കൊച്ചി: പ്രധാനമന്ത്രി ഒരുക്കിയ ക്രിസ്തുമസ് വിരുന്നിൽ പങ്കെടുത്ത വൈദികർക്കെതിരെ വിമർശനം ഉന്നയിച്ചു മന്ത്രി സജി ചെറിയാൻ പുലിവാല് പിടിച്ചിരിക്കവേ സജി ചെറിയാനെ പിന്തുണയ്ക്കുന്ന വിധത്തിൽ പരാമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. എറണാകുളം ജില്ലയിൽ തൃക്കാക്കര മണ്ഡലത്തിൽ നവകേരള സദസ്സിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രി ക്രൈസ്തവ സഭാ നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയെ വിമർശിച്ചത്.

സൗഹൃദം നടിക്കുന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ മനുഷ്യർക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ ചെറുവിരലനക്കാത്തവരാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മണിപ്പൂരിലെ ക്രൈസ്തവ വിശ്വാസികൾ ജീവിക്കണ്ട എന്ന് സംഘപരിവാർ തീരുമാനിച്ച അവസ്ഥയാണുള്ളത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടു പലർക്കും.

മതനിരപേക്ഷ ചിന്താഗതിക്കാർ ആക്രമണത്തെ അപലപിച്ചു. ചില ഉന്നത സ്ഥാനീയർ ഞങ്ങൾ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞു നാല് വോട്ടിനായി കളിക്കുന്നു. അക്രമികളെ നിലക്ക് നിർത്താൻ ഒരു ചെറു വിരൽ അനക്കാത്ത ചില ഉന്നതനൊക്കെ 4നാലുവോട്ട് കിട്ടാൻ പറയുന്നത് കേട്ടാൽ എല്ലാവർക്കും മനസിലാവും. മണിപ്പൂരിൽ വംശഹത്യക്ക് സമാനമായ സംഭവമാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസന പദ്ധതികളിൽ കേന്ദ്രവും സംസ്ഥാനവും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിറവം മണ്ഡലത്തിലെ നവകേരള സദസിൽ പറഞ്ഞു. ഇവിടെ അതിന് വിരുദ്ധമായാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്. ബിജെപിയുടെ മനസിനൊപ്പമായി കേരളത്തിലെ കോൺഗ്രസിന്റെ മനസെന്നും പിണറായി വിജയൻ പറഞ്ഞു.

കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടർന്നാണ് എറണാകുളം ജില്ലയിൽ മാറ്റിവെച്ച നാലുമണ്ഡലങ്ങളിലെ നവകേരള സദസ് ഇന്നും നാളെയുമായി നടത്തുന്നത്. അതിനിടെ മുഖ്യമന്ത്രിക്കുനേരെ എറണാകുളത്ത് വിവിധയിടങ്ങളിൽ ഇന്ന് കരിങ്കൊടി പ്രതിഷേധമുണ്ടായി. കൊച്ചി പാലാരിവട്ടത്തും മുളന്തുരുത്തിയിലുമാണ് കെ എസ് യു -യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

നേരത്തെ മുഖ്യമന്ത്രിയുടെ അറിവോടെയാണ് സജി ചെറിയാന്റെ പരാമർശമെന്ന വിമർശനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിച്ചിരുന്നു. ഇഷ്ടമില്ലാത്ത ആളുകളെ അപഹസിക്കാൻ സിപിഎം കുറച്ച് പേരെ അഴിച്ച് വിട്ടിരിക്കുകയാണ്. മാന്യമായി ജീവിക്കുന്ന ആളുകളെ ചീത്ത വിളിക്കാൻ കള്ള് വാങ്ങി കൊടുത്ത് ആളെ വിടുന്ന ഏർപ്പാട് പണ്ട് ഉണ്ടായിരുന്നു. അത് പോലെ ചില മന്ത്രിമാരെ ഇപ്പോൾ പറഞ്ഞു വിടുന്നു.

സജി ചെറിയാന്റെ പരാമർശങ്ങൾ തീർത്തും മോശമാണ്. അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ അത് നല്ല ഭാഷയിൽ പറയാം. അതിന് പകരം മോശം വാക്കുകൾ ഉപയോഗിക്കുന്നതിലൂടെ രാഷ്ട്രീയത്തോട് തന്നെ ആളുകൾക്ക് പുച്ഛം തോന്നും. ഈ രീതിയിലാണ് ചില സിപിഎം. നേതാക്കൾ വാക്കുകൾ ഉപയോഗിക്കുന്നത്. നവകേരള സദസിൽ ഉടനീളെ പ്രതിപക്ഷ നേതാക്കൾക്കെതിരെ മോശം പരാമർശം നടത്തിയ ആളാണ് സജി ചെറിയാൻ. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ക്ഷണിക്കുമ്പോൾ ആളുകൾ പോകും. അത് തെറ്റാണെന്ന് പറയാനാകില്ല. നവകേരള സദസിൽ മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണത്തിൽ പങ്കെടുത്ത ആരെയും പ്രതിപക്ഷം കുറ്റം പറഞ്ഞിട്ടില്ല.

കേരളത്തിലെ ക്രൈസ്തവർക്ക് ബിജെപിയെ കുറിച്ച് നല്ല ബോധ്യമുണ്ട്. രാജ്യത്ത് ക്രൈസ്തവർക്കെതിരെ ആക്രമണം നടക്കുന്ന കാലമാണ്. 254 പള്ളികളാണ് മണിപ്പൂരിൽ ചുട്ടുകരിച്ചത്. മതപരിവർത്തന നിയമം കൊണ്ട് വന്ന്, പുരോഹിതരേയും പ്രാർത്ഥനാ കൂട്ടായ്മകളേയും തടസപ്പെടുത്തുകയും ജയിലിലാക്കുകയും ചെയ്തവരാണ് സംഘപരിവാർ. ആട്ടിൻ തോലിട്ട ചെന്നായ്ക്കളായ സംഘപരിവാറിനെ കേരളത്തിലെ ജനംതിരിച്ചറിയുമെന്നും വി.ഡി സതീശൻ പറഞ്ഞു.

ക്രിസ്തുമസ് ദിനത്തിൽ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കുമായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നൽകിയ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെയാണ് വിമർശനവുമായി മന്ത്രി സജി ചെറിയാൻ രംഗത്തുവന്നത്. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും അവർ നൽകിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം അവർ മറന്നുവെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ വിരുന്നിനുപോയ ബിഷപ്പുമാർ മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ല. അവർക്ക് അതൊരു വിഷയമായില്ലെന്നും സജി ചെറിയാൻ വിമർശിച്ചു.

അതേസമയം സജി ചെറിയാനെതിരെ കെസിബിസിയും രംഗത്തുവന്നിരുന്നു. സജി ചെറിയാന്റെ പ്രസ്താവനയിൽ ക്രൈസ്തവ സമൂഹത്തിന് നീരസമുണ്ടെന്ന് കെസിബിസി വക്താവ് പറഞ്ഞു. സജി ചെറിയാന്റെ പ്രസ്താവനയിലെ 'രോമാഞ്ചം' എന്ന പദത്തെ അതിരുവിട്ട കളിയാക്കലായാണ് സഭ നേതൃത്വം കാണുന്നത്.

സുപ്രധാന സ്ഥാനങ്ങളിൽ ഉള്ളവർ വാക്കുകളിൽ മിതത്വ പുലർത്തണം. ഭരങ്ങഘടനയെ മാനിക്കാത്തതിന്റെ പേരിൽ മന്ത്രി സ്ഥാനം പോയ ആളാണ് സജി ചെറിയാൻ. സമൂഹത്തിൽ ഉന്നത സ്ഥാനത്തുള്ളവരെ അധിക്ഷേപിക്കാൻ ഇവരുടെ. കൈയിൽ ഒരു നിഘണ്ടു ഉണ്ട്. ആ സ്‌കൂളിൽ നിന്ന് വരുന്ന ആളാണ് സജി ചെറിയാൻ. ബിഷപ്പുമാർ പങ്കെടുത്തത് പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ്.സജി ചെറിയാന്റെ പ്രസ്താവന ക്രൈസ്തവ സമൂഹത്തിന് സ്വീകാര്യമല്ല.സജി ചെറിയാന്റെ വാക്കുകൾക്ക് പക്വത ഇല്ല. ഭരിക്കുന്നവരിൽ നിന്ന് ഇത്തരം പ്രസ്താവന ഉണ്ടാകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.