- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിൽ ഇപ്പോഴുള്ള ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ജീവചരിത്ര കൃതി ഇല്ലെന്ന കുറവ് തീരുന്നു; പിണറായി വിജയന്റെ ജീവചരിത്ര കൃതി ഇംഗ്ലീഷിൽ തയ്യാറാവുന്നു; ചൈനയും ക്യൂബയും അടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യ ഭാഷകളിലേക്ക് പരിഭാഷ ചെയ്തേക്കും
തിരുവനന്തപുരം: 'അച്ഛൻ ചെത്തുതൊഴിലാളിയായിരുന്നു എന്ന പരിഹാസം ഈ അടുത്ത കാലത്തുപോലും കേൾക്കേണ്ടിവന്ന നേതാവാണ് പിണറായി വിജയൻ. ഇന്ത്യയിൽ ഇപ്പോഴുള്ള ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി. വളരെ പരുക്കനായ ഒരാളെന്ന് പുറമേ തോന്നുമെങ്കിലും അതങ്ങനെയല്ലെന്ന് അടുപ്പമുള്ളവർ പറയാറുണ്ട്. ഒരിക്കൽ ഒരഭിമുഖത്തിൽ, അദ്ദേഹം തന്റെ പരുക്കൻ സ്വഭാവത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ: 'നാട്ടിൻപുറത്തെ അതിസാധാരണമായ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ആ ബാല്യം പരുക്കൻ സ്വഭാവമുള്ളതായിരുന്നു. ആ പാരുഷ്യം ആവാം ഒരുപക്ഷേ, ഇന്ന് പലരും എന്നെ വിമർശിക്കുന്ന ഒരു ഘടകം. ധാരാളിത്തത്തിലും ധൂർത്തിലുമായിരുന്നു വളർന്നിരുന്നതെങ്കിൽ ഞാൻ മറ്റൊരാളായിപ്പോയേനേ.' സംഭവബഹുലമാണ് പിണറായി വിജയന്റെ ജീവിതമെങ്കിലും, ഇതുവരെയും അദ്ദേഹത്തിന്റെ ആത്മകഥയോ, ജീവചരിത്ര സംബന്ധിയായ പുസ്തകങ്ങളോ വന്നിട്ടില്ല. ആ കുറവ് തീർത്തുകൊണ്ട് പിണറായി വിജയന്റെ ജീവചരിത്ര കൃതി ഇംഗ്ലീഷ് ഭാഷയിൽ തയ്യാറാക്കുകയാണ്.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിനൊപ്പം പിണറായി വിജയനെന്ന നേതാവ് രൂപപ്പെട്ടതാണ് പുസ്തകത്തിന്റെ കഥാതന്തു. കേരളത്തിന്റെ സാമൂഹിക ചരിത്രവും ഉൾപ്പെടുന്ന പുസ്തകത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. 2024 ആദ്യം പുസ്തകം പ്രകാശനം ചെയ്യും. എഴുത്തുകാരിയും കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ഡയറക്ടറും പ്രൊഫസറുമായ ഡോ. മീന ടി പിള്ളയാണ് പിണറായിയുടെ ജീവചരിത്ര കൃതി എഴുതുന്നത്. നേരത്തെ കെ കെ ശൈലജയുടെ ജീവചരിത്രമായ മൈ ലൈഫ് ആസ് എ കോമ്രേഡ് ഇംഗ്ലീഷിൽ പുറത്ത് വന്നിരുന്നു.
ഇന്ത്യയിൽ ഇപ്പോഴുള്ള ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ജീവചരിത്ര കൃതി ചൈനയും ക്യൂബയും ഉൾപ്പെടെ സോഷ്യലിസ്റ്റ് ചേരിയിലുള്ള രാജ്യങ്ങളിലെ ഭാഷകളിലേക്കു പരിഭാഷ ചെയ്യുന്നതും ആലോചനയിലുണ്ട്.




