കോഴിക്കോട്: നവകേരള സദസ് വേദിയിൽ വെച്ച് മുന്മന്ത്രി കെ കെ ശൈലജ ടീച്ചറെ ഇകഴ്‌ത്തിയെന്ന വിവാദം ഏറെ വിവാദമായിരുന്നു. സംഭവത്തിൽ മട്ടന്നൂരിലെ സിപിഎം അണികളിൽ അടക്കം കടുത്ത എതിർപ്പിനും ഇടയാക്കി. മുഖ്യമന്ത്രി കെ കെ ശൈലജയോട് മുൻ വൈരാഗ്യത്തോടെ പെരുമാറിയെന്ന വിധത്തിലാണ് ഈ സംഭവം അണികളിൽ പരിഭവമായി നിന്നത്. സംഭവം മുഖ്യമന്ത്രിക്ക് തന്നെ തിരിച്ചടിയാകുന്ന ഘട്ടം വന്നതോടെ തന്റെ പ്രസ്താവനയിൽ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി.

'ഞാൻ ശൈലജടീച്ചർക്കെതിരെ എന്തെങ്കിലും പറഞ്ഞു എന്ന ചിത്രമുണ്ടാക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. അത് ശൈലജ ടീച്ചറുടെ അടുത്തു തന്നെ ചെലവാകുന്ന കാര്യമല്ല. പിന്നെയാണോ മറ്റുള്ളവരുടെ അടുത്ത്. അതൊന്നും നടക്കുന്ന കാര്യമല്ല. എന്തിനാണ് അങ്ങനെ പുറപ്പെടുന്നതെന്ന് മനസ്സിലാകുന്നില്ല. സാധാരണ എന്റെ ഒരു ശീലം വെച്ച് ഞാൻ കാര്യങ്ങൾ പറയും. അതാണ് ഇന്നലെയുണ്ടായത്. അതുമായി ബന്ധപ്പെട്ട് ഇന്നലെ വ്യക്തത വരുത്തിയതാണല്ലോ' എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

'മട്ടന്നൂർ എന്നത് വലിയ തോതിൽ ആളുകൾ തടിച്ചു കൂടാൻ സാധ്യതയുള്ള സ്ഥലമാണ്. സർക്കാരിന്റെ ഒരു പരിപാടിയാകുമ്പോൾ സാധാരണ രീതിയിൽ എൽഡിഎഫുകാരെല്ലാം ഒഴുകിയെത്തുമല്ലോ. എൽഡിഎഫിന് ഏറ്റവും കൂടുതൽ ആളുകളെ അണിനിരത്താൻ പറ്റുന്ന ഒട്ടേറെ പ്രദേശങ്ങളുണ്ട്. അതിൽ മുൻനിരയിലാണ് മട്ടന്നൂർ. അവിടെയുള്ള ആളുകളെ കണ്ടപ്പോൾ അവർക്ക് ഹരം തോന്നിയിട്ടുണ്ടാകും. അപ്പോഴാണ് പരിപാടി എങ്ങനെയുണ്ടെന്ന് ചോദിച്ചത്. അപ്പോഴാണ് നമ്മൾ വലിയ വലിയ ആൾക്കൂട്ടത്തെ കണ്ടു വരുന്നതു കൊണ്ട് ഏതാണ് വലിയ പരിപാടിയെന്ന് പറയാൻ പറ്റാത്ത അവസ്ഥയാണെന്ന് പറഞ്ഞത്.'

'മാധ്യമങ്ങൾക്ക് ഒരുതരം വല്ലാത്ത ബുദ്ധിയാണ് ഇക്കാര്യത്തിൽ. എന്തിനാണ് അങ്ങനെ ചെലവഴിച്ച് പോകുന്നതെന്ന് അറിയില്ല. അതിന്റെ ഉദ്ദേശം എന്താണെന്ന് അറിയില്ല. അതു നല്ലതല്ലെന്ന് മാത്രമേ പറയുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്റെ തെറ്റിദ്ധാരണയല്ല. നിങ്ങൾക്ക് തെറ്റിദ്ധാരണയാണെങ്കിൽ ആ തെറ്റിദ്ധാരണയാണെന്ന് പറയാൻ ഞാൻ തയ്യാറാകുമായിരുന്നു. നിങ്ങൾക്ക് തെറ്റിദ്ധാരണ അല്ല ഉണ്ടാകുന്നത്. നിങ്ങൾ തന്നെ ഇപ്പോൾ ചോദിക്കുന്നത് നിങ്ങൾക്ക് നിർദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാകുമല്ലോ. ആ ഉറവിടത്തെപ്പറ്റിയാണ് ഞാൻ പറയുന്നത്. അതു വേണ്ട. ആ കളി അധികം വേണ്ട.' മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിൽ സി.പിഎമ്മിന് ഏറ്റവും വലിയ ഭൂരിപക്ഷം സമ്മാനിച്ച് ചരിത്രത്തിൽ ഇടം നേടിയാണ് കെ കെ ശൈലജ ഇക്കുറി വിജിയച്ചത്. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന വിധത്തിൽ പോലും കെ കെ ശൈലജയെ അവതരിപ്പിക്കപ്പട്ടെിരുന്നു. അന്ന് മുതൽ മുഖ്യമന്ത്രിക്ക് അനിഷ്ടമുണ്ടെന്നാണ് അണിയറ സംസാരം. മട്ടന്നൂർ മണ്ഡലം നവകേരള സദസിന്റെ അദ്ധ്യക്ഷത വഹിച്ച് കൂടുതൽ സമയം സംസാരിച്ചതിന് കെ.കെ.ശൈലജ എംഎ‍ൽഎയെ പരോക്ഷമായി വിമർശിച്ച മുഖ്യമന്ത്രി, മട്ടന്നൂരിലേത് വലിയ പരിപാടിയായി തോന്നുന്നില്ലെന്നും തുറന്നടിച്ചു.

ഇവിടുത്തെ ജനങ്ങളെ നിരന്തരം കാണുന്ന അദ്ധ്യക്ഷയ്ക്ക് കൂടുതൽ സംസാരിക്കണമെന്ന് തോന്നി. ആ സമയം കുറച്ച് കൂടുതലായിപ്പോയി. 21 പേരാണ് നവകേരള സദസിലുള്ളതെങ്കിലും 3 പേർ സംസാരിക്കുകയെന്ന ക്രമമാണ് പുലർത്തിയിരുന്നത്. ആ ക്രമീകരണത്തിന് ഇവിടെ കുറച്ച് കുറവ് വന്നു. അതുകൊണ്ട് ഇനിയുള്ള സമയം ചുരുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.കെ.കെ.ശൈലജയുടെ ഭർത്താവും, മട്ടന്നൂർ നഗരസഭ മുൻ ചെയർമാനുമായ കെ.ഭാസ്‌കരനോട് നടത്തിയ സൗഹൃദ സംഭാഷണത്തിനിടെ മട്ടന്നൂരിലേത് വലിയ പരിപാടിയല്ലെന്ന് താൻ പറഞ്ഞ കാര്യം മുഖ്യമന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ചു.

എങ്ങനെയുണ്ട് പരിപാടിയെന്ന് ഭാസ്‌കരൻ മാഷ് ചോദിച്ചപ്പോൾ, വലിയ പരിപാടിയാണെന്ന് മറുപടി പറയുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്. എന്നാൽ ഒരുപാട് വലിയ പരിപാടികൾ കണ്ട തനിക്ക് ഇതൊരു വലിയ പരിപാടിയായി തോന്നുന്നില്ലെന്ന് മറുപടി നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.കെ. ശൈലജയേയും അവരുടെ ഭർത്താവിനേയും വലിയൊരു സമൂഹത്തിന് മുന്നിൽ ചെറുതാക്കി കാണിക്കുകയായിരുന്നു മുഖ്യമന്ത്രി. നവകേരള സദസ് സർക്കാർ പരിപാടിയാണെങ്കിലും അതിനായി മുഴുവൻ ഊർജവും കൊടുത്ത് സിപിഎം അവരുടെ വർഗ ബഹുജന സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. അത്തരം സാഹചര്യത്തിൽ മട്ടന്നൂരിലെ പരിപാടി ചെറുതാണെന്ന് മുഖ്യമന്ത്രിയെ തോന്നിപ്പിച്ചത് ചെറുതല്ലാത്ത കുശുമ്പല്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.