- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്രമന്ത്രി ചീറ്റിയത് വെറും വിഷമല്ല, കൊടുംവിഷം; സാധാരണ നിലയ്ക്ക് വിടുവായൻ പറയേണ്ട കാര്യങ്ങളാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞത്; വീണ്ടും വിമർശനവുമായി മുഖ്യമന്ത്രി; കളമശേരി സ്ഫോടനത്തിന് മറ്റുമാനം ഉണ്ടോ എന്ന കാര്യം അന്വേഷണ ഏജൻസികൾ അന്വേഷിക്കുമെന്നും പിണറായി വിജയൻ
കൊച്ചി: കളമശേരി സ്ഫോടനത്തിന് മറ്റുമാനം ഉണ്ടോ എന്ന കാര്യം അന്വേഷണ ഏജൻസികൾ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ മാർട്ടിൻ സമ്മതിച്ച കാര്യങ്ങൾ ഉണ്ട്. ഇതിന് പുറമേ ഇതിൽ മറ്റെന്തെങ്കിലും മാനം ഉണ്ടോ എന്ന കാര്യം സ്വാഭാവികമായി അന്വേഷണ ഏജൻസികൾ അന്വേഷിക്കും. അന്വേഷണത്തിൽ ഒന്നും അടഞ്ഞ അധ്യായമല്ല. ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. നിലവിൽ അന്വേഷണം നല്ലനിലയിലാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കളമശേരി സ്ഫോടനത്തെ തുടർന്ന് പരിക്കറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഡിജിപിയുടെ നേതൃത്വത്തിലുള്ള സ്പെഷൽ ടീമാണ് അന്വേഷിക്കുന്നത്. ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ കളമശേരിയിൽ ക്യാമ്പ് ചെയ്താണ് അന്വേഷണം വിലയിരുത്തുന്നത്. കേരളത്തിന്റെ പ്രത്യേകത സൗഹാർദ്ദവും സാഹോദര്യവുമാണ്. ഇത് കാത്തുസൂക്ഷിക്കണം. അതിന് പോറലേൽപ്പിക്കാൻ ശ്രമിച്ചാൽ അതിന് ഒരുതരത്തിലും സമൂഹം പിന്തുണ നൽകരുത്. അവരെ ഒറ്റപ്പെടുത്തണം. സർവകക്ഷിയോഗത്തിൽ എല്ലാവരും യോജിച്ച നിലപാടാണ് സ്വീകരിച്ചത്. മാധ്യമങ്ങളും നല്ലനിലയിലാണ് കാര്യങ്ങൾ എടുത്തത്. ഔദ്യോഗിക വിവരങ്ങൾ മാത്രമേ നൽകാൻ പാടുള്ളൂ എന്ന നിർദ്ദേശം മാധ്യമങ്ങൾ സ്വീകരിച്ചു. ഊഹോപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന നിർദ്ദേശം മാധ്യമങ്ങൾ ഏറ്റെടുത്തു. ഇക്കാര്യത്തിലും കേരള നല്ല മാതൃകയാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ നിലയ്ക്ക് വിടുവായൻ പറയേണ്ട കാര്യങ്ങളാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. കേന്ദ്രമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് അന്വേഷണ ഏജൻസികളിൽ വിശ്വാസം വേണം. ഈ വിഷയത്തിൽ അദ്ദേഹത്തിന്റെതായ രീതിയാണ് സ്വീകരിക്കുന്നത്. ഇത്തരത്തിലുള്ള നിലപാട് മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവാൻ പാടില്ല. കേന്ദ്രമന്ത്രി ചീറ്റിയത് വെറും വിഷമല്ല, കൊടുംവിഷമാണ്. എന്തുകൊണ്ട് ഒരു മന്ത്രിയുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഉണ്ടായെന്ന് അറിയില്ല?, കേരളത്തിന്റേതായ തനിമ തകർക്കൽ ഉദ്ദേശിച്ചുള്ള വാർത്തകളാണ് ഇതിന്റെ ഭാഗമായി, അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഒരു മറയുമില്ലാതെ പ്രചരിപ്പിച്ചത്. പ്രത്യേക വിഭാഗത്തെ താറടിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഇതിൽ ആശ്ചര്യപ്പെടേണ്ടതില്ല. രാജീവും കൂട്ടാളികളും ആ മാനസികാവസ്ഥയിൽ നിൽക്കുന്നവരാണ്. എന്നാൽ കേരളം അങ്ങനെയല്ല. കേരളം എല്ലാക്കാലത്തും സൗഹാർദ്ദവും സാഹോദര്യവും കാണിച്ചിട്ടുണ്ട്. ഒരു വർഗീയതയോടും വീട്ടുവീഴ്ച കാണിക്കാറില്ല.മതനിരപേക്ഷതയുടെ തുരുത്താണ് കേരളം.രാജ്യവും ലോകവും ഇത് കാണുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ വികലമായ മനസ് കാരണം ഇത് പറ്റുന്നില്ല. കേരളത്തിന്റെ തനിമയെ തകർക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ അദ്ദേഹം ശ്രദ്ധിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.
ഫലസ്തീൻ ഐക്യദാർഢ്യ പരിപാടികൾക്കെതിരെ കേസെടുക്കാനാണ് കേന്ദ്രം നീക്കം നടത്തുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ആ മാനസികാവസ്ഥ വച്ചാണ് രാജീവ് ചന്ദ്രശേഖറും കൂട്ടാളികളും സംസാരിക്കുന്നത്. ഫലസ്തീൻ പോരാളി എന്ന് പറയുന്ന ഒരാൾ സംസാരിച്ചത് സോളിഡാരിറ്റിയുടെ പരിപാടിയിലാണ്. പൊതുയോഗങ്ങൾക്ക് സാധാരണ നൽകുന്ന അനുമതിയാണ് ഈ പരിപാടിക്കും നൽകിയത്. ചെയ്യാൻ പാടില്ലാത്തത് വല്ലതും നടന്നിട്ടുണ്ടെങ്കിൽ പൊലീസ് പരിശോധിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.




