിൽ പൊതുസമ്മേളനം സംഘടിപ്പിക്കുന്നു. ഈ കടുത്ത ആശങ്കകൾ ദേശീയ തലത്തിൽ അടിവരയിട്ടു വ്യക്തമാക്കുകയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുകയുമാണ് പരിപാടിയുടെ ലക്ഷ്യം... .
അതിനിടെ കേരളത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹർജിയിൽ കഴിഞ്ഞ 12ന് കേന്ദ്രത്തിനു നോട്ടിസ് അയച്ചിരുന്നു. കേന്ദ്രം മറുപടി നൽകിയിട്ടില്ല. കടമെടുപ്പു പരിധി വെട്ടിക്കുറച്ചുള്ള 2 ഉത്തരവുകൾ സ്റ്റേ ചെയ്യണമെന്ന് കേരളം ഇന്ന് ആവശ്യപ്പെടും.