തൃശ്ശൂർ: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനെ ശരിക്കും പൊള്ളിക്കുന്നുണ്ട്. മകൾ വീണ വിജയനെ കുറിച്ചുള്ള ചോദ്യങ്ങളിലേക്ക് കടക്കുമ്പോൾ പതിവുപോലെ മുഖ്യമന്ത്രി രോഷത്തെടെ പ്രതികരിച്ചു. കൂടുതൽ ചോദ്യങ്ങൾ എത്തിയതോടെ മൈക്ക് ഓഫ് ചെയ്തു മടങ്ങുകയായിരുന്നു പിണറായി. ഇന്ന് തൃശ്ശൂരിൽ വാർത്താസമ്മേളനം നടത്തവേയാണ് പിണറായി കോപിഷ്ടനായത്.

മകൾ വീണയിലേക്ക് ഇ.ഡി. അന്വേഷണം എത്തുമെന്നോ നോട്ടീസ് നൽകുമെന്നോ ചോദ്യം ചെയ്യുമെന്നോ തോന്നലുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് പിണറായി രോഷത്തോടെ മറുപടി പറഞ്ഞത്. നിങ്ങൾക്ക് അങ്ങനെ ഒരു തോന്നലുണ്ടെങ്കിൽ അതുമായി നടക്കൂവെന്ന് പിണറായി മറുപടി നൽകിയത്. മറുപടിക്ക് പിന്നാലെ മാധ്യമപ്രവർത്തകരുടെ കൂടുതൽ ചോദ്യങ്ങൾക്ക് പ്രതികരിക്കാതെ മൈക്ക് ഓഫ് ചെയ്ത് മുഖ്യമന്ത്രി പത്രസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു.

മാധ്യമപ്രവർത്തകന്റെ ചോദ്യം ഇങ്ങനെയായിരുന്നു: സി.എം.ആർ.എൽ ജീവനക്കാരെ ഇ.ഡി. ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. നേരത്തെ, സി.എം. പറഞ്ഞിരുന്നു, ഇ.ഡി പല തരത്തിൽ വേട്ടയാടുന്നുവെന്ന്. അങ്ങനെയെങ്കിൽ മകളിലേക്ക് ഇ.ഡി. അന്വേഷണം എത്തുമെന്നോ നോട്ടീസ് നൽകുമെന്നോ ചോദ്യം ചെയ്യുമെന്നോ തോന്നലുണ്ടോ...

മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ: നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങൾ അത് വെച്ചേക്കൂ. എനിക്കുണ്ടെങ്കിൽ ഞാനത് നിങ്ങളോട് പറയാം. നിങ്ങൾക്ക് അങ്ങനെ ഒരു തോന്നലുണ്ടെങ്കിൽ ആ തോന്നലും കൊണ്ട് നിങ്ങൾ നടക്ക്. ബാക്കി നമുക്ക് പിന്നീട് പറയാം. പിന്നാലെ മൈക്ക് ഓഫ് ചെയത്് കൂടുതൽ മറുപടി നല്കാതെ മുഖ്യമന്ത്രി മടങ്ങി.

അതേസമയം മാസപ്പടിക്കേസിൽ കൊച്ചിയിലെ കരിമണൽ കമ്പനിയായ സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്യുന്നത് 23 മണിക്കൂർ പിന്നിട്ടു. കമ്പനി ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്. സുരേഷ് കുമാർ, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഐ.ടി ഓഫിസർ അഞ്ജു എന്നിവരെയാണ് ഇ.ഡി വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്.

വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് സോഫ്ട് വെയർ സേവനത്തിന്റെ പേരിൽ സി.എം.ആർ.എൽ 1.72 കോടി രൂപ നൽകിയെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. ഇതുകൂടാതെ വായ്പ എന്ന പേരിലും അരക്കോടിയോളം നൽകി. ഇതുസംബന്ധിച്ചാണ് ഇ.ഡി കള്ളപ്പണം തടയൽ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കുന്നത്.

സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തക്ക് വീണ്ടും എൻഫോഴ്സ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടീസ് നൽകിയിട്ടുണ്ട്. . ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ചെങ്കിലും കർത്തയെ എത്രയും വേഗം ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകി. ഇന്നലെ രാത്രിയാണ് നോട്ടീസ് അയച്ചത്.

ശശിധരൻ കർത്തക്കടക്കമാണ് നോട്ടീസ് നൽകിയിരുന്നതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ അറിയിച്ച് ഇദ്ദേഹം ഹാജരായിരുന്നില്ല. ഇ.ഡി സമൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ സാഹചര്യത്തിൽ തിങ്കളാഴ്ച ശശിധരൻ കർത്ത ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതായിരുന്നു. ഇന്ന് ഇതുവരെ സിഎംആർഎൽ എംഡി ഹാജരായിട്ടില്ല.

വീണയെ ചോദ്യം ചെയ്യാൻ ഉതകുന്ന മൊഴികൾ ശേഖരിക്കുക എന്നതാണ് ഇഡിയുടെ ലക്ഷ്യമെന്നാണ് സൂചനകൾ. ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മാസപടി വിവാദം മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കി ഉയർത്തി കൊണ്ട് വന്നിരുന്നു. ഏപ്രിൽ 26ന് കേരളത്തിൽ നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് വിഷയം വലിയ വിവാദമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.