- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'തോക്കിനേയും ഗുണ്ടകളെയും നേരിട്ടിട്ടുണ്ട്; യൂത്ത് കോൺഗ്രസിനെ അവരുടെ പ്രതാപ കാലത്ത് പേടിച്ചിട്ടില്ല, പിന്നെയല്ലേ ഇപ്പോൾ'; ഭീരുവായ മുഖ്യമന്ത്രിയെന്ന സതീശന്റെ പ്രസ്താവനക്ക് മുഖ്യമന്ത്രിയുടെ മറുപടി; തനിക്ക് ഭയമുണ്ടോ എന്ന് കെ സുധാകരനോട് ചോദിച്ചാൽ അറിയാമെന്നും പിണറായി
തിരുവനന്തപുരം: നവകേരള സദസ്സ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ നേതാക്കൾ തമ്മിൽ കൊമ്പുകോർത്ത് മുന്നേറുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് ശക്തമായ ഭാഷയിൽ മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നതോടെ പിന്നാലെ ഇടതു നേതാക്കൾ കൂട്ടത്തോടെ സതീശനെതിരെ രംഗത്തുവന്നു. പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമുഖ്യമന്ത്രി പിണറായി വിജയനും എത്തി. സതീശനെ പരിഹസിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രി രംഗത്തുവന്നത്.
യൂത്ത് കോൺഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെയല്ലേ ഇപ്പോൾ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. ഭീരുവായ മുഖ്യമന്ത്രി എന്ന വി ഡി സതീശന്റെ പ്രസ്താവനയ്ക്കായിരുന്നു പിണറായി വിജയന്റെ മറുപടി. തനിക്ക് സതീശന്റെ അത്ര ധൈര്യമില്ലെന്ന് പരിഹാസ രൂപേണ പറഞ്ഞ മുഖ്യമന്ത്രി, തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്റ് സുധാകരനോട് ചോദിച്ചാൽ അറിയാമെന്നും കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:
നവകേരള സദസ്സിന്റെ വിജയം ചിലരിൽ അസ്വസ്ഥത സൃഷ്ടിച്ചു. കല്യാശ്ശേരിയിൽ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോൾ ആയിരത്തിലധികം ആളുകൾ നിൽക്കുന്ന ഒരു കവലയിൽ രണ്ട് ചെറുപ്പക്കാർ കരിങ്കൊടിയുമായി ബസിന് മുന്നിലേക്ക് ചാടിവീണു. അവിടെയുള്ള ചില ചെറുപ്പക്കാർ ഇവർ അപകടത്തിൽപ്പെടുമെന്ന് കണ്ട് ചാടിവീണവരെ തള്ളിമാറ്റി. തള്ളിമാറ്റിയില്ലെങ്കിൽ എന്താകും സംഭവിക്കുക. അവരുടെ ജീവൻ രക്ഷിക്കുക എന്നത് എല്ലാവരുടേയും ബാധ്യതയല്ലേ. അത് മനുഷ്യത്വപരമായി ചെയ്യുന്നതല്ലേ. എന്തിനായിരുന്നു പ്രതിഷേധം? നവകേരള സദസ്സിൽ എന്താണ് പ്രതിഷേധിക്കാനുള്ളത്. പ്രതിഷേധം ആസൂത്രണം ചെയ്ത ആൾ തന്നെ ഇന്ന് രംഗത്ത് വന്നിരിക്കുന്നു. അത് നമ്മുടെ സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവാണ്.
2,200 പൊലീസുകാരുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന യാത്രയാണ് ഇതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഈ നവകേരള യാത്ര ഒരു സാധാരണ ബസിലാണ് പോകുന്നത്. സാധാരണ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു പൊലീസ് വണ്ടിയാണ് അതിന് മുന്നിലുള്ളത്. അതിന് മുന്നിൽ വഴി കാണിക്കാനുള്ള പൊലീസ് വണ്ടിയുണ്ട്. പിന്നിൽ സാധാരണ നിലയ്ക്ക് എന്റെ കൂടെയുള്ള ഒരു വണ്ടിയുണ്ട്. അതിന്റെ പിന്നിൽ മറ്റൊരു വണ്ടിയുമുണ്ട്. ഇതാണ് 2200 പൊലീസുകാർ എന്ന് പറയുന്നത്. വാഹനത്തിന് നേരെ അടിക്കുന്ന നില വന്നപ്പോൾ കൊല്ലത്ത് ഒരു വണ്ടി കൂടുതലായി വന്നു. എന്തിനാണ് ഇത്രവലിയ അപവാദം പ്രതിപക്ഷ നേതാവ് പ്രചരിപ്പിക്കുന്നത്.
നാല് വാഹനങ്ങളിൽ ക്രിമിനലുകൾ എന്റെ കൂടെ സ്വയംരക്ഷയ്ക്ക് ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എനിക്ക് സതീശനോട് പറയാനുള്ളത്. കുറച്ച് കാലമായല്ലോ പൊതുപ്രവർത്തന രംഗത്തേക്ക് ഇറങ്ങിയിട്ട്. പൊതുപ്രവർത്തനം ആരംഭിച്ച ശേഷം എനിക്ക് പോകേണ്ട സ്ഥലങ്ങളിലൊക്കെ പോയിട്ടുള്ള ആളാണ് ഞാൻ. അത് തടയാൻ നോക്കിയവരൊക്കെയുണ്ടായിരുന്നു. അതൊന്നും നടന്നിട്ടില്ല. അതൊന്നും പൊലീസ് സംരക്ഷണത്തിൽ പോയതല്ല. ഒരു കമ്യൂണിസ്റ്റുകാരൻ എന്ന നിലയ്ക്ക് പോയതാണ്. അതിനൊന്നും വലിയതോതിൽ മറ്റു സംരക്ഷണത്തിന് വല്ലാത്ത ആവശ്യമില്ലെന്നത് അദ്ദേഹം മനസ്സിലാക്കിയാൽ നല്ലത്.
ഭീരുവായ മുഖ്യമന്ത്രിയെന്നാണ് അദ്ദേഹം എന്നെ വിശേഷിപ്പിച്ചത്. ഞാൻ സതീശന്റെ അത്ര ധീരതയുള്ള ആളാണെന്ന് അവകാശപ്പെട്ടിട്ടില്ല. അത് സമൂഹം വിലയിരുത്തട്ടെ. സതീശൻ പറഞ്ഞതുകൊണ്ട് ഞാൻ ഭീരുവോ അല്ലാതാവുകയോ ചെയ്യുന്നില്ല. നാണമുണ്ടോ ഭീരുവായ മുഖ്യമന്ത്രിക്കെന്ന് ഇന്ന് അദ്ദേഹം ചോദിച്ചു. ഞാൻ നാണിക്കേണ്ടതായ എന്ത് കാര്യമാണ് എന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് സതീശൻ വ്യക്തമാക്കേണ്ടതായിരുന്നു. ക്രിമിനലുകളുടെ കൂടെ സഞ്ചരിക്കുന്നത് യൂത്ത് കോൺഗ്രസിനെ ഭയന്നിട്ടാണോ എന്നതാണ്. ഞാനതിന് മറുപടി പറയുന്നില്ല. സതീശന്റെ പ്രസിഡന്റിനോട് ചോദിച്ചാൽ അറിയാം. അവരുടെ ഒരു പ്രതാപകകാലമുണ്ടായിരുന്നു. ആ പ്രതാപകാലത്ത് പൊലീസിനെ കൂടെ നിർത്തി ഗുണ്ടകൾ അക്രമം അഴിച്ചുവിട്ടിരുന്ന കാലം.
ആ കാലത്തും ഞാനതിലെയൊക്കെ നടന്നിട്ടുണ്ട്. അത് മനസ്സിലാക്കിക്കോ സതീശാ. എന്റെ നേരെ വെടിയുതിർത്ത സംഭവമുണ്ടായിട്ടുണ്ട്. അന്നും ഞാനതിലൂടെ നടന്നുപോയിട്ടുണ്ട്. ആ കാലത്ത് തന്നെ എനിക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്. അതൊരു ക്രിമിനൽത്താവളമായിരുന്നു. നിങ്ങൾ പറയുന്ന ഭീരുവായ ഞാൻ ആ ക്രിമിനൽത്താവളത്തിന് മുന്നിലൂടെ ഒറ്റയ്ക്ക് നടന്നുപോയിട്ടുണ്ടെന്ന് സതീശൻ മനസ്സിലാക്കണം. യൂത്ത് കോൺഗ്രസിനെ ആ പ്രതാപകാലത്ത് ഭയപ്പെട്ടിട്ടില്ല. പിന്നെ ഇപ്പോ എന്ത് പ്രതാപമാണ് ഉള്ളതെന്ന് എല്ലാവർക്കും അറിയാലോ. അതുകൊണ്ട് വല്ലാതെ മേനിനടിക്കാൻ പുറപ്പെടേണ്ട.
കോൺഗ്രസുകാരുടെ കരിങ്കൊടി കാണിക്കുമ്പോൾ ആയിരം പൊലീസുകാർക്കിടയിൽ ഞാൻ മറയുമെന്നും ആയിരം പേർ വന്നാൽ ഞാൻ സംസ്ഥാനം വിടുമെന്നുമാണ് പറയുന്നത്. എന്നാൽ പിന്നെ അങ്ങനെ ചെയ്യാത്തത് എന്തുകൊണ്ടാണ്. ആരെയാണ് ഞങ്ങൾ ഭയപ്പെടേണ്ടത്. എന്താണ് ഇവിടെ പ്രതിഷേധിക്കാനുള്ളത്.
എന്റെ മനസ് ക്രിമിനൽ സ്വഭാവത്തിലുള്ളതാണോയെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത് സതീശനല്ല. മനുഷ്യരെ സ്നേഹിക്കാൻ പഠിക്കണം. ആ സ്നേഹത്തിലൂടെ കൂടുന്ന കൂട്ടായ്മയുണ്ട്. അതിലൂടെ ഉയരുന്ന സാമ്രാജ്യമുണ്ട്. ആ സാമ്രാജ്യം സതീശനറിയില്ല. ഏതും സഹിക്കാനും എന്തിനെ നേരിടാനും സന്നദ്ധരായിട്ടുള്ള വിഭാഗമായിട്ട് ആ കൂടെ നിൽക്കുന്നവർ മാറും. അതും സതീശൻ മനസ്സിലാക്കാൻ ശ്രമിക്കുന്നത് നല്ലതാണ്.
കേരളത്തിന്റെ പ്രതിപക്ഷ നേതാവ് കടലാസ് പോലും ചുരുട്ടി എറിയരുതെന്ന് പറഞ്ഞ കാലത്താണ് പല ഏറും വന്നത്. അത് മാറ്റിപറയാനാണ് ഇന്ന് വന്നതെന്ന് സതീശൻ പറഞ്ഞു. അതായത് എറിയണമെന്ന് പറയാനാണ് വന്നതെന്ന്, പരസ്യമായി അക്രമം നടത്താനുള്ള ആഹ്വാനം. നിങ്ങൾ അക്രമത്തിന്റെ മാർഗം സ്വീകരിച്ചുവെന്ന് പരസ്യമായി പറഞ്ഞത് നല്ലത്. അടിക്കണം, അടിക്കണമെന്ന് ആവർത്തിച്ച് പറയുകയാണ്. കേരളത്തിന്റെ ഉത്തരവാദിത്വപ്പെട്ട പ്രതിപക്ഷ നേതാവ് ആരെ അടിക്കുമെന്നാണ് പറയുന്നത്. എല്ലാവർക്കും മനസ്സിലാകുമല്ലോ അത്. യാത്രയ്ക്ക് മുന്നിൽ യൂത്ത് കോൺഗ്രസുകാർ വന്ന് അടിക്കണമെന്നല്ലേ പറയുന്നത്. സതീശൻ അനുയായികളുടെ മുമ്പിൽ കൈയടി കിട്ടാൻ വീമ്പ് പറഞ്ഞതാണെങ്കിൽ അങ്ങനെ ആയിക്കോളൂ.
മഹാരാജാവ് എന്ന് അദ്ദേഹം ഇടയ്ക്കിടെ വിശേഷിപ്പിക്കുന്നത് കാണുന്നുണ്ട്. ഞാനിവിടെ ഇരിക്കുന്നത് ഏതെങ്കിലും വിഭാഗത്തിന്റെ രാജാവായിട്ടില്ല. ഞങ്ങളെല്ലാവരും ജനങ്ങളുടെ ദാസരായിട്ടാണ് പ്രവർത്തിക്കുന്നത്. അധികാരം എന്നത് എന്തെങ്കിലും പ്രതാപം കാണിക്കാനുള്ള സ്ഥാനമായിട്ടല്ല ഞങ്ങൾ കാണുന്നത്. പാവപ്പെട്ടവർക്ക് അധികാരം എങ്ങനെ ഉപയോഗിക്കാനാകുമെന്നാണ് നോക്കുന്നത്. അതിന് നല്ല വിജയം ഉണ്ടാക്കാനായിട്ടുണ്ട്.
വി.ഡി. സതീശന്റെ വാക്കുകൾ ഇങ്ങനെ:
മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കൊല്ലാൻ കരിങ്കല്ലെറിഞ്ഞപ്പോൾ അതിനെ ന്യായീകരിച്ച പാർട്ടി സെക്രട്ടറിയാണ് പിണറായി വിജയൻ. ഞങ്ങൾ പിണറായി വിജയന്റെ പാരമ്പര്യത്തിലുള്ളവരല്ല. ഒരു കടലാസ് പോലും ചുരുട്ടിയെറിയരുതെന്ന് കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞവരാണ് ഞങ്ങൾ. അത് മാറ്റിപ്പറയാൻ വേണ്ടിയാണ് ഇന്നത്തെ മാർച്ചിൽ പങ്കെടുക്കുന്നത്.
പൊലീസിനോടാണ്, ഡിജിപിയോടാണ്, കേരളത്തിന്റെ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയോടാണ്, കല്യാശ്ശേരി മുതൽ കൊല്ലം വരെ ഞങ്ങളെ ഉപദ്രവിച്ച കേസുകളിൽ ശരിയായ വകുപ്പുകൾ ചേർത്ത് ക്രിമിനലുകളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണം. നിങ്ങളുടെ ഗൺമാന്മാരും ടി.എസ്.ഒമാരും ക്രിമിനലുകളാണ്. അവരെ ആ സ്ഥാനത്തുനിന്ന് പുറത്താക്കണം. ഇതുരണ്ടും ചെയ്തില്ലെങ്കിലും തിരിച്ചടിക്കണം, തിരിച്ചടിക്കും. ഒരു സംശയവും വേണ്ട. എണ്ണിയെണ്ണി അടിക്കും.
കല്യാശ്ശേരി മുതൽ കൊല്ലം വരെ യൂത്ത് കോൺഗ്രസുകാരെ തെരുവിലിട്ട് പേപ്പട്ടിയെപ്പോലെ തല്ലിയവരുടെ പേരുകൾ മുഴുവൻ ഞങ്ങളുടെ കൈയിലുണ്ട്. വഴിയിലിട്ട് വയർലെസ് സെറ്റ് വെച്ച് തല്ലിയവരെ, മാരകായുധങ്ങൾവെച്ച് ആക്രമിച്ചവരെ, പൊലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്നവരെ ആലപ്പുഴയിൽവെച്ച് ക്രൂരമായി മർദിച്ചവരെ, പ്രിയപ്പെട്ട അജിമോനെ പുറകിൽനിന്ന് ചവിട്ടയവരെ, എല്ലാവന്റേയും പേരും മേൽവിലാസവും ഞങ്ങളുടെ കൈയിലുണ്ട്.
ഇത് ചെയ്തില്ലെങ്കിൽ കല്യാശ്ശേരിയിൽനിന്ന് തന്നെ തുടങ്ങും. അവരെ സംരക്ഷിക്കും. ഈ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ പറ്റിയില്ലെങ്കിൽ, യൂത്ത് കോൺഗ്രസിന്റേയും കെ.എസ്.യുവിന്റേയും കുട്ടികളെ സംരക്ഷിക്കാൻ പറ്റിയില്ലെങ്കിൽ, ഉള്ള സ്ഥാനം വലിച്ചെറിഞ്ഞ് സന്ന്യാസത്തിനു പോവും. ഇവരുടെ ചോരവീണ, ചോരച്ചാലുകൾ ചവിട്ടി ഞങ്ങൾക്കാർക്കും അധികാരസ്ഥാനത്തേക്ക് പോവേണ്ട. അധികാരസ്ഥാനത്തേക്കാൾ ഞങ്ങൾക്ക് പ്രിയപ്പെട്ടവരാണ് ഇവർ. അവരുടെ ദേഹം നൊന്തിട്ടുണ്ടെങ്കിൽ, നിലവിളിച്ചിട്ടുണ്ടെങ്കിൽ, പരിക്കേറ്റിട്ടുണ്ടെങ്കിൽ, അവരുടെ ചോര ഈ മണ്ണിൽ വീണിട്ടുണ്ടെങ്കിൽ, നിയമപരമായ നടപടി നിങ്ങൾ സ്വീകരിച്ചില്ലെങ്കിൽ ഉറപ്പായും തിരിച്ചടിക്കും. അതിന്റെ കൂടെ ഞങ്ങളുണ്ടാവും. പുറത്തുനിന്ന് പറയാനല്ല, കൂടെയുണ്ടാവും.
സതീശനെതിരെ ഇ പി ജയരാജനും രംഗത്തുവന്നിരുന്നു. 'സതീശൻ പത്രസമ്മേളനം നടത്തി എണ്ണി എണ്ണി തിരിച്ചടിക്കാൻ പുറപ്പെടുമ്പോൾ സതീശാ എണ്ണി എണ്ണി കണക്കു തീർക്കാൻ മറുഭാഗവുമുണ്ടാകും നോക്കിക്കോ. അഹങ്കാരത്തിനും ധിക്കാരത്തിനും ഒരു പരിധിയുണ്ട്. അതുകൊണ്ട് ഇരിക്കുന്ന സ്ഥാനത്തെ കുറിച്ചാലോചിച്ചേ പ്രഖ്യാപനം നടത്താവൂ. നിങ്ങൾ അടിക്കാൻ വരുമ്പോൾ എല്ലാവരും പുറംകാണിച്ചു തരുമെന്ന് ധരിക്കേണ്ട. ആ പ്രഖ്യാപനം തന്നെ സംഘർഷവും സംഘട്ടനവും ഉണ്ടാക്കാനാണ്. കേരളത്തിന്റെ പ്രതിപക്ഷ നേതാവാണെന്നു മനസ്സിലാക്കി പിന്തിരിയുക'' ഇ.പി. ജയരാജൻ പറഞ്ഞു.
ഇന്ത്യൻ പാർലമെന്റിൽ 146 പ്രതിപക്ഷ എംപിമാരെ ബിജെപി ഗവൺമെന്റ് പുറത്താക്കിയിരിക്കുകയാണ്. അതാണിന്ന് കേരളത്തിന്റെയും ഇന്ത്യയുടെയും പ്രശ്നം. വി.ഡി സതീശന് അതേകുറിച്ച് ഒന്നും പറയാനില്ലേ എന്നും ജയരാജൻ ചോദിച്ചു. കേരളത്തിലെ കോൺഗ്രസ് എംപിമാരിൽ ഭൂരിഭാഗത്തെയും പുറത്താക്കി. പാർലമെന്റ് അംഗങ്ങളെ മുഴുവൻ പുറത്താക്കുന്നത് ഒരു ഫാസിസ്റ്റ് ഭരണ രീതിയുടെ ലക്ഷണമാണ്. ഇതിനെ പ്രതിരോധിക്കാനുള്ള നിലപാടാണ് ഇന്ത്യക്ക് ആവശ്യം. അതിനു പകരം തെരുവിലിറങ്ങും അടിച്ചോടിക്കും എന്നുള്ള പ്രഖ്യാപനമല്ല പ്രതിപക്ഷ നേതാവേ ഇപ്പോൾ ജനങ്ങൾക്കു വേണ്ടത്. രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.




